നിര്‍ത്തിയിട്ട ഭാഗത്തു തന്നെ തകരാര്‍ പരിഹരിക്കുന്ന പ്ലാന്‍ എ; കഴിഞ്ഞില്ലെങ്കില്‍ എയര്‍ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചു കൊണ്ടു പോയി പരിഹാര ശ്രമം തുടരുന്ന പ്ലാന്‍ ബി; രണ്ടും പൊളിഞ്ഞാല്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ എത്തുന്ന പ്ലാന്‍ സി; രഹസ്യം ചോരരുതെന്ന താല്‍പ്പര്യ കൂടുതല്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്; എഫ്-35ബി യുദ്ധ വിമാന രഹസ്യം ചോരുമോ?

Update: 2025-07-06 08:51 GMT

തിരുവനന്തപുരം : വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ അമേരിക്കന്‍ നിര്‍മിത എഫ്-35ബി വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാനായി എത്തിയ വിദഗ്ധ സംഘം പരിഗണിക്കുന്നത് മൂന്ന് പ്ലാനുകള്‍. എയും ബിയും പരാജയപ്പെട്ടാല്‍ സി പ്ലാനിലേക്ക് കാര്യങ്ങള്‍ പോകും. വിമാനം ശരിയാക്കുന്നതിന് അപ്പുറം സാങ്കേതിക വിദ്യ ചോരാതിരിക്കാനുള്ള സംവിധാനങ്ങളുമായാണ് സംഘത്തിന്റെ വരവ്. പരിശോധനയും തകരാറു പരിഹരിക്കലുമെല്ലാം ഉപഗ്രഹ നിരീക്ഷണത്തിലൂടെ ബ്രിട്ടണിലും അമേരിക്കയിലും കാണുന്ന സംവിധാനവും ഉണ്ടാകുമെന്നാണ് സൂചന.

ബ്രിട്ടനില്‍ നിന്ന് 25 അംഗസംഘമാണ് എത്തിയത്. ഇതില്‍ 17 പേര്‍ വിമാന നിര്‍മ്മാണ വിദഗ്ധരാണ്. ഗുരുതരമായ തകരാറായതിനാല്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യേണ്ട സാഹചര്യം ഇവര്‍ക്ക് മുന്നിലുണ്ട്. ഇതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. സൈനികര്‍ ഉള്‍പ്പെടെയുള്ള സംഘം വിമാനം വലിച്ചു മാറ്റാനുള്ള ഉപകരണങ്ങളുമായാണ് എത്തുന്നത്. നിര്‍ത്തിയിട്ട ഭാഗത്തുവച്ചു തന്നെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തുന്നതാണ് പ്ലാന്‍ എ. കഴിഞ്ഞില്ലെങ്കില്‍ പ്ലാന്‍ ബി എന്ന നിലയില്‍ എയര്‍ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചുനീക്കിക്കൊണ്ടുപോയി പരിഹാര ശ്രമം നടത്തും. അതും പൊളിഞ്ഞാല്‍ പ്ലാന്‍ സി. അങ്ങനെ വന്നാല്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ ചരക്കുവിമാനമായ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമെത്തിച്ച് എയര്‍ലിഫ്റ്റ് ചെയ്യുന്നതാണ് പ്ലാന്‍ സി.

യുദ്ധവിമാനത്തെ ഗ്ലോബ്മാസ്റ്ററില്‍ കയറ്റണമെങ്കില്‍ ചിറകുകള്‍ അഴിച്ചുമാറ്റേണ്ടി വരും. 14 മീറ്റര്‍ നീളവും 11 മീറ്റര്‍ ചിറകുവിസ്താരവുമാണ് എഫ്-35 ബി വിമാനത്തിന്. ഈ പ്രക്രിയ ചെയ്യാന്‍ വിമാന നിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ പരിശീലിപ്പിച്ച എന്‍ജിനീയര്‍മാര്‍ക്ക് മാത്രമേ കഴിയൂ. വിമാന ഭാഗങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ ബ്രിട്ടീഷ് സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കും. വീഡിയോയിലും പകര്‍ത്തും. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ വിദഗ്ധരും വീഡിയോ ചിത്രീകരണം നടത്തും. അമേരിക്കന്‍ സാങ്കേതിക വിദ്യയാണ് വിമാനത്തിലുള്ളത്. അത് ആര്‍ക്കും അവര്‍ പറഞ്ഞു കൊടുത്തിട്ടില്ല. ഇന്ത്യയ്ക്ക് ഈ സാങ്കേതിക വിദ്യയില്‍ കണ്ണുണ്ട്. അതുകൊണ്ടാണ് പരമ രഹസ്യമായി വിമാനം നന്നാക്കുന്നത്.

തകരാറിനെ തുടര്‍ന്ന് ജൂണ്‍ 14ന് നിലത്തിറക്കിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ സംഘം തലസ്ഥാനത്തെത്തിയത് ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 വിമാനത്തിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് എന്‍ജിനീയര്‍മാരുമായി എത്തിയ വിമാനം ലാന്‍ഡ് ചെയ്തു. ഈ വിമാനം തിരികെ പോകും. എന്‍ജിനീയര്‍മാര്‍ ഇവിടെ തുടരും. ഇന്ത്യപസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പൈലറ്റ് ഇതേ കോപ്റ്ററില്‍ മടങ്ങി. ബ്രിട്ടനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തുടര്‍ന്നു.

യുദ്ധവിമാനം കേടുപാടുകള്‍ തീര്‍ത്ത് തിരിച്ച് പറത്തിക്കൊണ്ടുപോകാനായില്ലെങ്കില്‍ ചിറകുകള്‍ ഇളക്കിമാറ്റി ചരക്കുവിമാനത്തില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടീഷ് സംഘം വന്നത്. ഇവര്‍ക്കൊപ്പം വിമാനനിര്‍മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിന്റെ അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരും എത്തുന്നുണ്ട്. ഇന്ധനക്കുറവിനെത്തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി എഫ് 35 ഇറക്കിയതെങ്കിലും പിന്നീട് വിമാനത്തിന്റെ ആക്‌സിലറി പവര്‍ യൂണിറ്റിലുണ്ടായ തകരാറാണ് വിമാനത്തിന് പറക്കാന്‍ സാധിക്കാത്തതിനു കാരണമെന്നാണറിയുന്നത്. എഫ് 35 ബിയുടെ മാതൃകപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍നിന്ന് ഏഴുപേരടങ്ങുന്ന സംഘം ആദ്യം എത്തി പരിശോധിച്ചെങ്കിലും അവര്‍ക്ക് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. രണ്ടു തവണ എന്‍ജിന്‍ ഓണാക്കി ശ്രമിച്ചെങ്കിലും വിമാനം പറന്നുയര്‍ന്നില്ല. തുടര്‍ന്നാണ് എഫ് 35 ബി തിരുവനന്തപുരം വിമാനത്താവളത്തില്‍ സിഐഎസ്എഫ് കമാന്‍ഡുകളുടെ സംരക്ഷണത്തിലാക്കിയത്.

ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഈ വിമാനങ്ങള്‍ ഇതുവരെ ഇരുപതിലധികം തവണ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. യുഎസിന്റെ വിമാനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. ഇസ്രയേല്‍, ബ്രിട്ടന്‍, ജപ്പാന്‍, െതക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.

Tags:    

Similar News