തുലാവർഷ പെയ്ത്തിൽ കലങ്ങി മറിഞ്ഞെത്തിയ പുഴയിലൂടെ എല്ലാ..പ്രതീക്ഷയും തട്ടിത്തെറിപ്പിച്ച് വിനായകന്റെ പോക്ക്; ഒരു തെങ്ങ് കടപുഴകി പോകുന്നത് പോലെ ആ വെള്ള ട്രാവലറിന്റെ അവസാന യാത്ര; മറക്കാൻ പറ്റുമോ..അന്നത്തെ ദൃശ്യങ്ങൾ; തകർന്ന് തരിപ്പണമായ സ്വാപ്നങ്ങൾക്ക് മാറ്റേകി കൂട്ടുകാരുടെ സ്‌നേഹസമ്മാനം; ജെറിമോൻ ഇപ്പോൾ ഹാപ്പിയാണ്..!

Update: 2025-10-28 07:53 GMT

നെടുങ്കണ്ടം: ഇക്കഴിഞ്ഞ തുലാവർഷ പെയ്ത്തിൽ കൂട്ടാർ പുഴയിലുണ്ടായ മിന്നൽ പ്രളയത്തിൽ കൂട്ടാറിലെ റെജിമോന്റെ 'വിനായക' എന്ന ട്രാവലർ വാഹനം പൂർണമായും ഒലിച്ചുപോയിരുന്നു. ഒരു പൊങ്ങുതടി പോലെ ഒഴുകിനീങ്ങിയ വാഹനം റെജിമോന്റെ സ്വപ്നങ്ങൾക്കൊപ്പം നഷ്ടപ്പെട്ടതിനെത്തുടർന്ന് നാടൊന്നാകെ ദുഃഖത്തിലായി. എന്നാൽ, ഇപ്പോൾ അതേ കൂട്ടാറിൻ്റെ തീരത്ത് നാടിന് ആശ്വാസമേകുന്ന ഒരു കാഴ്ചയാണ് അരങ്ങേറിയത്. റെജിമോന്റെ ഉറ്റസുഹൃത്തുക്കൾ ഒരുമിച്ചുകൂടി, തകർന്ന വാഹനം നഷ്ടപ്പെട്ട അദ്ദേഹത്തിന് അതേപേരിൽ പുതിയ ട്രാവലർ സമ്മാനിച്ചിരിക്കുകയാണ്.

പ്രളയത്തിൽ വാഹനത്തെ നഷ്ടപ്പെട്ട കൂട്ടാർ പാലത്തിനരികിൽ വെച്ച് തന്നെ റെജിമോന് പുതിയ വാഹനത്തിന്റെ താക്കോൽ കൈമാറി. ബെംഗളൂരുവിലെ ഐടി എഞ്ചിനീയർമാരായ കണ്ണൂർ സ്വദേശികളായ അഞ്ജിത, സുബിൻ, പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരാൾ എന്നിവരാണ് ഈ സ്നേഹസമ്മാനം നൽകിയത്.

ഇവർക്ക് നേരിട്ട് എത്താൻ സാധിക്കാത്തതിനാൽ, ഇവരുടെ സുഹൃത്തുക്കളായ രഹൻലാൽ, അശോകൻ എന്നിവരെയാണ് താക്കോൽ കൈമാറുന്ന ചടങ്ങിനായി ചുമതലപ്പെടുത്തിയത്. ഇടുക്കി എട്ടാം മൈലിൽ നിന്നാണ് പുതിയ വാഹനം വാങ്ങിയത്. പഴയ 'വിനായക'യ്ക്ക് 17 സീറ്റുകളായിരുന്നെങ്കിൽ, പുതിയ വാഹനത്തിന് 19 സീറ്റുകളുണ്ട്. ഏകദേശം 14.5 ലക്ഷം രൂപയാണ് ഇതിനായി മുടക്കിയത്.

റെജിമോനും സുഹൃത്തുക്കളും തമ്മിൽ എട്ട് വർഷത്തെ ബന്ധമാണുള്ളത്. ഡ്രൈവറായി എത്തി തുടങ്ങിയ റെജിമോൻ, പിന്നീട് സുഹൃത്തുക്കളുടെ സ്നേഹബന്ധത്തിലേക്ക് വളരുകയായിരുന്നു. അവർക്കുള്ള കടപ്പാട് തീർത്താൽ തീരാത്തതാണെന്ന് റെജിമോൻ പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവർമാരായ സന്തോഷ്, രാജ് കൃഷ്ണമേനോൻ (അപ്പു) എന്നിവരും വാഹനം നഷ്ടപ്പെട്ടതു മുതൽ വലിയ ദുഃഖത്തിലായിരുന്നു. എന്നാൽ, പുതിയ വാഹനം ലഭിച്ചതോടെ എല്ലാവരും ഏറെ സന്തോഷത്തിലാണ്.

പ്രളയത്തിൽ വാഹനം ഒലിച്ചുപോയതു മുതൽ കരയ്ക്കെത്തിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങളിൽ റെജിമോന്റെ സുഹൃത്തുക്കൾ സജീവമായി രംഗത്തുണ്ടായിരുന്നു. കുത്തൊഴുക്കിനെ അവഗണിച്ച് വെള്ളത്തിലിറങ്ങി വാഹനം കെട്ടിനിർത്തിയതും ഇവരായിരുന്നു. പിന്നീട് കരയ്ക്കെത്തിച്ചെങ്കിലും വാഹനം പൂർണമായും തകർന്നിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട വാഹനം വെള്ളത്തിലൂടെ പോയത് കടുത്ത ദുഃഖമുണ്ടാക്കിയെന്നും, പുതിയ വാഹനം എത്തിയതോടെ സന്തോഷത്തിലായെന്നും ഡ്രൈവർ അപ്പു (രാജ് കൃഷ്ണമേനോൻ) പറഞ്ഞു. ഇന്നുമുതൽ വാഹനം സർവ്വീസിന് ഇറക്കിത്തുടങ്ങിയിട്ടുണ്ട്. ഇതിനോടകം തന്നെ ബുക്കിംഗുകൾ വരുന്നുണ്ട്.

പ്രളയത്തിന്റെ കെടുതികൾക്കിടയിലും മനുഷ്യബന്ധങ്ങളുടെ ഊഷ്മളത വിളിച്ചോതുന്ന ഈ സംഭവം, നഷ്ടപ്പെട്ട സ്വപ്നങ്ങൾക്ക് പകരം പുതിയ പ്രതീക്ഷ നൽകിയിരിക്കുകയാണ്. കൂട്ടുകാരുടെ സ്നേഹവും പിന്തുണയും റെജിമോന് ഒരു പുതിയ തുടക്കം നൽകിയിരിക്കുന്നു.

Tags:    

Similar News