'വാരിയംകുന്നനായി എമ്പുരാന്‍' ചോദ്യം ഉയര്‍ത്തി ആര്‍ എസ് എസ് നേതാവ് നന്ദകുമാറും; ഖുറേഷി എബ്രഹാമിന്റെ കഥ കാണാന്‍ പോയവര്‍ ചമ്മിയെന്നും സയ്യിദ് മസൂദിന്റെ കഥയാണ് കൂടുതലായി പറയുന്നതെന്നും പരിവാര്‍ വിമര്‍ശനം; ബിനീഷിന്റെ പുകഴ്ത്തല്‍ വിനയായോ? വിവാദങ്ങളില്‍ മോഹന്‍ലാല്‍ അതൃപ്തിയില്‍; എമ്പുരാനില്‍ സൈബര്‍ പോര്

Update: 2025-03-28 02:00 GMT

കൊച്ചി: 'എമ്പുരാനെ'ച്ചൊല്ലി ഇടത്-സംഘപരിവാര്‍ അനുകൂലികള്‍തമ്മില്‍ സൈബര്‍പ്പോര് തുടരുന്നു. സിനിമയുടെ കളക്ഷനെ അടക്കം ഇത് ബാധിക്കുമെന്ന് സൂചനകളുണ്ട്. ഈ ചര്‍ച്ചകളില്‍ നടന്‍ മോഹന്‍ലാല്‍ കടുത്ത അതൃപ്തിയിലാണ്. അനാവശ്യ വിവാദങ്ങള്‍ സിനിമയിലേക്ക് വലിച്ചിഴച്ചുവെന്നാണ് മോഹന്‍ലാലിന്റെ പക്ഷം. സിനിമയുടെ രാഷ്ട്രീയത്തെ അഭിനന്ദിക്കുന്നകുറിപ്പുമായി മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയാണ് ആദ്യം സാമൂഹികമാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയത്. ബിനീഷിന്റെ അഭിനന്ദനം സിനിമയെ പ്രതികൂലമായി ബാധിക്കുമോ എന്ന് അറിയാന്‍ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. ഏതായാലും മുഖ്യധാരാ പത്രങ്ങള്‍ പോലും ഈ സൈബര്‍ പോര് വാര്‍ത്തയാക്കുന്നുണ്ട്.

ബിനീഷിന്റെ പോസ്റ്റിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തിനെതിരേ രൂക്ഷ ആക്രമണംതുടങ്ങി. നേതാക്കളെ അപാനിക്കുന്നെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് അതിലുള്ളതെന്നുമാണ് അവരുടെ ആരോപണം. ചിത്രത്തിന്റെ ബുക്കുചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍സഹിതമായിരുന്നു പലരുടെയും രോഷപ്രകടനമെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. ചിത്രം ഇഷ്ടമുള്ളവര്‍ക്ക് കാണാം അല്ലാത്തവര്‍ക്ക് കാണാതിരിക്കാം എന്നായിരുന്നു ബിജെപി സംസ്ഥാനസെക്രട്ടറി എം.ടി. രമേശിന്റെ പ്രതികരണം. സിനിമയെ സിനിമയായിക്കാണണമെന്നും അതിനുള്ള സാമാന്യബുദ്ധി കേരളത്തിലുള്ളവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അഭിപ്രായ പ്രകടനവും ഏറെ ചര്‍ച്ചയായി. 'എമ്പുരാനെ' കാണണമല്ലോ എന്നായിരുന്നു മുന്‍ ബിജെപി നേതാവും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സൈബര്‍മുഖവുമായ സന്ദീപ് വാരിയരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 'കാണേണ്ടതാണ്' എന്ന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍പ്രസിഡന്റ് പി.പി. ദിവ്യയും കുറിപ്പിട്ടു. ഇതോടെ സൈബര്‍ പോര് പുതിയ തലത്തിലേക്ക് എത്തി.

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സമൂഹമാധ്യമത്തില്‍ എമ്പുരാനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റ് വലിയ ചര്‍ച്ചയാകുന്നു. 'വാരിയംകുന്നനായി എമ്പുരാന്‍' -അലങ്കാരം ഉപമയോ ഉല്‍പ്രേക്ഷയോ? എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുള്ള പോസ്റ്റാണ് ജെ. നന്ദകുമാര്‍ പങ്കുവെച്ചത്. ആര്‍ എസ് എസിന്റെ രാജ്യത്തെ പ്രധാന പ്രചാരകനാണ് നന്ദകുമാര്‍. കേരളത്തില്‍ നിന്നുള്ള ഏറ്റവും മുതിര്‍ന്ന ആര്‍ എസ് എസ് നേതാവിന്റെ പോസ്റ്റ് ഏറെ ചര്‍ച്ചയാകുന്നുണ്ട്. വാരിയം കുന്നനെ വലിയൊരു സാമൂഹ്യവിമോചകനായി ചിത്രീകരിക്കാന്‍ വേണ്ടി ആഷിക് അബുവിന്റെ സംവിധാനത്തില്‍ 100 കോടിയുടെ ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യഥാര്ത്ഥ വാരിയംകുന്നന്‍ നിരവധി ഹിന്ദുക്കളെ കൊലചെയ്ത ഹിന്ദുവിരുദ്ധനാണെന്ന കാമ്പയിന്‍ കേരളത്തില്‍ ഉയര്‍ന്നതോടെ ഈ സിനിമ ആഷിക് അബു ഉപേക്ഷിച്ചു. ആ സിനിമയില്‍ വാരിയംകുന്നന്‍ തന്നെയാണ് ഇപ്പോള്‍ എമ്പുരാരായി വന്നത് എന്ന് ജെ. നന്ദകുമാര്‍ പറയുമ്പോള്‍ അതില്‍ പറയാനിരുന്ന രാഷ്ട്രീയം തന്നെയാണ് എമ്പുരാനിലും കൊണ്ടുവന്നിരിക്കുന്നതെന്ന സൂചനയാണ് ആര്‍ എസ് എസ് നേതൃത്വവും നല്‍കുന്നത്.

പൊതുവേ ഹിന്ദുവിരുദ്ധ സിനിമയാണ് എമ്പുരാന്‍ എന്ന സൂചന തന്നെയാണ് ജെ. നന്ദകുമാര്‍ നല്കുന്നത്. 2002ലെ ഗുജറാത്തിലെ ഗോദ്ര കലാപത്തെക്കുറിച്ച് ഏകപക്ഷീയമായി ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉള്ളതായി വിമര്‍ശനം ഉയരുന്നുവെന്നാണ് ആര്‍ എസ് എസ് പത്രമായ ജന്മഭൂമി പറയുന്നത്. ഗോധ്ര കലാപത്തില്‍ ഹിന്ദു വിഭാഗമാണ് അക്രമം അഴിച്ചുവിട്ടതെന്ന രീതിയില്‍ സൂചനകളുള്ളതായി പരാതി ഉയരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന് മറ്റൊരു മുഖമുണ്ടെന്നും അതാണ് ഖുറേഷി എബ്രഹാം എന്നും ലൂസിഫറില്‍ പറഞ്ഞതിനാല്‍ എമ്പുരാനില്‍ ആ ഖുറേഷി എബ്രഹാമിന്റെ കഥ കാണാന്‍ പോയവര്‍ ചമ്മിയെന്ന് ജന്മഭൂമി എഴുതുന്നു. പകരം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന സയ്യിദ് മസൂദിന്റെ കഥയാണ് എമ്പുരാനില്‍ കൂടുതലായി പറയുന്നത്. ആ കഥ എന്തിനാണ് ഇത്ര പ്രാധാന്യത്തോടെ കൊണ്ടുവരുന്നത് എന്നതാണ് അത്ഭുതമായിരിക്കുന്നത്. ഇഡിയും എന്‍ഐഎയും അധികാരദുര്‍വിനിയോഗത്തിനായി ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെ രാജ്യദ്രോഹപ്രവര്‍ത്തനമായും ചിലര്‍ വിമര്‍ശിക്കുന്നുവെന്നാണ് ജന്മഭൂമിയിലെ ലേഖനം പറയുന്നത്.

വ്യാഴാഴ്ച ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സാമൂഹികമാധ്യമത്തിലൂടെ ചിത്രത്തിന് ആശംസനേര്‍ന്നിരുന്നു. 'വരുംദിനങ്ങളില്‍ ഞാനും എമ്പുരാനെ കാണുന്നുണ്ട്' എന്നായിരുന്നു അദ്ദേഹം മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. ന്നാല്‍, വിവാദമുയര്‍ന്നതോടെ ഇതിനുകീഴില്‍ സിപിഎം അനുകൂലികള്‍ പരിഹാസകമന്റുകളിടുന്നുണ്ട്. റിലീസിന് ശേഷം ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചിട്ടില്ല. വിവാദം ഒഴിവാക്കാനാണ് ഇത്. അതേസമയം, റിലീസിന് തൊട്ടുപിന്നാലെ എമ്പുുരാന്റെ വ്യാജപ്പതിപ്പ് സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതും സിനിമയെ ബാധിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

കേരളത്തില്‍ മാത്രം എഴുന്നൂറ്റമ്പതോളം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. വ്യാഴം രാവിലെ ആറിനായിരുന്നു ആദ്യ പ്രദര്‍ശനം. ബുധന്‍ രാത്രിതന്നെ മോഹന്‍ലാലിന്റെ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. മലയാള സിനിമയിലെ പല റെക്കോഡുകളും 'എമ്പുരാന്‍' തകര്‍ത്തു. റിലീസ് ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ചിത്രം 50 കോടി രൂപ നേടിയിരുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ചിത്രം ആദ്യദിനത്തില്‍ ഇത്രയും വലിയ തുക നേടുന്നത്. 60 കോടിയിലേറെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങും സിനിമയ്ക്ക് ലഭിച്ചതായാണ് വിവരം. വിവാദങ്ങള്‍ കാരണം ഈ സിനിമയുടെ ഭാവിയില്‍ ആശങ്ക ശക്തമാണ്.

ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍താരനിരയും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് എത്തി. കൊച്ചിയിലെ കവിത തിയറ്ററിലാണ് പൃഥിരാജ്, മോഹന്‍ലാല്‍, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയവരും ആദ്യഷോ കാണാനെത്തിയത്. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍.


Full View
Tags:    

Similar News