വെള്ളത്തിൽ നിന്ന് ഉയർന്നുചാടി വയറ്റിൽ കുത്തിക്കയറിയത് 10 ഇഞ്ചോളം വലിപ്പമുള്ള 'ഹൗണ്ട് ഫിഷ്'; മീനിന്റെ ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ 24കാരന് ദാരുണാന്ത്യം; അക്ഷയ്‌യുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബവും
കർവാർ: മത്സ്യബന്ധനത്തിനിടെയുണ്ടായ ഹൗണ്ട് ഫിഷിന്റെ ആക്രമണത്തിൽ 24കാരന് ദാരുണാന്ത്യം. അക്ഷയ് അനിൽ മജാലിക്കർ ആണ് പ്രാദേശികമായി 'കാൻഡെ' എന്നറിയപ്പെടുന്ന, വേട്ടയാടുന്ന സ്വഭാവമുള്ള മത്സ്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളത്തിൽ നിന്ന് ഉയർന്നുചാടി വയറ്റിൽ കുത്തിക്കയറിയ മത്സ്യത്തിന്റെ മൂർച്ചയേറിയ മൂക്കാണ് അക്ഷയിന്റെ മരണത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് അക്ഷയിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. അക്ഷയിനെ ആക്രമിച്ച മത്സ്യം, ഏകദേശം 8-10 ഇഞ്ച് വലുപ്പമുള്ളതായിരുന്നു. ആക്രമണത്തിൽ അക്ഷയിന്റെ ആന്തരികാവയവങ്ങൾക്ക്, പ്രത്യേകിച്ച് കുടലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഇദ്ദേഹത്തെ കർവാറിലെ കെ.ആർ.ഐ.എം.എസ് (KRIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും, രണ്ട് ദിവസങ്ങൾക്ക് ശേഷം അക്ഷയ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം, ചികിത്സാ പിഴവ് ആരോപിച്ച് അക്ഷയിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് സുഖമായിരിക്കുന്നു എന്ന് പറഞ്ഞ് ഡിസ്ചാർജ് ചെയ്തതിനു പിന്നാലെ കഠിനമായ വേദനയെത്തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അക്ഷയിനെ ആക്രമിച്ചത് ഹൗണ്ട് ഫിഷ് ആണെന്ന് സമുദ്ര ജീവശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്ന ഈ മത്സ്യം, വെള്ളത്തിൽ നിന്ന് ഉയർന്നുചാടി മുറിവുകളുണ്ടാക്കാനുള്ള കഴിവുകൊണ്ട് ഈ മത്സ്യത്തെ ഭയപ്പെടുന്നു. എന്നാൽ, ഇത്തരം ഒരു മത്സ്യത്തിന്റെ കടിയേറ്റ് ആരും മരിക്കുന്നത് അപൂർവ്വമാണെന്ന് മത്സ്യത്തൊഴിലാളിയായ നാഗേന്ദ്ര ഖർവി പറഞ്ഞു. ഇത്രയും കാലത്തിനിടയിൽ ഈ മത്സ്യത്തെ കണ്ടിട്ടുണ്ടെന്നും പിടിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിന്റെ കടിയേറ്റ് ആരും മരിച്ചതായി കേട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.