'ദൈവം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്; നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരും'; നന്ദി പറയാന്‍ ഈ ജീവിതം മതിയാകില്ലെന്ന് അമ്മ പ്രേമകുമാരി; നിമിഷപ്രിയ നാട്ടിലെത്തുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടെന്ന് ഭര്‍ത്താവ് ടോമി; കുടുംബം വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

Update: 2025-07-15 09:45 GMT

സന: മകള്‍ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതില്‍ ആശ്വാസമെന്നും നന്ദി പറയാന്‍ ഈ ജീവിതം മതിയാകില്ലെന്നും അമ്മ പ്രേമകുമാരി. ദൈവം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്നും അവര്‍ പ്രതികരിച്ചു. യെമന്‍ തലസ്ഥാനമായ ഏഡനിലാണ് നിമിഷപ്രിയയുടെ അമ്മ ഉള്ളത്. സനയിലെ ജയിലില്‍ നിമിഷപ്രിയയും.

വധശിക്ഷ മാറ്റിവച്ചെന്നതില്‍ വലിയ സന്തോഷവും ആശ്വാസവുമുണ്ടെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി പ്രതികരിച്ചു. എല്ലാം ഭംഗിയായി വരുമെന്നാണ് ഉറച്ച വിശ്വാസമെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പ്രാര്‍ഥനയുടെയും ഫലമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. കഠിനപ്രയത്‌നത്തിനുള്ള പരിണിതഫലമാണിത്. ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഒരുപാട് പരിമിതികള്‍ ഉണ്ടെങ്കിലും എല്ലാവരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എല്ലാം ഭംഗിയായി നടന്ന് നിമിഷ പ്രിയ നാട്ടിലെത്തുമെന്ന് തനിക്ക് നൂറ് ശതമാനം വിശ്വാസമുണ്ടെന്നും ടോമി മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റുള്ള രാജ്യങ്ങളിലേതുപോലെ യെമനില്‍ ഇടപെടാനാകില്ല. അതാണ് അവ്യക്തതകള്‍ നിലനില്‍ക്കാന്‍ കാരണം. എങ്കിലും നിമിഷ പ്രിയയെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ പലരുമുണ്ട്. എല്ലാ കടമ്പകളും കടന്ന് നല്ല ഫലമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ടോമി പറഞ്ഞു.

ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിരന്തരം നടത്തിയ നീക്കങ്ങള്‍ക്ക് ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജയില്‍ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍ കുടുംബം വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്നാണ് വിവരം. കേസ് അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ യെമന്‍ അധികൃതര്‍ കേസ് മാറ്റിവയ്ക്കാന്‍ മാത്രമാണ് സമ്മതിച്ചിരിക്കുന്നതെന്നും അറിയിച്ചു.

വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെ യെമന്‍ ഭരണകൂടം നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കുകയായിരുന്നു. അറ്റോണി ജനറലിന്റെ നിര്‍ദേശപ്രകാരം ശിക്ഷ മാറ്റുകയാണെന്നും പുതുക്കിയ തീയതി പിന്നീടെന്നും വ്യക്തമാക്കുന്ന ഉത്തരവും പുറത്തിറങ്ങി. തലാലിന്റെ കുടുംബത്തിന്റെ സമ്മതം കൂടാതെയാണ് നടപടി. തലാലിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, ദയാധനത്തിലും മാപ്പ് സ്വീകരിക്കുന്നതിലും തീരുമാനമായിട്ടില്ല. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് യെമനില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയത്. ഇതേത്തുടര്‍ന്നാണ് ആശ്വാസകരമായ തീരുമാനം പുറത്തുവന്നത്.

ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് ആശ്വാസ വാര്‍ത്ത. സൂഫി പണ്ഡിതരുമായി നടത്തിയ ചര്‍ച്ചകള്‍ വിജയമാണെന്നാണ് റിപ്പോര്‍ട്ട്. മോചനത്തിനായുള്ള അവസാനവട്ട ചര്‍ച്ചകള്‍ അനുകൂലമായെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ദിയാധനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിമിഷ പ്രിയയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തിലാണ് ഇന്ന് ചര്‍ച്ചകള്‍ നടന്നത്. രാവിലെ യമന്‍ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം ആരംഭിച്ചിരുന്നു. സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമര്‍, യെമന്‍ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ആക്ഷന്‍ കൗണ്‍സിലാണ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചുവെന്ന് അറിയിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്നും ചര്‍ച്ചകള്‍ നടന്നിരുന്നു. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്.

2017 ജൂലൈ 25ന് യെമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

Tags:    

Similar News