'ജനശക്തി' വി ഡി സതീശന്‍ സ്‌പെഷ്യല്‍ ഇറക്കിയപ്പോള്‍ പരസ്യം തരാമെന്ന് പറഞ്ഞ് പറ്റിച്ചു; പരസ്യം തന്ന നിംസ് ആശുപത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവിന്റെ ശിങ്കിടികള്‍ പണം അടിച്ചുമാറ്റി; താന്‍ മറ്റൊരു നവീന്‍ ബാബുവായി തീരട്ടെ എന്നാണോ സതീശന്‍ ആഗ്രഹിക്കുന്നതെന്ന് ജി ശക്തിധരന്‍; പൊങ്കാലയിട്ട് കോണ്‍ഗ്രസുകാര്‍
'ജനശക്തി' വി ഡി സതീശന്‍ സ്‌പെഷ്യല്‍ ഇറക്കിയപ്പോള്‍ പരസ്യം തരാമെന്ന് പറഞ്ഞ് പറ്റിച്ചു
തിരുവനന്തപുരം: സി.പി.എമ്മിന്റെ ഉന്നതനായ ഒരു നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫീസില്‍വെച്ച് രണ്ടരക്കോടിയോളം രൂപ കൈതോലപ്പായയില്‍ കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോയെന്ന വെളിപ്പെടുത്തലോടെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ബെന്നി ബഹനാന്‍ എം.പി. പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി നല്‍കിയതോടെ വിവാദം ആളിക്കത്തി. കൈതോലപ്പായ വിവാദം സ്വയം എരിഞ്ഞടങ്ങി കൊള്ളും എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അന്നുസമാധാനിച്ചത്. ഏറ്റവുമൊടുവില്‍ ശക്തിധരന്‍ ആഞ്ഞടിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെയാണ്.
കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ പ്രചരിപ്പിക്കുന്നത് പിണറായി വിജയന്റെ നേര്‍പകുതിയാണ് വി ഡി സതീശന്‍ എന്നാണെന്ന് ശക്തിധരന്‍ തന്റെ കുറിപ്പില്‍ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് അധികാര പ്രമത്തതയില്‍ അര്‍മാദിക്കുന്ന ഒരു ചെറിയ കോക്കസ് പ്രവര്‍ത്തിക്കുന്നു എന്നത് തന്റെ അനുഭവമാണ്. പ്രതിപക്ഷ നേതാവും ആ കെണിയില്‍ പെട്ട് പോയിരിക്കുന്നു എന്നതാണ് തന്റെ ബോദ്ധ്യമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ജനശക്തി പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവമാണ് ശക്തിധരന്‍ കുറിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് കാഴ്ചവെച്ച മികച്ച പ്രകടനത്തെ ആധാരമാക്കി ജനശക്തി പ്രത്യേക പതിപ്പ് അസൂത്രണം ചെയ്തിരുന്നു. 'അതിന് ജനശക്തിയുടെ സാധാരണ ലക്കത്തിന്റെ ചെലവ് മാത്രമാണ് വേണ്ടിവന്നത്. ചില്ലികാശ് പോലും പ്രതിപക്ഷ നേതാവിന്റെ കീശയില്‍ നിന്ന് എടുത്തിട്ടില്ല. അതിന്റെ അണ പൈസ കണക്ക് വരെ തല്‍സമയം തുണ്ട് കടലാസുകളില്‍ എഴുതി പ്രതിപക്ഷ നേതാവിന്റെ കയ്യിലും അദ്ദേഹത്തിന്റെ കീഴാളന്‍ അനീഷിന്റെ കയ്യിലും എല്‍പ്പിച്ചിട്ടുണ്ട്. അതാണ് ജനശക്തിയുടെ മഹത്വം. ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരുടെ പ്രസ്ഥാനം എന്ന ആശയം അന്വര്‍ഥമാക്കിയാണ് അതിന് കഴിഞ്ഞത്. അത് വിജയിച്ചു. അതിനിടെ പ്രതിപക്ഷ നേതാവിന്റെ കീഴാള്‍ പണി ചെയ്യുന്ന അനീഷ് ഒരു പ്രഖ്യാപനം നടത്തി. ഈ സ്‌പെഷലിന് നിംസ് ആശുപത്രി ഒരു പരസ്യം നല്കുമെന്ന്.'-ശക്തിധരന്‍ കുറിച്ചു.
പക്ഷേ പറഞ്ഞിരുന്ന പരസ്യം എത്തിയില്ല. അച്ചടിക്കുള്ള പണം എത്താന്‍ വൈകുമെന്നായപ്പോള്‍ ലക്കം ഇറക്കാന്‍ ആവശ്യമായ തുക കടമായി തന്റെ ഭാര്യയാണ് നല്‍കിയതെന്ന് ശക്തിധരന്‍ പറഞ്ഞു. 'എന്റെ ജീവിതത്തിലെ ആദ്യ സംഭവം ആയിരുന്നു ഇത്. അതല്ലെങ്കില്‍ ഈ സ്‌പെഷല്‍ ഇറക്കാന്‍ കഴിയില്ലായിരുന്നു. ഇതെഴുതുന്ന ഈ നിമിഷം വരെ പ്രതിപക്ഷ നേതാവോ കീഴാളന്‍ അനീഷോ മറ്റാരെങ്കിലുമോ ഈ പണം ജനശക്തിക്ക് തിരിച്ചു തന്നിട്ടില്ല.
ഞാന്‍ ഈ ദുരവസ്ഥ നേരിട്ട് പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും അദ്ദേഹം കനിഞ്ഞില്ല. ഇപ്പോള്‍ വിളിച്ചാല്‍ അനീഷ് ഫോണ്‍ എടുക്കുന്നില്ല. ആരൊക്കെയോ ചേര്‍ന്നു ഈ പണം നിംസ് ആശുപത്രിയില്‍ നിന്ന് കൈക്കലാക്കിയെന്നാണ് അവിടെ നിന്ന് അറിയുന്നത്. ഞാനും മറ്റൊരു നവീന്‍ ബാബുവായി തീരട്ടെ എന്നാണോ അധികാര പ്രമത്തതയില്‍ പ്രതിപക്ഷ നേതാവും ആഗ്രഹിക്കുന്നത്?.'
ജി ശക്തിധരന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇല മുള്ളില്‍ വീണാലും
മറിച്ചായാലും .....
പ്രതിപക്ഷ നേതാവ് ചിന്തിക്കുക ........
സോഷ്യല്‍ മീഡിയയില്‍ കുറച്ച് നാളായി എഴുതാത്തത് എന്തുകൊണ്ടാണെന്ന്, ഒട്ടേറെ സുഹൃത്തുക്കള്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു. മറുപടി എന്ത് എഴുതിയാലും അത് ഇലയ്ക്കാണോ മുള്ളിനാണോ കേട് ഉണ്ടാക്കുക എന്ന ആശങ്ക കൊണ്ടാണ് ഇത്രയും നാള്‍ മൗനം ദീക്ഷിച്ചത് എന്ന് തുറന്ന് പറയട്ടെ. എന്റെ ക്ഷമ ഇപ്പോള്‍ നെല്ലിപ്പടിയിലെത്തി.
ഞാന്‍ ശാന്തമായി ഉറങ്ങിയിട്ട് എത്രയോ നാളുകളായി എന്നറിയാമോ? ഉറക്കം നഷ്ടപ്പെടുത്തിയത് ആരാണെന്ന് ഇത് വായിക്കുമ്പോള്‍ മന:സാക്ഷി ഉള്ളവര്‍ക്ക് മനസിലാകും. ശ്രീ വി ഡി സതീശന്റെ ''അഹന്തതയെ'' കുറിച്ച് ആ പാര്‍ട്ടിയിലെ നേതാക്കള്‍ പരസ്യമായി വിമര്‍ശിക്കുന്നത് കാണുമ്പോള്‍ ഇത്രത്തോളം അത് മൂത്തിട്ടുണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ ചിന്തിച്ചിട്ടില്ല. ''അഹന്ത'' എന്ന വിഷസൂചി എത്ര ആഴത്തില്‍ കയറ്റിയാലാണ് ഒരാളെ ഇത്രയ്ക്ക് വേദനിപ്പിക്കാന്‍ കഴിയുക എന്നത് അനുഭവിച്ചു തന്നെ അറിയണം. ശ്രീ വി ഡി സതീശന്റെ സ്വഭാവത്തെ ക്ഷുദ്ര പ്രയോഗത്തിലൂടെ മാറ്റിമറിച്ച് ഈ പരുവത്തിലാക്കിയവര്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷി ആണെന്ന് ഞാന്‍ കരുതുന്നില്ല.
കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ പ്രചരിപ്പിക്കുന്നത് പിണറായി വിജയന്റെ നേര്‍പകുതിയാണ് ശ്രീ വി ഡി സതീശന്‍ എന്നാണ്. എന്നാല്‍ അത് പാര്‍ട്ടിയിലെ കുശുമ്പും കുന്നായ്മകളും മറ്റും കൊണ്ട് കെട്ടിച്ചമയ്ക്കുന്ന ആരോപണമായിരിക്കാം. അതിന്റെ തെറ്റിലും ശരികളിലേക്കും ഞാന്‍ കടക്കുന്നില്ല. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് അധികാര പ്രമത്തതയില്‍ അര്‍മാദിക്കുന്ന ഒരു ചെറിയ കോക്കസ് പ്രവര്‍ത്തിക്കുന്നു എന്നത് എന്റെ അനുഭവമാണ്. പ്രതിപക്ഷ നേതാവും ആ കെണിയില്‍ പെട്ട് പോയിരിക്കുന്നു എന്നതാണ് എന്റെ ബോദ്ധ്യം.
ഈ പ്രതിസന്ധി അറിയിക്കാന്‍ ഫോണില്‍ സംസാരിച്ചു തുടങ്ങുന്നയാളോട് വിഷയം മാറ്റി തടിതപ്പിയാല്‍ എത്രനാള്‍ അദ്ദേഹത്തിന് മറ്റുള്ളവരെ കബളിപ്പിക്കാന്‍ പറ്റും? കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ പ്രചരിപ്പിക്കുന്നത് പിണറായി വിജയന്റെ നേര്‍ പകുതിയാണ് സതീശന്‍ എന്നാണ്. എന്നാല്‍ അത് പാര്‍ട്ടിയിലെ കുശുമ്പും കുന്നായ്മകളും മറ്റും കൊണ്ട് കെട്ടിച്ചമയ്ക്കുന്ന ആരോപണമായിരിക്കാം. അതിന്റെ തെറ്റിലും ശരികളിലേക്കും ഞാന്‍ കടക്കുന്നില്ല. ഞാന്‍ ഒരു കോണ്‍ഗ്രസ് കാരനോ മറ്റേതെങ്കിലും വിശ്വാസ പ്രമാണങ്ങളില്‍ ആകൃഷ്ടനായി ജീവിക്കുന്നയാളോ അല്ല.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് കാഴ്ചവെച്ച പോരാട്ടം നിസ്തുലമാണ്. അതിന് ചരിത്രത്തില്‍ പ്രത്യേക ഇടം കിട്ടണം എന്ന ലക്ഷ്യം വെച്ച് ജനശക്തി പ്രത്യേക പതിപ്പ് അസൂത്രണം ചെയ്തിരുന്നു. അതിന് ജനശക്തിയുടെ സാധാരണ ലക്കത്തിന്റെ ചെലവ് മാത്രമാണ് വേണ്ടിവന്നത്. ചില്ലികാശ് പോലും പ്രതിപക്ഷ നേതാവിന്റെ കീശയില്‍ നിന്ന് എടുത്തിട്ടില്ല. അതിന്റെ അണ പൈസ കണക്ക് വരെ തല്‍സമയം തുണ്ട് കടലാസുകളില്‍ എഴുതി പ്രതിപക്ഷ നേതാവിന്റെ കയ്യിലും അദ്ദേഹത്തിന്റെ കീഴാളന്‍ അനീഷിന്റെ കയ്യിലും എല്‍പ്പിച്ചിട്ടുണ്ട്. അതാണ് ജനശക്തിയുടെ മഹത്വം. ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരുടെ പ്രസ്ഥാനം എന്ന ആശയം അന്വര്‍ഥമാക്കിയാണ് അതിന് കഴിഞ്ഞത്. അത് വിജയിച്ചു. അതിനിടെ പ്രതിപക്ഷ നേതാവിന്റെ കീഴാള്‍ പണി ചെയ്യുന്ന അനീഷ് ഒരു പ്രഖ്യാപനം നടത്തി. ഈ സ്‌പെഷലിന് നിംസ് ആശുപത്രി ഒരു പരസ്യം നല്കുമെന്ന്.
രാഷ്ട്രീയത്തില്‍ പരിചിതമായ വഞ്ചന ഇവിടെയും അരങ്ങേറി. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ സമ്പര്‍ക്കം മൂലം എനിക്ക് അവിടത്തെ തമ്മില്‍ കുത്തും ഒറ്റും ഏറെ പരിചിതമായെങ്കിലും ഞാനാ ലോകത്തേക്ക് തിരിഞ്ഞതേയില്ല. അവിടത്തെ മൂപ്പിളമാ തര്‍ക്കങ്ങള്‍ ആര്‍ക്കും പരിഹരിക്കാവുന്നതല്ല. ആ പരസ്യത്തിന്റെ താരിഫ് അയച്ചുകൊടുത്തു എന്നല്ലാതെ നിംസ് അധികൃതരോട് സംസാരിച്ചതും മറ്റുമെല്ലാം ചെയ്തത് അനീഷ് ആയിരുന്നു. ഒരു തവണപോലും ഞാന്‍ നിംസ് അധികൃതരുമായി സംസാരിക്കേണ്ടിവന്നില്ല. പക്ഷെ ഈ ഘട്ടം കഴിഞ്ഞപ്പോള്‍ എല്ലാം ജനശക്തിയുടെ കയ്യില്‍ നിന്ന് പോയി. ദുരൂഹതകള്‍ ഏറി.
പറഞ്ഞിരുന്ന പരസ്യം എത്തിയില്ല. അവസാനം, പ്രതിപക്ഷ നേതാവിന്റെ യശസ് ഉയര്‍ത്തുന്ന പരസ്യം എത്തുമോ എന്ന സന്നിഗ്ദതയിലെത്തി. പക്ഷെ പരസ്യപ്പെടുത്തി കഴിഞ്ഞ സ്‌പെഷലില്‍ നിന്ന് പിന്മാറാനാകാതെ പണം കടം വാങ്ങി ജനശക്തി സ്‌പെഷല്‍ ഇറക്കി. അച്ചടി നടത്തുന്ന ഒരു പ്രസിലും ഒരു പൈസപോലും കടം വെക്കാതിരിക്കുക എന്നത് ജനശക്തി എക്കാലവും മുറുകെ പിടിക്കുന്ന നയമാണ്. ഇവിടെയും അത് പാലിച്ചു.
പക്ഷെ അച്ചടിക്കുള്ള പണം എത്താന്‍ വൈകുമെന്നായപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ പോരാട്ടത്തിന്റെ യശസ് വിശദീകരിക്കുന്ന ലക്കം ഇറക്കാന്‍ ആവശ്യമായ തുക കടമായി എന്റെ ഭാര്യ നല്‍കി. എന്റെ ജീവിതത്തിലെ ആദ്യ സംഭവം ആയിരുന്നു ഇത്. അതല്ലെങ്കില്‍ ഈ സ്‌പെഷല്‍ ഇറക്കാന്‍ കഴിയില്ലായിരുന്നു. ഇതെഴുതുന്ന ഈ നിമിഷം വരെ പ്രതിപക്ഷ നേതാവോ കീഴാളന്‍ അനീഷോ മറ്റാരെങ്കിലുമോ ഈ പണം ജനശക്തിക്ക് തിരിച്ചു തന്നിട്ടില്ല.
ഞാന്‍ ഈ ദുരവസ്ഥ നേരിട്ട് പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും അദ്ദേഹം കനിഞ്ഞില്ല. ഇപ്പോള്‍ വിളിച്ചാല്‍ അനീഷ് ഫോണ്‍ എടുക്കുന്നില്ല. ആരൊക്കെയോ ചേര്‍ന്നു ഈ പണം നിംസ് ആശുപത്രിയില്‍ നിന്ന് കൈക്കലാക്കിയെന്നാണ് അവിടെ നിന്ന് അറിയുന്നത്. ഞാനും മറ്റൊരു നവീന്‍ ബാബുവായി തീരട്ടെ എന്നാണോ അധികാര പ്രമത്തതയില്‍ പ്രതിപക്ഷ നേതാവും ആഗ്രഹിക്കുന്നത്?.
ജി ശക്തിധരന്റെ പോസ്റ്റിന് കടുത്ത പൊങ്കാലയുമുണ്ട്. കോണ്‍ഗ്രസ് -വി ഡി സതീശന്‍ അനുകൂല പ്രൊഫൈലുകളും ശക്തിധരനെ കടന്നാക്രമിക്കുകയാണ്.
ശക്തിധരന്റെ മറുപടി ഇങ്ങനെ
ഒരാള്‍ അയാളുടെ ഹൃദയവേദന പൊതു വേദിയില്‍ പങ്കിടുമ്പോള്‍ അതിന് ഒരു വിലയും കല്‍പ്പിക്കാതെ നിന്ദ്യമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമാണെങ്കില്‍ അതേക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. സഹതാപം മാത്രം . ഒരു കോണ്‍ഗ്രസ് നേതാവും ഞാന്‍ എന്തെങ്കിലും അപാരാധം ചെയ്തുവെന്ന് പറഞ്ഞതായി കേട്ടില്ല . സോഷ്യല്‍ മീഡിയായില്‍ തുള്ളാന്‍ വീട്ടിരിക്കുന്നവര്‍ തുള്ളിക്കോട്ടെ. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഞാനും തീരുമാനിക്കാം. കഴിഞ്ഞ 20 വര്‍ഷത്തോളമായി സിപിഎമ്മിന്റെ കാപാലിക വാഴ് ച്ചയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന് ലഭിച്ച ബഹുമതിയാണിത് . ശ്രീ വി ഡി സതീശന്റെ സ്‌പെഷല്‍ ഇറക്കിയതിന് ചില്ലിക്കാശ് പോലും ജനശക്തി ഒരാളില്‍ നിന്നും വാങ്ങിയിട്ടില്ല. കെപിസിസി പ്രസിഡണ്ട് അന്വേഷിക്കട്ടെ. അതല്ലെങ്കില്‍ ശ്രീ വി ഡി സതീശന്‍ തുറന്ന് പറയട്ടെ .പക്ഷെ ശ്രീ വി ഡി സതീശന്റെ ഓഫീസ്സില്‍ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറി ശ്രീകുമാര്‍ പരിഹസിച്ചത് 'നിങ്ങള്‍ വിഎസിന്റെ ആളല്ലെ' എന്ന് പറഞാണ്. അതെന്താ ശ്രീ വി ഡി സതീശന്റെ ഓഫീസില്‍ ആ പേരു ചതുരഥിയായാണോ? പച്ചയ്ക്ക് എന്നെ അധിക്ഷേപിച്ചതിന് മാപ്പില്ല. അങ്ങിനെ അധിക്ഷേപിക്കപ്പെടേണ്ട ആളല്ല വി എസ്സ്.