റീ എഡിറ്റിംഗില്‍ 'ഇഴച്ചില്‍ കുറയ്ക്കും' വിധം സമയം കുറയുമെന്ന പ്രതീക്ഷയും തെറ്റി; ആകെ കുറഞ്ഞത് 2.08 മിനിറ്റ് മാത്രം; റീ സെന്റിംഗ് വെറും കണ്ണില്‍ പൊടിയിടലോ? ബോക്‌സ് ഓഫീസ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം കളക്ഷനുള്ളത് രാജ്യത്ത് കേരളത്തില്‍ മാത്രം; എമ്പുരാന്റെ പുതിയ പതിപ്പ് തിയേറ്ററില്‍ എത്തുമ്പോള്‍
തിരുവനന്തപുരം: 'എമ്പുരാന്‍' സിനിമയുടെ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദര്‍ശനം ആരംഭിച്ചു. തിരുവനന്തപുരം ആര്‍ടെക് മാളില്‍ 11.25നുള്ള ഷോയില്‍ റീ എഡിറ്റ് ചെയ്ത പതിപ്പാണ് പ്രദര്‍ശിപ്പിച്ചത്. പുതിയ പതിപ്പ് എല്ലാ തിയറ്ററുകളിലും ഇനി പ്രദര്‍ശിപ്പിക്കും. സിനിമയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ സീനുകള്‍ മുറിച്ചുനീക്കി. പേര് ഉള്‍പ്പെടെ 24 മാറ്റങ്ങളാണുള്ളത്. പേരിലെ മാറ്റം ചിത്രത്തില്‍ 14 ഇടങ്ങളിലുണ്ട്. ഇത്തരത്തില്‍ വിശദമായി കണക്കുകൂട്ടുമ്പോള്‍ മൊത്തം 38 ഇടങ്ങളില്‍ മാറ്റമുണ്ട്. എമ്പുരാന്‍ സിനിമ അസഹനീയ ഇഴച്ചില്‍ അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ റീ എഡിറ്റിംഗിലൂടെ വലിയ സമയക്കുറവുണ്ടാകുമെന്നും അത് സിനിമയെ കൂടുതല്‍ മെച്ചമാക്കുമെന്നും കരുതിയവരുണ്ട്. എന്നാല്‍ വെറും 2.08 മിനിറ്റ് കുറഞ്ഞെന്നും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കില്ലെന്നും നിര്‍മാതാക്കള്‍ പറയുമ്പോള്‍ സിനിമയുടെ 'ലാഗ്' മാറില്ലെന്ന് ഉറപ്പാണ്. അനാവശ്യ രംഗങ്ങള്‍ കുത്തി നിറച്ചതാണ് ഇതിനെല്ലാം കാരണം.
ദൃശ്യങ്ങളില്‍ 13 വെട്ടും വര്‍ഗീയകലാപം കാണിക്കുന്ന ആദ്യ അര മണിക്കൂറിലാണ്. ഇവിടെ കൃത്യം കാലഘട്ടം പരാമര്‍ശിക്കുന്നതു മാറ്റി 'കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്' എന്നാക്കി. കലാപ ഭാഗത്തെ ഒരു കൊലപാതക ദൃശ്യവും പ്രധാന വില്ലന്‍ ഉള്‍പ്പെട്ട 2 ദൃശ്യങ്ങളും ചില സംഭാഷണങ്ങളും മതചിഹ്നങ്ങളുടെ പശ്ചാത്തലമുള്ള സീനുകളും ഒഴിവാക്കി. ആദ്യ പകുതിയില്‍ വില്ലനും മുഖ്യ സഹായിയും തമ്മിലുളള സംഭാഷണത്തിലെ 13 സെക്കന്‍ഡും വെട്ടി. സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ പേരു മാറ്റി. 'ബാബ ബജ്‌റംഗി' എന്ന ബല്‍രാജ് എന്ന പേര് പരാമര്‍ശിക്കുന്ന ഇടങ്ങളില്‍ 'ബല്‍ദേവ്' എന്നാണു മാറ്റം വരുത്തിയിരിക്കുന്നത്. തുടക്കത്തിലെ നന്ദികാര്‍ഡില്‍നിന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയും പേര് ഒഴിവാക്കി. പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. ദേശീയപതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം ഒഴിവാക്കി. കേന്ദ്ര ഏജന്‍സിയായ എന്‍ഐഎയെക്കുറിച്ചു പറയുന്നിടത്ത് ശബ്ദം മ്യൂട്ട് ചെയ്തു. റെയ്ഡിനെത്തുന്ന വാഹനത്തില്‍ എന്‍ഐഎയുടെ ബോര്‍ഡ് കാണിക്കുന്ന ദൃശ്യവും ഒഴിവാക്കി. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. അവധിദിനമായിരുന്നിട്ടും ഞായറാഴ്ച റീഎഡിറ്റഡ് പതിപ്പ് കണ്ട് സെന്‍സര്‍ ബോര്‍ഡ് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. എനിട്ടും രണ്ടും ദിവസം കഴിഞ്ഞാണ് പുതിയ പതിപ്പ് തിയേറ്ററില്‍ എത്തിക്കുന്നത്. വിവാദങ്ങള്‍ സജീവമാക്കി പരമാവധി കളക്ഷന്‍ അവധി ദിനങ്ങളില്‍ എമ്പുരാന്‍ നേടുകയും ചെയ്തു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും എമ്പുരാന്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇവിടങ്ങളില്‍ നിന്നും റിലീസ് ചെയ്ത നാല് ദിവസത്തില്‍ എമ്പുരാന്‍ നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ബോക്‌സ് ഓഫീസ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ മാത്രമാണ് എമ്പുരാന്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടുള്ളത്. 50 കോടിയാണ് കേരളത്തില്‍ നിന്നും എമ്പുരാന്‍ നേടിയത്. ഏറ്റവും കുറവ് കളക്ഷന്‍ ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ്. 3.1 മാത്രമാണ് ഇവിടെ നിന്നും ചിത്രത്തിന് നേടാനായത്. ആദ്യദിനം 1.5 കോടി നേടിയപ്പോള്‍ മറ്റ് രണ്ട് ദിവസങ്ങളില്‍ അഞ്ച് ലക്ഷവും നാലാം ദിനം ആറ് ലക്ഷവും മാത്രമാണ് എമ്പുരാന് നേടാനായത്. കര്‍ണാടകയില്‍ നിന്നും 9.35 കോടി എമ്പുരാന്‍ കളക്ട് ചെയ്തിട്ടുണ്ട്. ആദ്യദിനം 4 കോടിയാണ് എമ്പുരാന്‍ കന്നഡ പതിപ്പ് നേടിയത്. 1.3 കോടി, 2.25 കോടി, 1.8 എന്നിങ്ങനെയാണ് മറ്റ് ദിനങ്ങളിലെ കളക്ഷന്‍.
വന്‍ കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിച്ച തമിഴ്‌നാട് തണുത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നത്. 5.95 കോടിയാണ് സംസ്ഥാനത്ത് നിന്നും നാല് ദിവസത്തില്‍ ലഭിച്ചത്. ആദ്യദിനം 2.25 കോടി നേടിയപ്പോള്‍, രണ്ടാം ദിനം 9 ലക്ഷമാണ് എമ്പുരാന് തമിഴ്‌നാട് നേടാനായത്. 1.3 കോടി, 1.5 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളില്‍ ചിത്രം നേടിയിരിക്കുന്നത്. വിക്രം ചിത്രം ധീര സൂര വീരന്‍ തിയറ്ററില്‍ ഉള്ളതും എമ്പുരാന് തമിഴകത്ത് ഭീഷണിയായിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. ഇതെല്ലാം കൂട്ടുമ്പോള്‍ എങ്ങനെയാണ് സിനിമ 200 കോടി ക്ലബ്ബിലെത്തിയത് എന്ന് ആര്‍ക്കും വ്യക്തമാകുന്നില്ല. ഓരോ രാജ്യത്തും എമ്പുരാന്‍ നേടിയ കളക്ഷന്‍ പ്രത്യേകമായി നിര്‍മ്മാതാക്കള്‍ പുറത്തു പറയുന്നുമില്ല. ചിത്രം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിച്ചുവെന്നും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നുമാണ് നിര്‍മ്മതാക്കള്‍ പറയുന്നത്.
മോഹന്‍ലാലാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാന്‍ 200 കോടി ക്ലബിലെത്തിയത്. എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചുവെന്നാണ് പ്രത്യേക പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്. മുരളി ഗോപിയുടേതാണ് തിരക്കഥ. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.