കുഞ്ചാക്കോ ബോബന്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തില്‍; ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ; ഇപ്പോള്‍ സ്‌കൂളില്‍ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ്; നിങ്ങളാ ഹാങ്ങോവറില്‍ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ; കുഞ്ചാക്കോയ്ക്ക് എതിരെ ഡി.വൈ.എഫ്.ഐ
കുഞ്ചാക്കോ ബോബന്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തില്‍
കോഴിക്കോട്: നടന്‍ കുഞ്ചാക്കോ ബോബനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. സ്‌കൂളുകളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് നടന്‍ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി രംഗത്ത്. മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂള്‍ കുട്ടികള്‍ക്കാണ് നല്‍കേണ്ടതെന്ന കുഞ്ചാക്കോ ബോബന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സരിന്‍ ശശിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.
കുഞ്ചാക്കോ ബോബന്‍ ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ ആലസ്യത്തിലാണെന്നെന്നും ആ കാലമൊക്കെ കഴിഞ്ഞെന്നും സരിന്‍ കുറിപ്പില്‍ പറഞ്ഞു. ഇപ്പോള്‍ സ്‌കൂളില്‍ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് കൊടുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. ആ ഹാങ്ങോവറില്‍നിന്ന് പുറത്തേക്ക് വരാനും എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ എന്നും സരിന്‍ ശശി കുറിപ്പില്‍ പറയുന്നു.
തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എ തുടങ്ങിയ പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രസ്താവന. വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നതെന്നും അത് മാറ്റം വരേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കുഞ്ചാക്കോ ബോബന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പിന്നാലെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, കുഞ്ചാക്കോ ബോബനെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നു. 'മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്'എന്ന രീതിയില്‍ കുഞ്ചാക്കോ ബോബന്റെ പേരിലുള്ള പ്രസ്താവന ഗ്രാഫിക്‌സ് കാര്‍ഡായി പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രി ഫേസ്ബുക് പോസ്റ്റിട്ടത്.
ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികള്‍ക്കും സന്തോഷമാവും. കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും കുറിപ്പില്‍ മന്ത്രി പറഞ്ഞു.
ഇതിന് ശേഷമാണ് ഇപ്പോള്‍ കുഞ്ചാക്കോയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് രംഗത്തുവന്നിരിക്കുന്നത്.
സരിന്‍ ശശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജയിലിലേക്കാള്‍ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്‌കൂളിലാണ് എന്ന് കഴിഞ്ഞ ദിവസം സിനിമ താരം കുഞ്ചാക്കോ ബോബന്‍
മൂപ്പര്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ് .....
ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബ
ഇപ്പോള്‍ സ്‌കൂളില്‍ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ് ....
നിങ്ങളാ ഹാങ്ങോവറില്‍ നിന്ന് പുറത്തേക്ക് വാ എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ