'ആ 26 പേര്‍ക്കും നമുക്കും ഇന്ന് സമാധാനത്തോടെ ഉറങ്ങാം; ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും നന്ദി പറയുന്നു'; പഹല്‍ഗാം ഭീകരരെ വധിച്ചെന്ന അമിത് ഷായുടെ സ്ഥിരീകരണത്തിന് പിന്നാലെ പ്രതികരണവുമായി ഇരകളുടെ കുടുംബങ്ങള്‍
ഇത്തരമൊരു സംഭവം വീണ്ടും സംഭവിക്കരുതെന്ന് ഇരയുടെ മകള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരരെ സൈന്യം വധിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സ്ഥിരീകരണത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. ഇനി സമാധാനത്തോടെ ഉറങ്ങാനാകുമെന്ന് മഹാരാഷ്ട്രയിലെ പുനെ സ്വദേശിയായ അസവരി ജഗ്ദാലെ പറഞ്ഞു. ഏപ്രില്‍ 22-ന് നടന്ന ഭീകരാക്രമണത്തില്‍ പിതാവ് സന്തോഷിനെ അസവരിക്ക് നഷ്ടമായിരുന്നു.
ഇന്ന് ആ 26 പേര്‍ക്കും സമാധാനം ലഭിക്കുമെന്നും നമുക്കും സമാധാനത്തോടെ ഉറങ്ങാനാകുമെന്നും പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയുടെ മകള്‍ അശ്വരി ജഗ്ദലെ പറഞ്ഞു.'ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും ഞാന്‍ നന്ദി പറയുന്നു. ഇന്ന് ആ 26 പേര്‍ക്കും സമാധാനം ലഭിക്കും. ഇന്ന് നമുക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയും, ഇത്തരമൊരു സംഭവം വീണ്ടും സംഭവിക്കരുതെന്നും രാജ്യത്ത് സമാധാനം നിലനില്‍ക്കണമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 'ഓപറേഷന്‍ മഹാദേവ്' പോലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരണം'.. ജഗ്ദാലെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
സൈന്യത്തിന് നന്ദി പറയുന്നതായി കൊല്ലപ്പെട്ട കൗസ്തുഭ് ഗണ്‍ബോട്ട് എന്നയാളുടെ ഭാര്യ സംഗീത ഗണ്‍ബോട്ട് പ്രതികരിച്ചു. 'ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടി കൊല്ലുമെന്ന പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. അവര്‍ കൊല്ലപ്പെട്ടു.ഞാന്‍ സൈന്യത്തിന് നന്ദി പറയുന്നു'..സംഗീത ഗണ്‍ബോട്ട് പറഞ്ഞു.
ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്ന് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട പ്രശാന്ത് കുമാര്‍ സത്പതിയുടെ ഭാര്യ പ്രിയദര്‍ശനി ആചാര്യ പറഞ്ഞു. ഇന്ത്യന്‍ സൈന്യം സ്വീകരിച്ച നടപടി ശരിയാണെന്നും പ്രധാനമന്ത്രി മോദിയോട് നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ സുലൈമാന്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരാണ് തിങ്കളാഴ്ച സൈന്യം വധിച്ചത്. ഹര്‍വാനിലെ മുള്‍നാര്‍ പ്രദേശത്ത് നടന്ന സൈന്യത്തിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും പ്രാദേശിക പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.സൂത്രധാരനായ സുലൈമാന് പുറമെ അഫ്ഗാന്‍, ജിബ്രാന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓപ്പറേഷന്‍ മഹാദേവിലൂടെയാണ് ഭീകരര്‍ക്കെതിരായ നീക്കം സൈന്യം നടത്തിയതെന്നും അമിത് ഷാ പറഞ്ഞു.
ആര്‍മിയുടെയും സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സൈനിക നടപടിയായ ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ വധിച്ചെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ അമിത് ഷാ പറഞ്ഞു. ലഷ്‌കറെ തൊയ്ബയുടെ എ കാറ്റഗറി കമാന്‍ഡറാണ് സുലൈമാന്‍. അഫ്ഗാന്‍, ലഷ്‌കറെയുടെ എ കാറ്റഗറി ഭീകരവാദിയാണ് ജിബ്രാനും. ബൈസരണ്‍ താഴ്വരയില്‍ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തിയ ഈ മൂന്നുപേരെയും ഇല്ലാതാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.