'പ്രതി മൂവിങ്ങാണ്, ഒരു സ്ഥലത്ത് നിൽക്കുന്നില്ല'; ഇറിഡിയം ബിസിനസിന്റെ പേരിൽ 50 ലക്ഷം തട്ടിയ 'വിരുതൻ' പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നത് മൂന്നാം തവണ; എന്നിട്ടും കാര്യങ്ങൾ ‘മുറപോലെ’ നടക്കുമെന്ന ഒഴുക്കൻ മറുപടി; പ്രതിയെ പിടികൂടാത്തതിൽ ഒത്തുകളിയോ?
കോട്ടയം: ‘പ്രതി മൂവിങ്ങാണ്... ഒരു സ്ഥലത്ത് നിൽക്കുന്നില്ല. ഇപ്പോൾ കാണുന്നിടത്തല്ല അല്പം കഴിയുമ്പോൾ ലൊക്കേഷൻ കാണിക്കുന്നത്,’– 50 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായ വീട്ടമ്മയോട് പോലീസിന്റെ വിചിത്ര മറുപടി ഇങ്ങനെ. ഇറിഡിയം ബിസിനസിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പോലീസിനെ വെട്ടിച്ച് കോട്ടയത്തെത്തി മടങ്ങിയത് മൂന്നാം തവണ. കൃത്യമായ ലൊക്കേഷനും വാഹനത്തിന്റെ വിവരങ്ങളും കൈമാറിയിട്ടും പ്രതിയെ പിടികൂടാൻ പോലീസ് തയാറാകുന്നില്ലെന്നാണ് ആരോപണം.
ഹരിപ്പാട് സ്വദേശിയായ പ്രതി ശനിയാഴ്ച കോട്ടയം കഞ്ഞിക്കുഴിയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആസ്ഥാനത്തെത്തിയാണ് മടങ്ങിയത്. മറ്റൊരു കേസിലെ ഒത്തുതീർപ്പു ചർച്ചയ്ക്കായി അഭിഭാഷകനും സുഹൃത്തിനുമൊപ്പമാണ് പ്രതി സ്വന്തം കാറിൽ എത്തിയത്. പ്രതി വരുന്ന വിവരം നേരത്തെ അറിഞ്ഞ പരാതിക്കാരി സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വാഹനം എത്തിയ ഉടൻ ഉദ്യോഗസ്ഥനെ വിളിച്ചപ്പോൾ ‘പ്രതി മൂവിങ്ങാണ്’ എന്ന മറുപടിയാണ് ലഭിച്ചത്.
കഴിഞ്ഞ തവണ വിവരം അറിയിച്ചപ്പോൾ ‘സർ സ്ഥലത്തില്ല, ഇപ്പോൾ പിടിക്കാൻ പറ്റില്ല’ എന്നായിരുന്നു പോലീസിന്റെ നിലപാട്. വൻ ലാഭം വാഗ്ദാനം ചെയ്ത് ഇറിഡിയം ബിസിനസിന്റെ പേരിൽ കോട്ടയം സ്വദേശിനിയിൽനിന്ന് 50 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. കോട്ടയം വെസ്റ്റ് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതുകൂടാതെ കുറവിലങ്ങാട്ട് 50 ലക്ഷം, ചങ്ങനാശ്ശേരിയിൽ 30 ലക്ഷം, മണിമലയിൽ 15 ലക്ഷം എന്നിങ്ങനെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ പരാതികളുണ്ട്. പ്രതിയുടെയും സഹായിയുടെയും ഫോൺ നമ്പരുകൾ പോലീസിന് ലഭിച്ചിട്ടും ലൊക്കേഷൻ മാറിമറിയുന്നു എന്ന ന്യായം പറഞ്ഞ് പോലീസ് ഒഴിഞ്ഞുമാറുകയാണ്. കാര്യങ്ങൾ ‘മുറപോലെ’ നടക്കുമെന്ന ഒഴുക്കൻ മറുപടിയാണ് പരാതിക്കാരിക്ക് ലഭിച്ചത്.