വിദ്വേഷ പ്രചരണങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനം; രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാ കുലരാക്കിയിരിക്കുന്നതെന്ന് പിണറായി; എമ്പുരാന്‍ സിനിമയിലെ 'രാഷ്ട്രീയം' മുഖ്യമന്ത്രിക്കും പിടികിട്ടി; എമ്പുരാന് പിന്തുണയുമായി പിണറായി
തിരുവനന്തപുരം: എമ്പുരാന്‍ സിനിമയ്‌ക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണെന്നും അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
'മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാന്‍ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ വര്‍ഗീയത അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികള്‍ മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ്'- മുഖ്യമന്ത്രി കുറിച്ചു.
ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് സിനിമയുടെ റീസെന്‍സറിംഗിനും വെട്ടിത്തിരുത്തലുകള്‍ക്കും നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രി കുടുംബസമേതം പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ കണ്ടിരുന്നു. ലുലുവില്‍ ശനി വൈകിട്ടത്തെ ഷോയാണ് കണ്ടത്. സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് നിര്‍മാതാക്കള്‍ സിനിമയിലെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിനിമ കാണാനെത്തിയത്. ഇതിന് ശേഷമാണ് ചിത്രത്തെ അനുകൂലിച്ചുള്ള പ്രതികരണം. അതിനിടെ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചിത്രത്തിന്റെ റീ എഡിറ്റിങ്ങ് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ലെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. റീ എഡിറ്റിങ്ങ് ആവശ്യം ഉന്നയിച്ച് നിര്‍മാതാക്കള്‍ ഇതുവരെ സെന്‍സര്‍ ബോര്‍ഡില്‍ അപേക്ഷ നല്‍കിയിട്ടില്ല. ഓണ്‍ലൈന്‍ വഴിയാണ് നിര്‍മാതാക്കള്‍ റീ എഡിറ്റിങ്ങ് ആവശ്യം അറിയിക്കേണ്ടത്. എന്നാല്‍ ഇതുവരേയും സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ അപേക്ഷ ലഭിച്ചിട്ടില്ല. അവധി ആയതു കൊണ്ടാണ് ഇതെന്നാണ് സൂചന.
റീ എഡിറ്റിങ്ങ് ആവശ്യമാണെങ്കില്‍ വോളണ്ടറി മോഡിഫിക്കേഷന്‍ എന്ന രീതിയാണ് സെന്‍സര്‍ ബോര്‍ഡില്‍ ഉള്ളത്. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന നിര്‍മാതാക്കളുടെ അപേക്ഷയിലാണ് വോളണ്ടറി മോഡിഫിക്കേഷന്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുക. അപേക്ഷ ലഭിക്കുന്ന പക്ഷം സെന്‍സര്‍ ബോര്‍ഡ് ചിത്രം വീണ്ടും കണ്ട ശേഷമാകും ചിത്രത്തിന്റെ പുതിയ പതിപ്പ് തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുക. മാര്‍ച്ച് 27-നാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ എമ്പുരാന്‍ റിലീസിനെത്തുന്നത്. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തീപിടിക്കുന്നത്. വ്യാപക പ്രതിഷേധത്തിന് പിന്നാലെ എമ്പുരാനില്‍ സ്വന്തം നിലയില്‍ മാറ്റം വരുത്താന്‍ സെന്‍സര്‍ബോര്‍ഡിനെ നിര്‍മാതാക്കള്‍ സമീപിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കലാപദൃശ്യങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമടക്കം 17 ഭാഗങ്ങളില്‍ മാറ്റം വരുത്തുകയും ചിലപരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യുമെന്നും ഒപ്പം വില്ലന്റെ പേരും മാറ്റി തിങ്കളാഴ്ചയോടെയാണ് വോളന്ററി മോഡിഫിക്കേഷന്‍ പൂര്‍ത്തിയാവുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വില്ലന്റെ പേര് മാറ്റം അത്ര എളുപ്പമല്ലെന്നും സൂചനയുണ്ട്.
ഇതിനിടെ എമ്പുരാന്‍ കാണില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കെ ചിത്രം കാണുമെന്ന് നേരത്തെ അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഫെയിസ്ബുക്കിലൂടെയാണ് എമ്പുരാന്‍ താന്‍ കാണാത്തതിന്റെ കാരണമടക്കം വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ചത്.