ഐഎഎസ് തമ്മിലടിയും ട്രോളി ബാഗിലെ കള്ളപ്പണവും ചര്‍ച്ചകളില്‍ നിന്ന് അകന്നു; 'കട്ടന്‍ ചായയും പരിപ്പുവടയും' മതി അജണ്ടയെന്ന നിലപാടില്‍ മുഖ്യമന്ത്രി; ഇപിയെ പിന്തുണച്ച് നല്‍കുന്നത് സിപിഎമ്മിനെതിരായ ഗൂഡാലോചനയായി ആത്മകഥാ വിവാദം മാറ്റാനുള്ള സന്ദേശം; ഇപിയെ പിണറായി വിശുദ്ധനാക്കുമ്പോള്‍
ആലപ്പുഴ: നിലവിലെ രാഷ്ട്രീയ വിവാദങ്ങളെല്ലാം ഇപി ജയരാജന്റെ ആത്മകഥയിലേക്ക് ചുരുങ്ങിയതില്‍ ആശ്വാസം കണ്ട് സിപിഎം. ഐഎഎസ് വിവാദവും ട്രോളി ബാഗ് വിവാദവുമെല്ലാം സിപിഎമ്മിന് വെല്ലുവിളിയായിരുന്നു. ചേലക്കര ഉപതിരഞ്ഞെടുപ്പിനേക്കാള്‍ പ്രധാനം പാലക്കാടാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന് പ്രതിരോധിക്കാന്‍ കഴിയാത്ത വിവാദങ്ങളെ അപ്രസക്തമാക്കി 'കട്ടന്‍ ചായയും പരിപ്പുവടും' എത്തിയതില്‍ എത്തിയതില്‍ എല്ലാവരും സിപിഎമ്മില്‍ സന്തുഷ്ടര്‍. പുസ്തകത്തെ ഇപി തള്ളി പറഞ്ഞതാണ് ഇതിന് കാരണം. മുഖ്യമന്ത്രി പോലും ഈ വിഷയം പ്രചരണത്തില്‍ നിറയ്ക്കുന്നുണ്ട്. ഒരാള്‍ പുസ്തകമെഴുതിയാല്‍ അതിന്റെ പ്രകാശനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിക്കുകയാണ്. വിവാദ പണ്ഡിതന്മാര്‍ കൃത്യമായ ലക്ഷ്യത്തോടെയാണ് സി.പി.എം. നേതാവ് ഇ.പി. ജയരാജനെ ഉന്നംവച്ചത്. സി.പി.എം. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫീസായ മാരാരിക്കുളം രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജയരാജന്‍ പറഞ്ഞു താനൊരു പുസ്തകം എഴുതുന്നുണ്ട്, അതിന്റെ കരാര്‍ ആര്‍ക്കും കൊടുത്തിട്ടില്ലെന്ന്. പുസ്തകം വായിക്കാനുള്ളതാണ്. അത് വാട്‌സാപ്പിലൂടെ സന്ദേശമാക്കി കൊടുക്കുമോ? ഡോ. സരിനെക്കുറിച്ച് അറിയാമോയെന്ന് ജയരാജനോടു ഞങ്ങള്‍ ചോദിച്ചു. അറിയില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. അനക്ക് അറിയില്ലാത്ത ഒരാളെക്കുറിച്ച് എങ്ങനെ എഴുതും എന്നും തിരിച്ചുചോദിച്ചു. ഒന്നര വര്‍ഷംമുമ്പ് പ്രകാശ് ജാവദേക്കറെ ഇ.പി. കണ്ടതുമായി ബന്ധപ്പെട്ടായിരുന്നു വേറൊരു വിവാദം. അതും കൃത്യം തിരഞ്ഞെടുപ്പ് സമയത്തുതന്നെ. ഇപ്പോള്‍ ഈ വിവാദവും കൃത്യം തിരഞ്ഞെടുപ്പു സമയത്തുതന്നെ ഉണ്ടായിരിക്കുന്നു. ഇതെല്ലാം ദുര്‍ബലമായി മാറിക്കൊണ്ടിരിക്കുന്ന യു.ഡി.എഫിനെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും പിണറായി പറഞ്ഞു. ഇതോടെ ഇപിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി മുന്നിലുണ്ടാകുമെന്ന് വ്യക്തമാകുകയാണ്. വയനാട് ദുരത്തില്‍ അടക്കം സര്‍ക്കാര്‍ നിലപാടുകള്‍ വിശദീകരിച്ച് മുഖ്യമന്ത്രി തന്നെ നിറയും. ചേലക്കരയില്‍ ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. അത് സിപിഎമ്മിന് വേണ്ടും പുനര്‍ജീവനം നല്‍കും. പാലക്കാടും വീറോടെ പോരാടും. ഇതിന് വേണ്ടിയാണ് ഇപിയെ മുന്നിലേക്ക് നിര്‍ത്തുന്നത്.
പാലക്കാട്ട് വോട്ട് കൂട്ടാന്‍ ബിജെപി വിമര്‍ശനം സിപിഎം കൂട്ടും. കഴിഞ്ഞ ദിവസം പിണറായി വയനാട് വിഷയം ഉയര്‍ത്തിയതും ഇതിന് വേണ്ടിയാണ്. വയനാട് ദുരന്തത്തില്‍ കേരളം കള്ളക്കണക്ക് ഉണ്ടാക്കിയെന്നു പറഞ്ഞ മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി കണക്കിനു കൊടുത്തു. അടങ്ങാതെ ഇവര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിലും തലപൊക്കി. കേരളം ഇന്ത്യക്കു പുറത്തുള്ള രാജ്യമാണോയെന്നും നമ്മളും ഇന്ത്യയുടെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു. വയനാട് ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തെ കേന്ദ്രം സഹായിക്കാത്തതു പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. വയനാട്ടിലെ തീവ്രദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചു. അതുണ്ടായില്ല. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം നിശ്ചിത തുക കരുതിവെച്ചു. അത് സംസ്ഥാനങ്ങള്‍ ചെയ്യുന്ന കാര്യമാണ്. അത് പൊതുരീതിയാണ്. അതിന്റെ പേരില്‍ സഹായം നല്‍കാതിരിക്കാനാവുമോ? വയനാടിനുശേഷം ദുരന്തമുണ്ടായ പല സംസ്ഥാനങ്ങള്‍ക്കും സഹായം കൊടുത്തു. അത് നല്ല കാര്യം. എന്നാല്‍, കേരളത്തിനും ആ സഹായം നല്‍കേണ്ടതല്ലേ.- അദ്ദേഹം ചോദിച്ചു.
''ഇ.പി.ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് എന്തെല്ലാം കഥകളാണുണ്ടാക്കിയത്. പുസ്തകം എഴുതി തീര്‍ന്നിട്ടില്ലെന്നും ഇപ്പോള്‍ വിവാദപരമായ കാര്യങ്ങള്‍ തന്റെ പുസ്തകത്തില്‍ ഇല്ലാത്തതാണെന്നും ജയരാജന്‍ പറഞ്ഞുകഴിഞ്ഞു.'' മുഖ്യമന്ത്രി പറഞ്ഞു. ''അടുത്ത വര്‍ഷം നവംബറോടെ കേരളത്തില്‍ അതിദരിദ്രര്‍ ഉണ്ടാവില്ല. നിലവില്‍ ഇതേ വിഭാഗത്തിലെന്നു കണ്ടെത്തിയ 64,006 കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ്. പ്രതിമാസം 1600 രൂപ നിരക്കില്‍ 60 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനു രൂപീകരിച്ച കമ്പനിയുടെ വായ്പയും സര്‍ക്കാര്‍ വായ്പയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി പദ്ധതിയെ തകര്‍ക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. അനുഭവങ്ങളില്‍നിന്നു പാഠം പഠിക്കാത്ത പാര്‍ട്ടിയാണു കോണ്‍ഗ്രസ്. ബിജെപിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് പ്രായോഗികമല്ല.'' മുഖ്യമന്ത്രി പറഞ്ഞു.
'ആത്മകഥാ' വിവാദത്തില്‍ ഇ.പി.ജയരാജനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും രംഗത്തെത്തിയിരുന്നു. ''ഇ.പി പറഞ്ഞതു പൂര്‍ണമായി പാര്‍ട്ടി വിശ്വസിക്കുകയാണ്. വിവാദം പാര്‍ട്ടി പൂര്‍ണമായി തള്ളുന്നു. പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ല. ഇ.പിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടില്ല. വിവാദം ഒരു തരത്തിലും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല'' ഗോവിന്ദന്‍ പറഞ്ഞു.