യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല! കേരളം കണ്ട ഏറ്റവും വലിയ കലാ വിപ്ലവകാരി; വിനായകനെ ട്രോളിയും യേശുദാസിനെ പുകഴ്ത്തിയും ജി വേണുഗോപാല്‍; യേശുദാസിനെ അധിക്ഷേപിച്ചതില്‍ വിനായകന് കുറിപ്പിലൂടെ മറുപടിയുമായി ഗായകന്‍
യേശുദാസിനെ അധിക്ഷേപിച്ചതില്‍ വിനായകന് കുറിപ്പിലൂടെ മറുപടിയുമായി ഗായകന്‍
തിരുവനന്തപുരം:യേശുദാസിനെ വിമര്‍ശിച്ചുകൊണ്ട് വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി ഗായകന്‍ ജി വേണുഗോപാല്‍.തന്റെ ഫെയ്സ്ബുക് പേജില്‍ പങ്കുവെച്ച കുറിപ്പിലുടെയാണ് വേണുഗോപാല്‍ വേണുഗോപാല്‍ വിനായകന് മറുപടി നല്‍കിയത്. ''കേരളത്തില്‍ ഇപ്പോള്‍ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ് നമ്മള്‍. പൊളിറ്റിക്കല്‍ കറക്റ്റ്നസ് എന്ന കരിങ്കല്‍ ഭിത്തിയില്‍ തല തല്ലി ഒട്ടുമിക്ക പ്രശസ്തര്‍ക്കും അടി പതറുന്നു. കമ്പ്യൂട്ടര്‍ സ്‌ക്രീനിനു പിന്നില്‍ കുമ്പിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ തൊഴിലാളികള്‍ ഊരിപ്പിടിച്ച വാളുമായി ചാടിവീണു വെട്ടിവീഴ്ത്തുന്നു. മുറിവുണക്കാന്‍ പോലും സമയം കൊടുക്കാതെ മീഡിയ ക്യാമറകള്‍ അവരെ ശരപഞ്ജരത്തില്‍ കിടത്തുന്നു'' എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
സംഗീതത്തോട് യേശുദാസിനുള്ള പ്രതിപത്തിയെ കുറിച്ചും മലയാള സംഗീത ലോകത്ത് അദ്ദേഹം നടത്തിയ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും വേണുഗോപാല്‍ വിശദീകരിച്ചു. കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി എന്നാണ് വേണുഗോപാല്‍ യേശുദാസിനെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്. ''കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി ആരാണെന്ന് ചോദിച്ചാല്‍ യേശുദാസ് എന്നു നിസ്സംശയം പറയാം. കലയിലും സംഗീതത്തിലും സര്‍വഥാ കര്‍ണാട്ടിക് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്‌മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം ഒരു പാവപ്പെട്ട ലത്തീന്‍ കത്തോലിക്കന്‍ വലിയൊരു പൊളിച്ചെഴുത്ത് നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചു. ഒരു ഗായകനെ അടയാളപ്പെടുത്തുമ്പോള്‍ അവിടെ അയാളുടെ സ്വഭാവസവിശേഷതകള്‍ അല്ല, അയാളുടെ കാലത്തെ അതിജീവിച്ച ഗാനനിര്‍ജ്ജരി മാത്രം ശ്രദ്ധിച്ചാല്‍ മതി'' എന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ജി വേണുഗോപാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
'കേരളത്തില്‍ ഇപ്പോള്‍ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ് നമ്മള്‍. പൊളിറ്റിക്കല്‍ കറക്റ്റ്നസ് എന്ന കരിങ്കല്‍ ഭിത്തിയില്‍ തല തല്ലി ഒട്ടുമിക്ക പ്രശസ്തര്‍ക്കും അടി പതറുന്നു. കമ്പ്യൂട്ടര്‍ സ്‌ക്രീനിനു പിന്നില്‍ കുമ്പിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ തൊഴിലാളികള്‍ ഊരിപ്പിടിച്ച വാളുമായി ചാടിവീണു വെട്ടിവീഴ്ത്തുന്നു . മുറിവുണക്കാന്‍ പോലും സമയം കൊടുക്കാതെ മീഡിയ ക്യാമറകള്‍ അവരെ ശരപഞ്ജരത്തില്‍ കിടത്തുന്നു. ഒരായുഷ്‌ക്കാലം മുഴുവന്‍ സ്വന്തം ജീവിതവും പ്രതിഭയും ഉരുക്കിയൊഴിച്ച് കേരളത്തെ ലോക സിനിമയുടെയും സംഗീതത്തിന്റെയും നെറുകയില്‍ ഒരു സിന്ദൂരതിലകമായി ചാര്‍ത്തിയ അവരെ നിഷ്‌കരുണം വേട്ടയാടുന്നു. അസഭ്യം കൊണ്ട് മൂടുന്നു.
മാനവികതയില്‍ നിന്നും മനുഷ്യനെ മാറ്റിനിര്‍ത്തുന്നതാണ് പൊളിറ്റിക്കല്‍ കറക്ട്നസ് എന്ന് പ്രശസ്ത അമേരിക്കന്‍ കൊമേഡിയനും സാമൂഹ്യ പരിഷ്‌കര്‍ത്താവും ആക്ഷേപഹാസ്യകാരനും എഴുത്തുകാരനുമായ ജോര്‍ജ് കാര്‍ലിന്‍ അഭിപ്രായപ്പെടുന്നു''If you call a blind man visually challenged, will it change anything about his condition?''.ഒരായുഷ്‌കാലം മുഴുവന്‍ സിനിമയും സംഗീതവും ശ്വസിച്ചുച്ഛ്വസിച്ച് നാടോടുമ്പോള്‍ നടുചാല്‍കീറി സ്വന്തം ലോകം പണിത് അവിടെ സ്വന്തം നാട്ടുകാരെക്കൂടി കുടിയിരുത്തിയവരാണ് ഇവരൊക്കെ . കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി ആരാണെന്ന് ചോദിച്ചാല്‍ യേശുദാസ് എന്നു നിസ്സംശയം പറയാം. കലയിലും സംഗീതത്തിലും സര്‍വഥാ കര്‍ണാട്ടിക് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്‌മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം ഒരു പാവപ്പെട്ട ലത്തീന്‍ കത്തോലിക്കന്‍ വലിയൊരു പൊളിച്ചെഴുത്ത് നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചു . ഒരു ഗായകനെ അടയാളപ്പെടുത്തുമ്പോള്‍ അവിടെ അയാളുടെ സ്വഭാവസവിശേഷതകള്‍ അല്ല, അയാളുടെ കാലത്തെ അതിജീവിച്ച ഗാനനിര്‍ജ്ജരി മാത്രം ശ്രദ്ധിച്ചാല്‍ മതി.. ''അയാള്‍ അതിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു, അയാള്‍ ഇത്ര കാശു വാങ്ങി, ഇന്ത്യയ്ക്ക് വെളിയില്‍ പോയി ജീവിച്ചു,.'' ഇതല്ല ഒരു കലാകാരനെ അടയാളപ്പെടുത്തല്‍.
ജീവിതം തന്നെ സംഗീതവും സാധനയും സിനിമയും ആകുമ്പോള്‍ ഒരു കലാകാരന് എന്തു പൊളിറ്റിക്കല്‍ കറക്റ്റ്നസ്?സ്വന്തം കര്‍മ്മത്തില്‍ മാത്രം ഒതുങ്ങി, സ്വയം പുതുക്കുന്ന പരിശീലനമുറകളും ആയി ഏകാന്തനായി അദ്ദേഹം ജീവിക്കുന്നു.മൂര്‍ത്തമായ കലയുടെ പുണ്യം നുണയുന്നു.1970 കളില്‍ ജനിച്ച ഞങ്ങളില്‍ പലര്‍ക്കും സ്വന്തം മാതാപിതാക്കളുടെ ശബ്ദത്തേക്കാള്‍ സുപരിചിതവും ഹൃദ്യവുമാണ് യേശുദാസിന്റെ ശബ്ദം. സംഗീതത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് നടന്നു കയറാന്‍ അദ്ദേഹം ത്യജിച്ചതെല്ലാം ഇന്ന് പല കലാകാരന്മാര്‍ക്കും അത്യന്താപേക്ഷിതമായ റോ മെറ്റീരിയല്‍സ് ആയി മാറിയിരിക്കുന്നു. യേശുദാസ് പറയാതെ പറഞ്ഞുവെച്ച ഒരു കര്‍മ്മയോഗിയുടെ ജീവിതചര്യയുണ്ട്. അക്കാലത്തെ വളര്‍ന്നുവരുന്ന ഗായകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആയിരുന്നു അത്. അന്ന് അദ്ദേഹം വര്‍ജ്ജിച്ച വസ്തുക്കളുടെ അമിത ഉപയോഗത്താല്‍ വര്‍ദ്ധിത വീര്യത്തോടെ അദ്ദേഹത്തെ അസഭ്യം കൊണ്ട് മൂടുന്ന വിനായകന്മാര്‍ ഒന്നു മനസ്സിലാക്കുക. കഠിനമായ പാതകള്‍ താണ്ടി ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ യേശുദാസ് തന്നെയും തന്റെ കലയെയും തല്ലിക്കെടുത്തുക അല്ല ചെയ്തത്.
ഓരോ നിമിഷവും അദ്ദേഹം തന്നെത്തന്നെ നിരന്തരം പുന സൃഷ്ടിക്കുകയും തന്റെ സംഗീതം കൊണ്ട് കാലത്തെ അതിജീവിക്കുകയും, ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്ന വൈരാഗ്യ ബുദ്ധിയോടെ സ്വയം നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു. യേശുദാസ് നമ്മുടെ കേരളത്തിന്റെ ലോകോത്തര ഗായകനാണ്. പാട്ടുകാരനെ പാട്ടുകാരനായി മാത്രം കണ്ടാല്‍ മതി. അദ്ദേഹം സാമൂഹ്യ പരിഷ്‌കര്‍ത്താവെന്ന് തോന്നുന്ന ഇടത്താണ് അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നത്. ഒരിക്കല്‍ ഈ പുഴയും കടന്ന് എന്ന സിനിമയുടെ തിരക്കുപിടിച്ച റെക്കോര്‍ഡിങ് വേളയില്‍ അദ്ദേഹത്തിന്റെ രണ്ടു പാട്ടുകളുടെ റെക്കോര്‍ഡിങ്ങിനിടയില്‍ വീണു കിട്ടിയ രണ്ടു മണിക്കൂര്‍ ഗ്യാപ്പില്‍ എന്റെ പാട്ട് പാടി റെക്കോര്‍ഡ് ചെയ്യുവാന്‍ സംഗീതസംവിധായകന്‍ ജോണ്‍സണ്‍ എന്നോട് നിര്‍ദ്ദേശിച്ചു.
''ഇന്ന് സമയം വൈകിയല്ലോ നാളെ രാവിലെ വോയിസ് ഫ്രഷ് ആയിരിക്കുമ്പോള്‍ നമുക്ക് നോക്കിയാലോ ചേട്ടാ ''എന്ന് ഞാന്‍. അപ്പോള്‍ ശ്രീ യേശുദാസ് പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ''എടാ വേണൂ, ഒരു നല്ല പാട്ടുകാരന്‍ ഒരു വേട്ടക്കാരനെപ്പോലെയാണ്. തന്റെ തോക്കിന്റെ കുഴല്‍ എണ്ണയിട്ട് ,തുരുമ്പ് കളഞ്ഞ്, വെടിമരുന്ന് നിറച്ച്, ഉന്നം പിടിച്ച് നില്‍ക്കുക. വെക്കടാ വെടി എന്ന് ആജ്ഞാപിക്കുമ്പോള്‍ വെടി വയ്ക്കുക. അപ്പോള്‍ എണ്ണയില്ല മരുന്നില്ല എന്നു പറയരുത് !'' അദ്ദേഹത്തിന്റെ ഫിലോസഫിയും കര്‍മ്മശുദ്ധിയും ഇതില്‍ നിന്ന് മനസ്സിലാക്കാം.
കര്‍മ്മം മാത്രമാണ് ലക്ഷ്യം അതിനു വേണ്ടി സ്വന്തം ശരീരം, കണ്ഠം ഇവയെല്ലാം പരിപൂര്‍ണ്ണമായി സജ്ജമാക്കി നിര്‍ത്തുക.ഏകാഗ്രതയാണ് സുപ്രധാനം.യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല .യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവര്‍ണ്ണ സംഗീത കാലഘട്ടം പിറന്നുവീണത് എന്ന് നമ്മള്‍ മറക്കാതെയിരിക്കുക. അത്യുന്നതങ്ങളില്‍ അംബദ്കര്‍ , അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, നാരായണ ഗുരു, ഇവര്‍ക്ക് മഹത്വം . ഭൂമിയില്‍ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുള്‍ പ്രണാമം!'.
സിനിമ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദളിതര്‍ക്കും സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ഫണ്ടില്‍ സിനിമയെടുക്കുന്നതിന് മുമ്പ് പരിശീലനം നല്‍കണം എന്നായിരുന്നു അടൂര്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. നടന്‍ വിനായകനും അടൂരിനെ വിമര്‍ശിച്ചിരുന്നു.യേശുദാസിനെതിരെ കൂടി രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു വിനായകന്റെ പോസ്റ്റ്. ഈ പോസ്റ്റിലെ അസഭ്യ പ്രയോഗങ്ങള്‍ക്കെതിരെ നിരവധി പേര്‍ പ്രതികരിച്ചപ്പോള്‍ വിനായകന്‍ മറ്റൊരു പോസ്റ്റുമായി രംഗത്തുവന്നു. 'ശരീരത്തില്‍ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകള്‍ ജീന്‍സോ, ലെഗിന്‍സോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നാണ് നടന്‍ കുറിച്ചിരുന്നത്.
ദളിതര്‍ക്കും സ്ത്രീകള്‍ക്കും സിനിമ എടുക്കാന്‍ ഒന്നരക്കോടി രൂപ കൊടുത്താല്‍ അതില്‍ നിന്നു കട്ടെടുക്കും എന്ന് അടൂര്‍ പറയുന്നതും അസഭ്യമല്ലേ'യെന്നാണ് വിനായകന്‍ ചോദിച്ചത്.ഇതിന് പിന്നാലെ, ഫെഫ്ക നടന് നേരെ പരാതിയും നല്‍കിയിരുന്നു.തുടര്‍ച്ചയായാണ് നടനെ വിമര്‍ശിച്ച് ഗായകന്‍ ജി വേണുഗോപാലും രംഗത്തെത്തിയിരിക്കുകയാണ്.