ഞാൻ ഒരു മണ്ടൻ...അല്ലെങ്കിൽ ഇങ്ങനെയൊക്കെ നടക്കോ..!! മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ പാഞ്ഞ കാർ; നിമിഷ നേരം കൊണ്ട് പോലീസ് അടക്കം ചെയ്‌സ് ചെയ്‌തെത്തി; രണ്ടുംകല്പിച്ച് ബ്രേക്ക് ചവിട്ടിയതും കണ്ടത് ആർക്കും വിശ്വസിക്കാൻ പറ്റാത്ത കാഴ്ച; ആ കറുത്ത ആഡംബര കാറിൽ ലോകപ്രശസ്തനായ ഒരാൾ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വെസ്റ്റ് പോർട്ട്: മുൻ WWE ചെയർമാൻ വിൻസ് മക്മഹൻ 2025-ൽ കണക്റ്റിക്കട്ടിൽ വെച്ച് നടത്തിയ അതിവേഗ കാറപകടത്തിന്റെ ബോഡിക്യാം ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. തന്റെ ലക്ഷ്വറി കാറായ ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി സ്പീഡിൽ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി പാഞ്ഞ മക്മഹൻ, മറ്റൊരു കാറിന്റെ പിന്നിലിടിക്കുകയും തുടർന്ന് ഹൈവേയിലെ ഗാർഡ്‌റെയിലിലേക്ക് ഇടിച്ചുകയറുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കണക്റ്റിക്കട്ടിലെ വെസ്റ്റ്‌പോർട്ടിലുള്ള റൂട്ട് 15-ലായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ഒരു ബിഎംഡബ്ല്യു (BMW) കാറിന് പിന്നിൽ ബ്രേക്ക് ചെയ്ത മക്മഹൻ, പെട്ടെന്ന് ഇടത് വശത്തേക്ക് കാർ വെട്ടിച്ചു. ഇതിനിടെ മക്മഹന്റെ കാർ മരവേലിയിൽ ഇടിക്കുകയും മുന്നിലുണ്ടായിരുന്ന കാറിന്റെ പിൻഭാഗത്ത് അതിശക്തമായി അടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ അവശിഷ്ടങ്ങൾ റോഡിലാകെ ചിതറുകയും എയർബാഗുകൾ വിരിയുകയും ചെയ്തു.
അപകടത്തിന് ശേഷം കാർ ഒതുക്കി നിർത്തിയ മക്മഹൻ ഏറെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. വൈദ്യസഹായം വേണോ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം അദ്ദേഹം നിരസിച്ചു. മണിക്കൂറിൽ 185 കിലോമീറ്റർ (115 mph) വേഗതയിലാണ് അദ്ദേഹം വണ്ടിയോടിച്ചിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. കൊച്ചുമകളുടെ ജന്മദിനത്തിന് പോകുകയായിരുന്നു എന്നതായിരുന്നു മക്മഹന്റെ വിശദീകരണം.
"ഞാൻ നിങ്ങളെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ നിങ്ങൾ വേഗത കൂട്ടിക്കൊണ്ടിരുന്നു," എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ, താൻ പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചിട്ടില്ലെന്ന് 80-കാരനായ മക്മഹൻ മറുപടി നൽകി. ഫോൺ ഉപയോഗിച്ചിരുന്നോ എന്ന ചോദ്യത്തിന് 'അല്ല' എന്ന് മറുപടി നൽകിയ അദ്ദേഹം, താൻ കുറെ കാലത്തിന് ശേഷമാണ് വണ്ടിയോടിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
രേഖകൾ പോലീസിന് കൈമാറുന്നതിനിടെ കടുത്ത നിരാശയോടെ സ്വയം ശപിക്കുന്ന മക്മഹനെയും ദൃശ്യങ്ങളിൽ കാണാം. "ഞാൻ ഒരു മണ്ടൻ... വിഡ്ഢിയായ ഒരു മനുഷ്യൻ" (Stupid fing fool)* എന്ന് അദ്ദേഹം സ്വയം വിളിച്ചു. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റോ എന്ന് അദ്ദേഹം ആശങ്കയോടെ തിരക്കി. ആർക്കും പരിക്കില്ലെന്നറിഞ്ഞപ്പോൾ അതൊരു "അത്ഭുതം" (Miracle) ആണെന്ന് അദ്ദേഹം പ്രതികരിച്ചു.
മക്മഹൻ ഇടിച്ച കാറിന്റെ ഉടമ ബാർബറ ഡോറൻ പിന്നീട് ഫേസ്ബുക്കിൽ തന്റെ അനുഭവം പങ്കുവെച്ചു. "ഏകദേശം 100 വാരയോളം ദൂരത്തേക്ക് തെറിച്ചുപോയെങ്കിലും കാറിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സാധിച്ചത് ഭാഗ്യമാണ്. അവസാന നിമിഷം മക്മഹൻ വണ്ടി വെട്ടിച്ചതുകൊണ്ട് കാറിന്റെ വശത്താണ് ഇടിച്ചത്. നേർക്കുനേർ ഇടിച്ചിരുന്നെങ്കിൽ കഥ മാറുമായിരുന്നു," അവർ കുറിച്ചു.
അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടത്തിന് കാരണമായ രീതിയിൽ വണ്ടിയോടിച്ചതിനും മക്മഹനെതിരെ കേസെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ കോടതി അദ്ദേഹത്തിന് 'പ്രീ-ട്രയൽ പ്രോഗ്രാമിൽ' പ്രവേശിക്കാൻ അനുമതി നൽകി. ഇതനുസരിച്ച് 1,000 ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകണം. ഒരു വർഷത്തേക്ക് മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരുന്നാൽ അദ്ദേഹത്തിനെതിരെയുള്ള കേസുകൾ റദ്ദാക്കപ്പെടും.
