കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്? പണമില്ലെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല; അയ്യപ്പ ഭക്തരെ ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ സ്ഥലംമാറ്റം റദ്ദാക്കും; പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍

കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്?

Update: 2026-02-19 08:12 GMT

മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ അയ്യപ്പഭക്തരെ നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ഇറക്കാതെ പെരുവഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആരെയും വഴിയില്‍ ഇറക്കിവിടരുതെന്ന് സി.എം.ഡി ഉത്തരവ് നിലവിലുണ്ടെന്നും യാത്രക്കാരെ രാത്രിയില്‍ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്. പണമില്ലെങ്കില്‍ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അയ്യപ്പഭക്തരെ ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗവും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ അയ്യപ്പഭക്തരെ നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ഇറക്കാതെ പെരുവഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ ഡ്രൈവറെ ജോലിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടിരുന്നു. പൂവാര്‍ ഡിപ്പോയിലെ താല്‍കാലിക ഡ്രൈവര്‍ സജി കുമാറിനെയാണ് പിരിച്ചുവിട്ടത്. സംഭവത്തില്‍ ഇതേ ഡിപ്പോയിലെ കണ്ടക്ടര്‍ കെ.എന്‍. പ്രേമസുതനെ അച്ചടക്കനടപടിയുടെ ഭാഗമായി കാഞ്ഞങ്ങാട് യൂനിറ്റിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.

ഫെബ്രുവരി 17നാണ് അച്ചടക്ക നടപടിക്ക് ആധാരമായ സംഭവം നടന്നത്. ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തരെ രാത്രി നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിക്കുന്നതിന് പകരം, ഗോപുരം കഴിഞ്ഞ് മെയിന്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വിജിലന്‍സ് ഓഫിസറുടെ കുറിപ്പിന്റെയും എക്‌സിക്യൂട്ടിവ് ഡയറക്ടറുടെ (വിജിലന്‍സ്) നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ട യൂനിറ്റ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സംഭവത്തെക്കുറിച്ച് സി.എം.ഡിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ അയ്യപ്പഭക്തരെ നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ഇറക്കാതെ പെരുവഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി തീര്‍ഥാടകനും രംഗത്തെത്തി. ഡ്രൈവര്‍ വളരെ മോശമായി പെരുമാറിയതെന്നും കണ്ടക്ടര്‍ യാത്രക്കാര്‍ക്കൊപ്പം നിന്നുവെന്നും തീര്‍ഥാടക സംഘത്തില്‍ ഉണ്ടായിരുന്ന രതീഷ് വാര്‍ത്താ ചാനലിനോട് വ്യക്തമാക്കി.

'അയ്യപ്പഭക്തരെ നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അനുസരിച്ചില്ല. 11 അമ്മമാരും എട്ട് വയസുള്ള മാളികപ്പുറവുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. വനത്തില്‍ ഇറക്കിവിടരുതെന്നും തിരികെ നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍, ജങ്ഷനിലോ എത്തിക്കണമെന്നും പല തവണ ആവശ്യപ്പെട്ടിരുന്നു. ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടി ഗതാഗത മന്ത്രി എടുത്തതില്‍ സന്തോഷമുണ്ട്. അയ്യപ്പഭക്തര്‍ക്ക് ഇത്തരം അനുഭവം ഉണ്ടാകാന്‍ പാടില്ല.

സ്റ്റാന്‍ഡില്‍ നിന്ന് 10.30നാണ് ബസ് എത്തിയത്. കുറച്ചു മുമ്പിലാണ് ബസ് പാര്‍ക്ക് ചെയ്യുന്നതെന്നും അവിടെ എത്തി ബസില്‍ കയറാനും ഡ്രൈവര്‍ ആവശ്യപ്പെട്ടു. 300 മീറ്റര്‍ നടന്നാണ് ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പോയത്. 13 പേര്‍ക്ക് ടിക്കറ്റ് എടുത്തപ്പോള്‍ വഴിയില്‍വെച്ച് അമ്മമാരെ ബസില്‍ കയറ്റാത്തതിനെ കുറിച്ച് ഡ്രൈവറോട് ചോദിച്ചിരുന്നു. എന്നാല്‍, ഡ്രൈവര്‍ പറഞ്ഞാല്‍ അനുസരിക്കില്ലെന്നും താനെന്ന് ചെയ്യാനാണെന്നുമാണ് കണ്ടക്ടര്‍ മറുപടി നല്‍കിയത്.

ശബരിമല യാത്രയെ കുറിച്ച് കണ്ടക്ടര്‍ ചോദിച്ചതായും വാന്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും മറുപടിയും നല്‍കി. നിലയ്ക്കല്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്താതെ പോയപ്പോള്‍ ഇക്കാര്യം കണ്ടക്ടറോട് പറഞ്ഞു. അടുത്ത വഴിയിലൂടെ സ്റ്റാന്‍ഡില്‍ കയറാനായിരിക്കുമെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്. അതിന് ശേഷവും ബസ് നിര്‍ത്താതെ പോയി. അപ്പോള്‍ കണ്ടക്ടര്‍ ബസ് നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. അമ്മമാരാണെന്നും നിലയ്ക്കലില്‍ തിരികെ എത്തിക്കണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അനുസരിച്ചില്ല. ഗോപുരം കഴിഞ്ഞ് മെയിന്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു.

ഉച്ചക്ക് ആഹാരം കഴിക്കാന്‍ വന്ന മറ്റൊരു ഡ്രൈവറും കണ്ടക്ടറുമാണ് അമ്മമാരെ കണ്ടിട്ട് ബസ് ഉടന്‍ സര്‍വീസ് നടത്തിയെന്നും രതീഷ് പറഞ്ഞു. ജീവനക്കാരില്‍ നല്ല മനുഷ്യരുമുണ്ട്. ഡ്രൈവറും കണ്ടക്ടറും തമ്മില്‍ നല്ലൊരു ബന്ധം ഉള്ളതായി ഇരുവരുടെയും പെരുമാറ്റത്തില്‍ തോന്നിയില്ല. കണ്ടക്ടര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന വിവരം ഗതാഗത വകുപ്പിനെ അറിയിക്കും. തെറ്റ് ചെയ്ത ആള്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ മതി' -രതീഷ് വ്യക്തമാക്കി.

Tags:    

Similar News