ലൈക്ക എന്ന് എഴുതി കാണിച്ചപ്പോള്‍ നിശബ്ദരായിരുന്ന ആരാധകര്‍ ഗോപാലേട്ടാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഗോകുലം ഗോപാലന്റെ ടൈറ്റില്‍ വന്നപ്പോള്‍ ആവേശത്തോടെ കൈയ്യടിച്ചു; ലൈക്ക പ്രതിസന്ധിയിലാക്കിയ എമ്പുരാനെ ഒരു പോറല്‍ പോലും സംഭവിക്കാതെ ഉള്ളം കൈയ്യില്‍ വച്ച ഗോകുലം ഇന്ന് ശരിക്കും ഹീറോയായി; എമ്പുരാനില്‍ കൂടുതല്‍ കൈയ്യടി കിട്ടിയത് ആര്‍ക്ക്?
തിരുവനന്തപുരം: എമ്പുരാന്റെ ഭാവി എന്തെന്ന് ഇനിയും ആര്‍ക്കും അറിയില്ല. തുടക്കത്തില്‍ സമ്മശ്ര പ്രതികരണമാണ് വരുന്നത്. അതിനിടെ തിയേറ്ററില്‍ എമ്പുരാനിലൂടെ താരമായ മറ്റൊരാളുണ്ട് ഗോകുലം ഗോപാലന്‍. ലൈക്ക പ്രതിസന്ധിയിലാക്കിയ എമ്പുരാനെ ഒരു പോറല്‍ പോലും സംഭവിക്കാതെ ഉള്ളം കൈയ്യില്‍ വച്ച ഗോകുലം ഗോപാലനാണ് ഇന്ന് ശരിക്കും ഹീറോ ആയത്. ടൈറ്റില്‍ കാര്‍ഡ്സില്‍ ലൈക്ക എന്ന് എഴുതി കാണിച്ചപ്പോള്‍ മൗനമായി ഇരുന്ന ആരാധകര്‍ രണ്ടാമത് ഗോകുലം ഗോപാലന്റെ പേര് കണ്ടതും ആവേശത്തോടെ കൈയ്യടിച്ചു. ഒരു നിമിഷം ദൈവപുത്രനായി അവതരിച്ച ഗോകുലം ഗോപാലനെ മോഹന്‍ലാല്‍ ഫാന്‍സ് വാരി പുണര്‍ന്നതിന് തെളിവായി ഈ കൈയ്യടികള്‍. ആദ്യമായിട്ടായിരിക്കാം ഒരുപക്ഷേ നിര്‍മ്മാണ കമ്പനിക്ക് ഇത്രയും വലിയ കയ്യടി കിട്ടുന്നത്. ലൈക്ക എന്ന് എഴുതി കാണിച്ചപ്പോള്‍ നിശബ്ദരായിരുന്ന ആരാധകര്‍ ഗോപാലേട്ടാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഗോകുലം ഗോപാലന്റെ ടൈറ്റില്‍ എഴുതി കാണിച്ചപ്പോള്‍ കൈയ്യടിക്കുകയായിരുന്നു. ഇത് ഗോകുലത്തിനോട് ലാല്‍ ഫാന്‍സിനുള്ള കടപാട് പ്രകടനം കൂടിയായി.
ബിഗ് ബജറ്റില്‍ ഇറങ്ങിയ എമ്പുരാന്‍ ഒരുപാട് കടമ്പകള്‍ കടന്നു തന്നെയാണ് ഇവിടെ എത്തിയത്. അതിലെ ഒരു സീന്‍ ഒരു പ്രൊഡ്യൂസറിനോട് വിവരിച്ചപ്പോള്‍ ഇതൊക്കെ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് എന്ന് ചോദിച്ചവര്‍ പോലും ഉണ്ടെന്ന് സംവിധായകന്‍ പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ സംവിധായകനോട് 'ആ സീന്‍ ഞാന്‍ ഇത് ഷൂട്ട് ചെയ്തു കേട്ടോ' എന്ന് റിലീസിന്റെ തലേദിവസം വിളിച്ചുപറഞ്ഞു പൃഥ്വിരാജ്. അങ്ങനെയുണ്ടായിരുന്ന എമ്പുരാന്‍ ഒരുപാട് കടമകള്‍ കടന്ന് റിലീസിനോട് അടുത്തപ്പോള്‍ ലൈക്കയുടെ പിന്മാറ്റവും കൂടി എത്തി. തകര്‍ന്ന നിലയില്‍ എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടിയ ആന്റണി പെരുമ്പാവൂരിനെയും പൃഥ്വിരാജിനെയും ഒരു മടിയും കൂടാതെ ഒറ്റരാത്രികൊണ്ട് സഹായിച്ച ഗോകുലം ഗോപാലന്‍ ഹീറോ തന്നെയാണ് മോഹന്‍ലാല്‍ ഫാന്‍സിനും. അതാണ് തിയേറ്ററുകളില്‍ കൈയ്യടിയായി മാറിയതും. മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹമാണ് എമ്പുരാന്‍ പെട്ടെന്ന് ഏറ്റെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് നിര്‍മാതാവ് ഗോകുലം ഗോപാലന്‍ നേരത്തെ പറഞ്ഞിരുന്നു. ദൈവനിയോഗമായിട്ടാണ് തീരുമാനത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
മോഹന്‍ലാല്‍ നേരിട്ട് വിളിച്ചതിനാലാണ് എമ്പുരാന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായതെന്ന് ഗോകുലം ഗോപാലന്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ചെയ്ത സിനിമ പ്രതിസന്ധിയിലാകരുതെന്ന് ചിന്തിച്ചു. മോഹന്‍ലാലുമായി 40 വര്‍ഷത്തെ അടുത്ത ബന്ധമെന്നും ഗോകുലം ഗോപാലന്‍ ട്വന്റിഫോറിനോട് പറഞ്ഞു. 180 കോടി ചെലവഴിച്ച ചിത്രം ഒരിക്കലും നിന്നു പോകാന്‍ പാടില്ല. മലയാള ചരിത്രത്തിലെ ആദ്യ ഐമാക്‌സ് ചിത്രമാണിത്. നിര്‍മ്മാണത്തില്‍ പങ്കാളിയാകണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ലാല്‍ വിഷമിക്കുമ്പോള്‍ സഹായിക്കാതിരിക്കുന്നത് എങ്ങനെയാണ്. ഗോകുലം വരണമെന്ന് ആഗ്രഹിച്ചത് മോഹന്‍ലാലാണ്. പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യം വിളിച്ചതും മോഹന്‍ലാലാണ്. പിന്നീട് ആന്റണി പെരുമ്പാവൂരും വിളിച്ചു. അതുകൊണ്ടാണ് ഏറ്റെടുത്തതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. റിലീസ് ഡേറ്റ് മാറ്റേണ്ടിവന്നാല്‍ വലിയ നഷ്ടമുണ്ടാകും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ലൈക്കയോട് സംസാരിച്ചു.ലൈക്കക്ക് ഗോകുലത്തിനു പടം തരാന്‍ സന്തോഷമായിരുന്നു. സിനിമയില്‍ ആത്മവിശ്വാസത്തോടെ ചെലവഴിക്കണം. ചിലപ്പോള്‍ 9 എണ്ണം പരാജയപ്പെടുമായിരിക്കാം. ഒന്നായിരിക്കും വിജയിക്കുന്നത്. മോഹന്‍ലാലിന് കോട്ടം തട്ടാന്‍ പാടില്ലെന്ന് മാത്രമാണ് ചിന്തിച്ചത്. അതുകൊണ്ടാണ് വലിയ ബാധ്യത ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
'അവരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്. അതുകൊണ്ടാണ് ഇടപെട്ടത്. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ തര്‍ക്കം തീര്‍ത്തു എന്നാണ് എന്റെ വിശ്വാസം-' ഗോകുലം ഗോപാലന്‍ പറഞ്ഞു. ലൈക്ക മുടക്കിയ പണം അവസാന ഘട്ടത്തില്‍ മൊത്തമായി കൊടുക്കേണ്ടി വന്നിരിക്കുമല്ലോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചിരുന്നു. കൊടുക്കല്‍-വാങ്ങല്‍ ന്യായമായ വഴികളിലൂടെ നടത്തുന്ന ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഇതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല. ബാങ്കും ഫൈനാന്‍സ് കമ്പനിക്കാരും സഹായിക്കുന്ന സാഹചര്യം ഇന്നുണ്ടെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്കയും ചേര്‍ന്നായിരുന്നു എമ്പുരാന്‍ നിര്‍മിച്ചത്. ലൈക്ക പ്രൊഡക്ഷന്‍സിന്റേതായി മുന്‍പ് പുറത്തിറങ്ങിയ ഇന്ത്യന്‍ 2 ഉള്‍പ്പടെയുള്ള സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ സിനിമയുടെ നഷ്ടം നികത്താതെ ലൈക്കയുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ലെന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത. ഇതിനിടെയാണ് ഗോകുലം ഇടപെടല്‍ നടത്തിയത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബജറ്റ് നോക്കിയല്ല കണ്ടന്റും പ്രേക്ഷക അഭിലാഷവും മാനദണ്ഡമാക്കിയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഇതെന്നും, അത്ര മനോഹരമായാണ് പൃഥ്വിരാജ് ഇത് ഒരുക്കിയിരിക്കുന്നതെന്നും ഈ ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത്. ഇത്രയും മികച്ച ഒരു സിനിമ, ഒരു തടസങ്ങളും കൂടാതെ പറഞ്ഞ സമയത്ത് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണം എന്ന ആഗ്രഹം ഉള്ളതു കൊണ്ടും ലാലിനോടും ആന്റണിയോടുമുള്ള സ്നേഹംകൊണ്ടും തന്നെയാണ് താന്‍ ഇതില്‍ പങ്കാളി ആയതെന്നും ഗോകുലം വിശദീകരിച്ചിരുന്നു. റിലീസിന് മുമ്പേ തന്നെ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാന്‍. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് 21-ന് രാവിലെ ഒമ്പതുമണിക്കാണ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ തന്നെ റിക്കോര്‍ഡിട്ടു. ആദ്യ ദിനം അമ്പത് കോടിയും കിട്ടി. വരും ദിവസങ്ങളില്‍ പ്രേക്ഷക അഭിപ്രായമാകും ചിത്രത്തിന്റെ ഭാവി നിശ്ചയിക്കുക. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്.
ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസാണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.