എപ്സ്റ്റീന്‍ ഫയലുകളില്‍ മുങ്ങിയ ആ ഫയലുകള്‍ പുറത്തേക്ക്; യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ഉള്ളത് ട്രംപിനെതിരായ ആരോപണങ്ങള്‍; ഇറാന്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ യുഎസ് പ്രസിഡന്റിനെ വെട്ടിലാക്കി 'എപ്സ്റ്റീന്‍ ഫയലുകള്‍'; പുറത്തുവന്നത് ട്രംപ് നേരത്തെ തെറ്റെന്ന് പറഞ്ഞ് തള്ളിയ ആരോപണങ്ങള്‍
എപ്സ്റ്റീന്‍ ഫയലുകളില്‍ മുങ്ങിയ ആ ഫയലുകള്‍ പുറത്തേക്ക്
വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യു എസ് പുറത്തുവിട്ട രേഖകളില്‍നിന്ന് ഒഴിവാക്കിയ, ട്രംപുമായി ബന്ധപ്പെട്ട ലൈംഗിക പരാതിയുടെ വിവരങ്ങള്‍ പുറത്തേക്ക്. ഇറാനുമായുള്ള യുദ്ധം കൊടുമ്പിരി കൊള്ളവേയാണ് ട്രംപിനെ വെട്ടിലാക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. 1980കളില്‍ താന്‍ കുട്ടിയായിരിക്കെ എപ്സ്റ്റീനും ട്രംപും തന്നെ ഉപദ്രവിച്ചുവെച്ചുവെന്ന് ഒരു യുവതി 2019-ല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുഎസ് അന്വേഷണ ഏജന്‍സി എഫ് ബി ഐ ഇവരുടെ മൊഴി നാല് തവണ രേഖപ്പെടുത്തി. മൊഴിയുടെ സംഗ്രഹവും എഫ് ബി ഐ തയ്യാറാക്കിയിരുന്നു.
എന്നാല്‍, സമ്പൂര്‍ണ്ണമെന്ന് അവകാശപ്പെട്ട് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ ഈ രേഖകളൊന്നും ഇല്ലായിരുന്നു. ട്രംപിനെക്കുറിച്ചുള്ള പരാതി ഹ്രസ്വമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും പ്രധാന വിവരങ്ങള്‍ മുക്കി. ഇവരുടെ മൊഴിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല മെമ്മോകളും ഫയലുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എപ്സ്റ്റീന്‍ ഫയലുകളിലെ പേജ് നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ഈ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട 50-ലധികം പേജുകള്‍ കാണാനില്ലെന്ന് മുമ്പും ന്യൂയോര്‍ക്ക് ടൈംസ്' കണ്ടെത്തിയിരുന്നു.
ഇത് വിവാദമായതിനെ തുടര്‍ന്നാണ് യുവതി എഫ് ബി.ഐയ്ക്ക് നല്‍കിയ നാല് മൊഴിപ്പകര്‍പ്പുകള്‍ ഇപ്പോള്‍ നീതിന്യായ മന്ത്രാലയം പുറത്തുവിട്ടത്. മറ്റ് രേഖകളുടെ പകര്‍പ്പുകള്‍ ആണെന്ന ഉദ്യോഗസ്ഥരുടെ തെറ്റായ നിഗമനത്തെത്തുടര്‍ന്നാണ് ഇവ നേരത്തെ നല്‍കാതിരുന്നതെന്ന് നീതീന്യായ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. സമാനമായ രീതിയില്‍ മറ്റ് 10 രേഖകള്‍ കൂടി ഇങ്ങനെ അബദ്ധത്തില്‍ ഒഴിവാക്കിയതായും പ്രസ്താവനയില്‍ പറയുന്നു.
കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ തന്നെ ന്യൂയോര്‍ക്കിലേക്കോ ന്യൂജേഴ്സിയിലേക്കോ കൊണ്ടുപോയി ട്രംപിന് പരിചയപ്പെടുത്തിയതായി മൊഴിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വര്‍ഷങ്ങളായി തനിക്കും തന്റെ അടുപ്പക്കാര്‍ക്കും ഭീഷണി കോളുകള്‍ ലഭിച്ചതായും മൊഴിയിലുണ്ട്. ട്രംപിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ നീതിന്യായ വകുപ്പ് പുറത്തുവിടുന്നില്ലെന്ന് യുഎസ് മാധ്യമമായ എന്‍പിആര്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് രേഖകള്‍ പുറത്തുവിട്ടത്.
അതേസമയം, എപ്സ്റ്റീന്‍ ഫയലിലെ ആരോപണങ്ങള്‍ തെറ്റാണെന്ന് ട്രംപ് അവകാശപ്പെട്ടു. മുന്‍പും ഈ ആരോപണം ട്രംപ് നിഷേധിച്ചതാണ്. നേരത്തെ പുറത്തുവിട്ടവയില്‍ നിന്ന് 47,635 എപ്സ്റ്റീന്‍ ഫയലുകള്‍ പിന്‍വലിച്ചിരുന്നുവെന്ന് നീതിന്യായ വകുപ്പ് സമ്മതിച്ചിരുന്നു. ഇവ ഉള്‍പ്പെടെയാണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്. വ്യാഴാഴ്ച പുറത്തുവിട്ട മെമ്മോകളുടെ ഇന്‍ഡക്സ് നീതിന്യായ വകുപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു.
യുവതിയുടെ പരാതികളുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ നാല് അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഓരോ സംഭാഷണത്തിന്റെയും സംഗ്രഹം തയ്യാറാക്കിയിട്ടുണ്ടെന്നും ഇന്‍ഡെക്സില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യം പുറത്തുവിട്ട രേഖകളില്‍, എപ്സ്റ്റീന്‍ പീഡിപ്പിച്ചതിനെക്കുറിച്ച് വിവരിക്കുന്ന ഒരൊറ്റ അഭിമുഖം മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. ഇത് ബാക്കിയുള്ള മൂന്ന് അഭിമുഖങ്ങള്‍ എവിടെപ്പോയി എന്ന ചോദ്യം ഉയര്‍ത്തി. അവ മറ്റ് എവിടെയോ പ്രസിദ്ധീകരിച്ച പകര്‍പ്പുകള്‍ ആണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ പുനപരിശോധനയില്‍ ആ നിഗമനം തെറ്റാണെന്ന് ബോധ്യപ്പെട്ടതായി നീതിന്യായ വകുപ്പ് അറിയിച്ചു.
രേഖകള്‍ മുക്കിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രംപ് ഭരണകൂടം നിയമപ്രകാരമുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്ന് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശിച്ചു. ഇരകളും സമാനമായ വിമര്‍ശനം ഉന്നയിച്ചു. നവംബറില്‍ കോണ്‍ഗ്രസ് പാസാക്കിയ 'എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പാരന്‍സി ആക്ട്' പ്രകാരം, ഇരകളുടെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ ഫയലുകളും പുറത്തുവിടാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്.
വ്യാഴാഴ്ച നീതിന്യായ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍, ആ രേഖകള്‍ക്ക് പുറമെ, 'പകര്‍പ്പുകള്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയ' മറ്റ് പത്തോളം രേഖകള്‍ കൂടി കണ്ടെത്തിയതായി സമ്മതിച്ചു. കൂടാതെ, ഫ്ലോറിഡയിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ 'അതീവരഹസ്യം' എന്ന് ആദ്യം അടയാളപ്പെടുത്തിയ അഞ്ച് പ്രോസിക്യൂഷന്‍ മെമ്മോകള്‍ കൂടി ചില ഭാഗങ്ങള്‍ നീക്കം ചെയ്തുകൊണ്ട് പുറത്തുവിടാമെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി.
രണ്ട് പേര്‍ക്കെതിരെയാണ് പ്രധാനമായും യുവതി പരാതി നല്‍കിയിരുന്നത്. ഒന്ന്, എപ്സ്റ്റീനെതിരെ. എപ്സ്റ്റീന്‍ മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാവാത്ത സമയത്ത് പലതവണ ബലാല്‍സംഗം ചെയ്‌തെന്നാണ് ആ പരാതി. രണ്ടാമത്തേത് എപ്സ്റ്റീനുമായി അടുത്ത ബന്ധമുള്ള ട്രംപിനെതിരെയാണ്. ട്രംപ് തന്നെ പ്രായപൂര്‍ത്തിയാവാത്ത കാലത്ത് ബലാല്‍സംഗം ചെയ്തു എന്നാണ് അവരുടെ പരാതി. എപ്സ്റ്റീന്റെ ആദ്യ അറസ്റ്റിന് പിന്നാലെ 2019-ലാണ് യുവതി പരാതിയുമായി മുന്നോട്ടുവന്നത്.തുടര്‍ന്ന് എഫ് ബി ഐ കേസ് അന്വേഷിച്ചു. നാല് തവണയായി ഇവരുടെ വിശദമായ മൊഴി എടുത്തു. ഈ മൊഴികളുടെ സംഗ്രഹവും എഫ് ബി ഐ തയ്യാറാക്കി.
ഇക്കാര്യം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, യുവതി ട്രംപിനെതിരായി നല്‍കിയ മൊഴികളും സംഗ്രഹങ്ങളും പുറത്തുവിട്ട ഫയലുകളില്‍നിന്നും വെട്ടിമാറ്റി. എന്നാല്‍, പുറത്തുവിട്ട ഫയലുകളില്‍ ഇവരുടെ മൊഴിയെക്കുറിച്ചുള്ള 2025-ലെ ഒരു പരാമര്‍ശവും മറ്റ് പ്രമുഖര്‍ക്കെതിരായ ആരോപണങ്ങളും അടങ്ങിയിട്ടുണ്ട്. എപ്‌സ്റ്റെന്‍ ഫയലുകളുടെ ഇന്‍ഡക്‌സില്‍ ഈ യുവതിയുടെ മൊഴിയുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പരാമര്‍ശിക്കുന്നുണ്ട്.
