സൗദിയിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഖമേനിയുടെ വധത്തിന് പ്രതികാരമായി 'ചുവന്ന കൊടി' ഉയര്‍ത്തിയ ഇറാന്റെ പ്രതികാരക്കനലില്‍ ഗള്‍ഫ് മേഖല; ദുബായിലും ദോഹയിലും മിസൈല്‍ വര്‍ഷം; പതറാതെ ഇറാന്‍, പകച്ച് പ്രവാസലോകം; ആകാശഗോപുരങ്ങള്‍ കത്തുന്നു, ഗള്‍ഫ് യുദ്ധമുനമ്പില്‍; ഒമാന്‍ ഒഴികെ എല്ലായിടത്തും ഭീതി

Update: 2026-03-03 02:20 GMT

വാഷിംഗ്ടണ്‍/ദുബായ്: മിഡില്‍ ഈസ്റ്റില്‍ പുകയുന്ന യുദ്ധം സമാനതകളില്ലാത്ത നാശത്തിലേക്കും ഭീതിയിലേക്കും നീങ്ങുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളെല്ലാം ഭീതിയുടെ നിഴലിലാണ്. ഒമാന്റെ മണ്ണില്‍ ഇറാന്‍ ആക്രമണം നടത്തിയിട്ടില്ല. എന്നാല്‍ കടലില്‍ ആക്രമിക്കുകയും ചെയ്തു. ഒമാന്‍ അതിര്‍ത്തയിലിലൂടെ പോകുന്ന കപ്പലുകളാണ് ഇറാന്റെ ആക്രമണത്തിന് ഇരയായത്. അതിനിടെ സൗദിയിലെ അമേരിക്കന്‍ എംബസിയിലേക്ക് ഡ്രോണ്‍ ആക്രമണമുണ്ടായി. ഈ സമയം അവിടെ ആരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന് നാശ നഷ്ടവും ഉണ്ടായി.

ഖമേനിയുടെ വധത്തിന് പ്രതികാരമായി 'ചുവന്ന കൊടി' ഉയര്‍ത്തിക്കൊണ്ട് യുഎസിനും ഇസ്രായേലിനുമെതിരെ സമാനതകളില്ലാത്ത പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത. മധ്യസ്ഥതയ്ക്ക് ഒരു രാജ്യത്തിനും കഴിയുന്നില്ല. ഇതോടെ യുദ്ധം നീളാനുള്ള സാധ്യതയാണ് തെളിയുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ വ്യോമാക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും അമ്പതോളം ഉന്നത സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ സംഘര്‍ഷം ആളിപ്പടര്‍ന്നത്. ഇറാന്‍ ഭരണകൂടം നല്‍കിയ സ്ഥിരീകരണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലാകെ ഇറാന്‍ അനുകൂല സേനകളുടെയും ഇറാന്റെയും പ്രത്യാക്രമണം ആരംഭിച്ചു കഴിഞ്ഞു.

ബഹ്റൈനിലെ മനാമയില്‍ ജനവാസമേഖലയിലുള്ള ആകാശഗോപുരത്തിന് നേരെ ഇറാനിയന്‍ ചാവേര്‍ ഡ്രോണ്‍ ഇടിച്ചുകയറിയത് ഭീകരമായ ദൃശ്യമായിരുന്നു. അമേരിക്കന്‍ നാവിക താവളത്തിന് സമീപമുള്ള ഈ കെട്ടിടത്തിന് മുകളില്‍ ഡ്രോണ്‍ ഇടിച്ചുണ്ടാക്കിയ തീഗോളവും അവശിഷ്ടങ്ങള്‍ ചിതറിത്തെറിക്കുന്നതും നടുക്കുന്ന കാഴ്ചയാണ്. ഇതിനുപുറമെ ബഹ്റൈനിലെ യുഎസ് ഫിഫ്ത് ഫ്‌ലീറ്റ് ആസ്ഥാനത്തിന് നേരെ മിസൈല്‍ ആക്രമണവും ഉണ്ടായി. ഇതില്‍ രണ്ട് സാറ്റലൈറ്റ് ടെര്‍മിനലുകളും നിരവധി കെട്ടിടങ്ങളും തകര്‍ന്നു.

ദുബായിലെ പാം ജുമൈറയിലുള്ള പ്രശസ്തമായ അഞ്ച് നക്ഷത്ര ഹോട്ടല്‍ ഫെയര്‍മോണ്ട് ദ പാമിന് സമീപം ഡ്രോണ്‍ പതിച്ച് തീപിടുത്തമുണ്ടായതും വിനോദസഞ്ചാരികളെ അടക്കം പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഈ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഡ്രോണുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബുര്‍ജ് അല്‍ അറബ് ഹോട്ടലിന് സമീപവും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടുത്തമുണ്ടായിട്ടുണ്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ റോഡരികില്‍ മിസൈല്‍ പതിച്ച് പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുന്‍പ് സാധാരണക്കാര്‍ ഓടി മാറുന്ന ദൃശ്യങ്ങളും യുദ്ധം നേരിട്ട് ബാധിക്കുന്ന മെട്രോ നഗരങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കുന്നു. ഇതിനിടെയാണ് സൗദിയിലെ അമേരിക്കന്‍ എംബസിലേക്ക് ആക്രമണം എത്തിയത്.

അതേസമയം കുവൈറ്റില്‍ മൂന്ന് അമേരിക്കന്‍ എഫ്-15 യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണത് അബദ്ധത്തില്‍ കുവൈറ്റ് സേനയുടെ തന്നെ വെടിയേറ്റാണെന്ന (ഫ്രണ്ട്ലി ഫയര്‍) റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിമാനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് കറങ്ങി വീഴുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് ആശ്വാസമായി. ഇറാനില്‍ ഇതുവരെ 555 പേരും ഇസ്രായേലില്‍ 11 പേരും ലബനനില്‍ 31 പേരും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍.

Similar News