ശ്രീധരനെ വെട്ടാന്‍ 'കമ്മീഷന്‍' മോഹികള്‍; അതിവേഗ പാതയില്‍ പിണറായി-ശ്രീധരന്‍ പോര് മുറുകുന്നതിന് പിന്നില്‍ നിര്‍മ്മാണ കരാര്‍ ഇഷ്ടക്കാര്‍ക്ക് കിട്ടില്ലെന്ന തിരിച്ചറിവ്; ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം ചെറുക്കാന്‍ മെട്രോമാനും; കൊച്ചി മെട്രോ കാലത്ത് കണ്ടത് വീണ്ടും ആവര്‍ത്തിക്കുന്നു; ശ്രീധര വിജയം വീണ്ടും ഉണ്ടാകുമോ?

Update: 2026-01-30 08:16 GMT

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ അതിവേഗ റെയില്‍ പദ്ധതിയെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും മെട്രോമാന്‍ ഇ. ശ്രീധരനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആര്‍ആര്‍ടിഎസ് പദ്ധതിയെ 'സിമ്പിള്‍ വേസ്റ്റ്' എന്ന് ശ്രീധരന്‍ വിശേഷിപ്പിച്ചതോടെയാണ് തര്‍ക്കം പരസ്യമായത്. എന്നാല്‍ ഈ വാക്‌പോരിന് പിന്നില്‍ വര്‍ഷങ്ങളായി തുടരുന്ന 'കമ്മീഷന്‍' രാഷ്ട്രീയമാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

പദ്ധതികള്‍ ഡിഎംആര്‍സി വഴി നടപ്പാക്കണമെന്നതാണ് ഇ. ശ്രീധരന്റെ ഉറച്ച നിലപാട്. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സി പദ്ധതികള്‍ ഏറ്റെടുത്താല്‍ അഴിമതിക്കോ കമ്മീഷനോ പഴുതില്ല. കൊച്ചി മെട്രോയുടെ നിര്‍മ്മാണ വേളയില്‍ ശ്രീധരനെ ഒഴിവാക്കാന്‍ അന്നത്തെ ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ശ്രമിച്ചതും ഇതിനാലാണെന്ന് ആരോപണമുണ്ട്. നിലവിലെ മന്ത്രി വി. ശിവന്‍കുട്ടി അന്ന് ശ്രീധരനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇന്നും ചര്‍ച്ചയാണ്.

തിരുവനന്തപുരത്തെ മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍ പ്രതിസന്ധിയിലായതിന് പിന്നിലും ശിവന്‍കുട്ടി അടക്കമുള്ളവരുടെ പ്രതിഷേധമായിരുന്നു. ഇതോടെ ശ്രീധരന്‍ പദ്ധതിയില്‍ന ിന്നും പതിയെ പിന്മാറി. ഇതേ സാഹചര്യം അതിവേഗ റെയിലില്‍ ഉണ്ടാക്കാനുള്ള നടപടികള്‍ ഇനിയും ഉണ്ടാകും. ഡിഎംആര്‍സി പൊതുമേഖലാ സ്ഥാപനമായതിനാല്‍ ടെന്‍ഡര്‍ പോലും വിളിക്കാതെ പണി അവര്‍ക്ക നല്‍കാം. ഇത് സമയ ലാഭമുണ്ടാക്കും. പണി തുടങ്ങിയാല്‍ നാലു കൊല്ലം കൊണ്ട് വിസ്മയം കൊണ്ടു വരുമെന്നാണ് ശ്രീധരന്റെ പ്രഖ്യാപനം. പറയുന്നത് ചെയ്യുന്ന വ്യക്തിയാണ് ശ്രീധരന്‍. അതുകൊണ്ട് തന്നെ ആ വാക്കുകളെ അവിശ്വസിക്കേണ്ടതുമില്ല.

അതിവേഗ റെയില്‍ പദ്ധതിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഉള്‍പ്പെടെയുള്ള തങ്ങള്‍ക്ക് താല്പര്യമുള്ള ഏജന്‍സികളുടെ പങ്കാളിത്തമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ശ്രീധരനും ഡിഎംആര്‍സിയും പദ്ധതി നിയന്ത്രിച്ചാല്‍ ഇത്തരം കരാറുകളില്‍ രാഷ്ട്രീയ ഇടപെടലോ കമ്മീഷനോ സാധ്യമാകില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തിലും ശ്രീധരനെ മാറ്റിനിര്‍ത്തിയത് ഇതേ കാരണത്താലാണെന്ന് സൂചനയുണ്ട്. ഈ 'കമ്മീഷന്‍ പേടി'യാണ് ശ്രീധരനെ പദ്ധതിയില്‍ നിന്ന് അകറ്റാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് പദ്ധതിയെ തള്ളി, കേന്ദ്രം നേരിട്ട് അതിവേഗ പാത നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്നാണ് വസ്തുത. കേന്ദ്ര ബജറ്റില്‍ ഇതിനായുള്ള നിര്‍ണ്ണായക പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം ഇ. ശ്രീധരനെ മുന്‍നിര്‍ത്തിയായിരിക്കും കേന്ദ്രം പദ്ധതി നയിക്കുക. ഡിഎംആര്‍സി വഴി നടപ്പാക്കുന്നതിലൂടെ അഴിമതി ആരോപണങ്ങള്‍ ഒഴിവാക്കാം. ഇതോടെ പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റും കേന്ദ്രത്തിലേക്ക് പോകും.

വികസന പദ്ധതിയെന്ന നിലയില്‍ ഇതിനെ എതിര്‍ക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ല. സ്ഥലം ഏറ്റെടുക്കുന്ന ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ സഹായം അനിവാര്യമായതിനാല്‍, വരും ദിവസങ്ങളില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വലിയ ക്രെഡിറ്റ് പോരിന് കേരളം സാക്ഷ്യം വഹിക്കും. അഴിമതിയില്ലാത്ത പദ്ധതി നടപ്പാക്കാന്‍ ശ്രീധരന്‍ വേണമെന്ന കേന്ദ്രത്തിന്റെ വാശിയും കമ്മീഷന്‍ ലാഭമുള്ള പദ്ധതികള്‍ വേണമെന്ന സംസ്ഥാനത്തിന്റെ നിലപാടും തമ്മിലുള്ള പോരാട്ടമായി ഇത് മാറുകയാണ്.

Tags:    

Similar News