ജോസ് കെ മാണിയുടെ പ്രതിഷേധം മുഖ്യമന്ത്രി ഗൗരവത്തില്‍ എടുത്തു; മാറ്റത്തിനില്ലെന്ന് പറഞ്ഞ ശശീന്ദ്രന് വ്യക്തമായ സന്ദേശം നല്‍കി സിപിഎം; ക്രൈസ്തവ സഭകളെ വന നിമയത്തിന്റെ പേരില്‍ പിണക്കില്ല; ബിഷപ്പ് ഇഞ്ചാനിയലിന്റെ പ്രതിഷേധവും തിരുത്തലിന് കാരണമായി; വന നിയമ ഭേദഗതിയില്‍ കടുംപിടിത്തം വിടും; കരടില്‍ മാറ്റത്തിന് സര്‍ക്കാര്‍ തയ്യാര്‍

Update: 2024-12-24 03:18 GMT

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം വെറുതെയായില്ല. വന നിയമ ഭേദഗതി മാറ്റത്തിനൊരുങ്ങി വനംവകുപ്പ്. എതിര്‍പ്പ് ഉയര്‍ന്ന വ്യവസ്ഥകളില്‍ തിരുത്തു കൊണ്ടു വരും. പ്രതിപക്ഷവും ക്രൈസ്തവ സഭ നേതൃത്വവും കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പും കടുത്ത എതിര്‍പ്പ് ഉന്നയിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനുള്ള സാധ്യത കുറഞ്ഞു. കരട് നിയമ ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വനംവകുപ്പ് മാറ്റത്തിനൊരുങ്ങിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ചെയര്‍മാനായ ജോസ് കെ മാണി കടുത്ത നിലപാടാണ് ഈ വിഷയത്തില്‍ എടുത്തത്.

വന നിയമ ഭേദഗതി ബില്‍ കര്‍ഷക വിരുദ്ധമല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഭേദഗതി ബില്‍ പിന്‍വലിച്ചാല്‍ പ്രാബല്യത്തിലുണ്ടാവുക പഴയനിയമമായിരിക്കും. അതു മതിയോ എന്ന് വിവാദമുണ്ടാക്കുന്നവര്‍ വ്യക്തമാക്കണം. കഴമ്പുള്ള വിമര്‍ശനമുണ്ടെങ്കില്‍ മുന്‍വിധിയില്ലാതെ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. വിവാദങ്ങളില്‍ നിന്ന് പിന്തിരയണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യാര്‍ത്ഥിയ്ക്കുന്നെന്നും മന്ത്രി പറഞ്ഞിരുന്നു. നിലവിലെ നിയമത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ പുതിയ ബില്ലില്‍ അറസ്റ്റ് അധികാരം എടുത്തു കളയുകയാണ് ചെയ്തത്. വന നിയമ ഭേദഗതിയില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമം. വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് വസ്തുതകള്‍ പരിശോധിയ്ക്കാതെയാണെന്നും പറഞ്ഞു വച്ചു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എതിര്‍പ്പുമായി രംഗത്തു വന്നു. മുഖ്യമന്ത്രി പിണറായി വിജയനെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. ഇതോടെ വനം വകുപ്പിന് മാറ്റങ്ങള്‍ വേണമെന്ന നിര്‍ദ്ദേശം എത്തി. വന്യമൃഗ ആക്രമണങ്ങളുണ്ടായാല്‍ ജനരോഷവും ശക്തമാകാറുണ്ട്. ഇതിന് തടയിടാനുള്ള നീക്കമായും ബില്ലിലെ ഭേദഗതിയെ മലയോര ജനത കാണുന്നു. 1961ലെ കേരള വനംനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് പൊതുജന അഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

വനനിയമ ഭേദഗതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ എത്തിയിരുന്നു. വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ല, അടിയന്തരാവസ്ഥകാലത്തെ പോലെയുള്ള നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരുമെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞിരുന്നു. മതമേലധ്യക്ഷന്‍മാരില്‍ നിന്ന് കുറച്ച് കൂടി പക്വത പ്രതീക്ഷിക്കുന്നു എന്ന വനം മന്ത്രിയുടെ പ്രസ്ഥാവനയേയും ബിഷപ്പ് വിമര്‍ശിച്ചു. പക്വതയില്ലാതെ പെരുമാറുന്നത് ആരാണ് ? ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഞങ്ങളാണോ എന്നും ബിഷപ്പ് ചോദിച്ചു. ഈ നിയമം നിയമസഭയില്‍ പാസ്സാകും എന്ന് കരുതുന്നില്ലെന്നും ബിഷപ്പ് പറഞ്ഞിരുന്നു. വനനിയമത്തിന്റെ സെക്ഷന്‍ 27, 62 വകുപ്പുകള്‍ പ്രകാരം വനത്തിനുള്ളില്‍ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്കാല്‍ 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ. ഇത്തരം കാര്യങ്ങളില്‍ വനംവകുപ്പ് പലപ്പോഴും പിഴ ചുമത്തിയിരുന്നില്ല. പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും. ഇതിനെ ക്രൈസ്തവ സഭകള്‍ എതിര്‍ത്തിരുന്നു.

വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിര്‍ത്തികളിലൂടെ ഒഴുകുന്ന പുഴയില്‍ കുളിക്കുന്നതും മീന്‍ പിടിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. വനത്തിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിച്ചാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നല്‍കുന്നു. വനനിയമ ഭേദഗതി സംബന്ധിച്ച് നവംബര്‍ ഒന്നിന് ഗസറ്റ് വിജ്ഞാപനം വന്നിരുന്നു. ബില്ലിന് മന്ത്രിസഭ അംഗീകാരവും നല്‍കിയിരുന്നു. ജനുവരിയില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ നിയമമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വനംവകുപ്പ്. ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് എസ്‌ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ റാങ്കിനൊപ്പം അധികാരം നല്‍കുന്ന നിയമം കര്‍ഷക സമൂഹത്തിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുമെന്നായിരുന്നു വിമര്‍ശനം.

ഏത് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ക്കും ആരെയും എവിടെ വച്ചും അറസ്റ്റ് ചെയ്യാം എന്ന നിയമം കൊണ്ടുവരുന്നത് വനപാലകര്‍ക്ക് ഇഷ്ടമില്ലാത്ത കര്‍ഷകരെയും സാധാരണക്കാരെയും കള്ളക്കേസില്‍ കുടുക്കാന്‍ സാഹചര്യം ഒരുക്കുമെന്ന വിമര്‍ശനം സര്‍ക്കാരിന് തലവേദനയായി മാറി.

Tags:    

Similar News