പരിസ്ഥിതി ലോല മേഖല: കേരളം അന്തിമ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ 1300 ചതുരശ്ര കിലോമീറ്റര്‍ ജനവാസമേഖല ഒഴിവാകും; ഇഎസ്എ വില്ലേജുകളുടെ എണ്ണം 98 ആയി കുറയും; സര്‍ക്കാര്‍ ഭാഗത്ത് വീഴ്ച്ചയെന്നും ആരോപണം
ഇഎസ്എ വില്ലേജുകളുടെ എണ്ണം 98 ആയി കുറയും;
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല വിഷയത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം അന്തിമ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ നിലവിലെ ഇഎസ്എ ഭൂപടത്തില്‍ നിന്ന് കുറഞ്ഞത് 1300 ചതുരശ്ര കിലോമീറ്റര്‍ ജനവാസമേഖലകള്‍ ഒഴിവാകുമെന്ന് റിപ്പോര്‍ട്ട്. ഇഎസ്എ വില്ലേജുകളുടെ എണ്ണം 98 ആയി കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് ഈ മാസം അവസാനം കേന്ദ്രത്തിനു കൈമാറുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാന പരിസ്ഥിതി വകുപ്പാണ് അന്തിമ റിപ്പോര്‍ട്ട് കൈമാറുക. ഈ വര്‍ഷം ജൂലൈ 31ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലെ പട്ടിക പ്രകാരം 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ ഇഎസ്എ. മുന്‍പ് ഇഎസ്എ വില്ലേജുകളുടെ എണ്ണം 123 ആയിരുന്നു. ചില വില്ലേജുകള്‍ വിഭജിച്ച് പുതിയ വില്ലേജുകള്‍ രൂപീകരിച്ചതിനാല്‍ ഇവ 131 ആയി.
ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കി, വനമേഖലയില്‍ മാത്രം നിജപ്പെടുത്തി കേരളത്തിന്റെ ഇഎസ്എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ഈ വര്‍ഷം മേയില്‍ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കരടു റിപ്പോര്‍ട്ട് പ്രകാരം 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ കണക്കാക്കിയിട്ടുണ്ട്. ഇതില്‍, ആവശ്യമെങ്കില്‍ തുടര്‍ഭേദഗതി വരുത്തിയാണ് അന്തിമറിപ്പോര്‍ട്ട് തയാറാക്കുന്നത്.
അതേസമയം പരിസ്ഥിതി ലോല മേഖലയുടെ വിഷയത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അന്തിമ വിജ്ഞാപനത്തിന് മുന്‍പ് ജനവാസ മേഖലകള്‍ ഒഴിവാക്കപ്പെടുന്ന കാര്യം ഉറപ്പാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ആരോപിച്ചു.
ഈ മാസം 30നുള്ളില്‍ മറുപടി നല്‍കണമെന്നിരിക്കെ സര്‍ക്കാരിന്റെ സമീപനം നിരാശാജനകവും ജനവിരുദ്ധവുമാണ്. വില്ലേജുകളെ വിഭജിച്ച് ഇഎസ്എയില്‍ ഉള്‍പ്പെടേണ്ട വനപ്രദേശം പ്രത്യേകം നാമകരണം ചെയ്യാതെ ജിയോ കോഡിനേറ്റ്‌സ് മാത്രം നല്‍കിയാല്‍, കേന്ദ്ര മാനദണ്ഡമനുസരിച്ച് ജനവാസമേഖല കൂടി ഉള്‍പ്പെടുന്ന ഇഎസ്എ വില്ലേജ് പ്രഖ്യാപനമാകും ഉണ്ടാകുകയെന്നും ചൂണ്ടിക്കാട്ടി
എന്താണ് പരിസ്ഥിതി ലോല പ്രദേശം?
പാരിസ്ഥിതികമായി പ്രാധാന്യം നല്‍കേണ്ടതായി ഇന്ത്യാ ഗവണ്‍മെന്റ് നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം (Eco Sensitive Zone-ESZ) അല്ലെങ്കില്‍ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങള്‍ (Ecologically Fragile Areas-EFA). ഇത്തരം പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക വഴി സംരക്ഷിത പ്രദേശങ്ങളിലേക്ക് ഒരുതരം 'ഷോക്ക് അബ്‌സോര്‍ബറുകള്‍' സൃഷ്ടിക്കുക എന്നതാണ് ഇക്കോ സെന്‍സിറ്റീവ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.
പ്രധാനമായും ജൈവ വൈവിധ്യത, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന സസ്യങ്ങളുടെയോ ജന്തുക്കളുടെയോ സാന്നിധ്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ (പ്രത്യേകിച്ചും നിമ്നോന്നത, മണ്ണൊലിപ്പിനുള്ള സാധ്യതകള്‍), മഴയുടെ അളവും തീക്ഷ്ണതയും എന്നിവയെല്ലാം ദുര്‍ബലത കണക്കാക്കുന്നതിനുള്ള ഘടകങ്ങളാണ്. പാരിസ്ഥിതിക ലോലത കണക്കാക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ താഴെപ്പറയുന്നവയാണ്.
വൈവിധ്യവും സമ്പന്നതയും, അപൂര്‍വ ജനുസ്സുകളെ സംബന്ധിച്ച വിവരങ്ങള്‍, ജൈവ വര്‍ഗങ്ങളുടെ ആവാസ വ്യവസ്ഥ, ഉല്‍പാദനക്ഷമത, പാരിസ്ഥിതികവും ചരിത്രപര വുമായ പ്രാധാന്യം തുടങ്ങിയവ കണക്കിലെടുക്കം. ഭൂതല സവിശേഷതകള്‍, കാലാവസ്ഥ, മഴ, പ്രകൃതിദുരന്തസാധ്യത എന്നിങ്ങനെയും മാനദണ്ഡമായി കണക്കാക്കുന്നു. .
s