ഗൂഗിൾ മാപ്പിൽ കാണിച്ച ഷോർട്ട് കട്ട് റൂട്ടിൽ കയറി; ഗോവയിലേക്കുള്ള കുടുംബത്തിന്റെ യാത്ര അവസാനിച്ചത് കർണാടകയിൽ; വനത്തിനുള്ളിലൂടെ സഞ്ചരിച്ചത് എട്ട് കിലോമീറ്റർ; രാത്രി മുഴുവൻ കാറിൽ കഴിഞ്ഞു; ഒടുവിൽ രക്ഷകരായി ലോക്കൽ പൊലീസ്
ബംഗളൂരു: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ യാത്രക്കാർക്ക് കിട്ടിയത് എട്ടിന്റെ പണി. ഗോവയിലേക്ക് യാത്ര തിരിച്ച കുടുംബം എത്തിയത് കർണാടകയിലെ കൊടുംവനത്തിൽ. ബിഹാറിൽനിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിൽ കുടുങ്ങിയത്. എളുപ്പത്തിൽ എത്താനായി ചെറിയ ഊടുവഴിയിലേക്ക് കയറിയതോടെയാണ് ഇവർ വനത്തിനുള്ളിൽ കുടുങ്ങിയത്.
വഴി തെറ്റി കാട്ടിലെത്തിയ കുടുംബത്തിന് ഒരുരാത്രി മുഴുവൻ കാറിനുള്ളിൽ കഴിയേണ്ടി വന്നു. ഗൂഗിൾ മാപ്പ് പ്രകാരം ഷിരോലിക്കും ഹെമ്മദാഗക്കും സമീപമുള്ള വനത്തിനുള്ളിലെ ഒരു ചെറിയ ഊടുവഴിയിലേക്ക് കയറി. ഇത് ഷോർട്ട് കട്ട് റൂട്ടായിട്ടാണ് ഗൂഗിൾ മാപ്പിൽ കാട്ടിയത്. അപകടസാധ്യതകളെക്കുറിച്ച് അറിയാതെ കുടുംബം എട്ട് കിലോ മീറ്ററോളം വനത്തിനുള്ളിലൂടെ പോയി.
ഇതിനിടെ മൊബൈൽ നെറ്റ്‌വർക്ക് നഷ്ടമായതോടെ കുടുംബം പരിഭ്രാന്തരായി. വനത്തിൽനിന്ന് പുറത്തുകടക്കാനുള്ള വഴി വ്യക്തമാകാതെ വന്നതോടെ രാത്രി കാറിൽ തന്നെ ചെലവഴിക്കാൻ കുടുംബം നിർബന്ധിതരായി. തൊട്ടടുത്ത ദിവസം പുലർച്ചെ നാലു മീറ്ററോളം നടന്നാണ് മൊബൈൽ നെറ്റ്‌വർക്ക് കവറേജുള്ള ഒരു ലൊക്കേഷൻ കണ്ടെത്തിയത്. തുടർന്ന് ഇവർ എമർജൻസി ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെട്ടു.
എമർജൻസി ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെട്ടതോടെയാണ് കുടുംബത്തിന് വനത്തിൽനിന്ന് പുറത്തുകടക്കാനുള്ള വഴി തെളിഞ്ഞത്. ഇതിനിടെ ലോക്കൽ പൊലീസ് വനത്തിനുള്ളിൽ കുടുങ്ങിയ കുടുംബത്തെ കണ്ടെത്തി സുരക്ഷിതമായി വനത്തിന് പുറത്തെത്തിച്ചു. ഗുരുഗ്രാമിൽനിന്ന് ബറേലിയിലേക്ക് ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് കുടുംബം യാത്ര തിരിച്ചത്.