ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു; 592.54 കോടി വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പ്; 370.80 കോടി പണമായും 220.74 കോടി ചെക്കായും സ്വീകരിച്ചു; വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറി; ഫെമയുടെ ലംഘനം; ആര്‍ബിഐയേയും പറ്റിച്ചു; ഗോകുലം ഗോപാലനെ അറസ്റ്റു ചെയ്യുമോ? ഇഡി മടങ്ങുന്നത് 'ബ്ലെസ്' ചെയ്തല്ല!

Update: 2025-04-05 08:40 GMT

കൊച്ചി: റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ലെന്ന ഗോകുലം ഗോപാലന്റെ വാദം പൊളിച്ച് എന്‍ഫോഴ്‌സ്മന്റെ ഡയറക്ടറേറ്റ്. പ്രവാസികളില്‍ നിന്നും ചട്ടം ലംഘിച്ച് 593 കോടി രൂപ പിരിച്ചുവെന്നാണ് കണ്ടെത്തല്‍. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണവും കൈമറി. പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരും. ആര്‍ ബി ഐ ചട്ടവും ഫെമാ ലംഘനവും ഇഡി കണ്ടെത്തിയിട്ടുണ്ട്. ചിട്ടിക്കായി പണം കൈയ്യില്‍ വാങ്ങി അത് അക്കൗണ്ടിലൂടെ തിരിച്ചു നല്‍കിയെന്നും ആരോപണമുണ്ട്. വിദേശത്തേക്കുള്ള ഫണം അയയ്ക്കലും ചട്ടം ലംഘിച്ചാണെന്ന് ഇഡി പറയുന്നു. ഒന്നരക്കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ രേഖകള്‍ വിശകലനം ചെയ്ത് ഗോകുലത്തെ അറസ്റ്റു ചെയ്യാനും സാധ്യത കൂടി.

വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇഡി വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ കൂടുതല്‍ റെയ്ഡ് നടക്കുന്നതായും ഇഡി അറിയിച്ചു. നിലവില്‍ ഗോകുലത്തിനെ അറസ്റ്റു ചെയ്യേണ്ട ആവശ്യമില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ തെളിവുകള്‍ വിലയിരുത്തി മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ.

എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനും ചോദ്യം ചെയ്യലിലും പിന്നാലെ പ്രതികരിച്ച് വ്യവസായി ഗോകുലം ഗോപാലന്‍ രംഗത്തു വന്നിരുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും 'ബ്ലെസ്' ചെയ്താണ് മടങ്ങിയതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടതല്ല സ്വാഭാവികമായ പരിശോധന മാത്രമാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. അഞ്ച് ഇടങ്ങളിലായായിരുന്നു ഇ ഡി പരിശോധന നടത്തിയത്. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഗുരുതര ചട്ട ലംഘനങ്ങളുടെ സൂചന ഇഡി പുറത്തു വിടുന്നത്. ഇനിയും ഗോകുലത്തെ ഇഡി ചോദ്യം ചെയ്യും.

ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിന് എമ്പുരാന്‍ സിനിമയുമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. വിവിധ സിനിമയിലടക്കം കോടികള്‍ നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമാണെന്നാണ് ഇഡി അറിയിച്ചു. റെയ്ഡില്‍ ഒന്നരക്കോടി രൂപയും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇ ഡി റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.

ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കോടമ്പാക്കത്തെ സ്ഥാപനത്തിലെ റെയ്ഡ് ശനിയാഴ്ച പുലര്‍ച്ച വരെ നീണ്ടു. കോഴിക്കോട് കോര്‍പറേറ്റ് ഓഫീസില്‍വെച്ച് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്നൈയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.

വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്ന ഇഡിയുടെ കണ്ടെത്തലില്‍ തുടരന്വേഷണം നടക്കും. ആര്‍ബിഐയേയും റെയ്ഡിന്റെ വിവരങ്ങള്‍ അറിയിക്കും.

Tags:    

Similar News