കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്റെ പേരില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം; വിസിയുടെ നടപടിക്ക് പിന്നില്‍ ആര്‍ലേക്കറെന്ന് വ്യക്തം; പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ചു പറയാതെ മുഖ്യമന്ത്രി; സസ്‌പെന്‍ഷന്‍ അംഗീകരിക്കാതെ രജിസ്ട്രാര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തും

കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്റെ പേരില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം

Update: 2025-07-03 02:01 GMT

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്റെ പേരില്‍ സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കയാണ്. ഇതുവരെ ശീതസമരമായി നിന്ന സംഭവം ഒരു സസ്‌പെന്‍ഷനോടെ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കയാണ്. വിസിയാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെങ്കിലും പിന്നില്‍ ഗവര്‍ണര്‍ ആര്‍ലേക്കറുടെ പങ്ക് വ്യക്തമാണ്. ഇതോടെ സിപിഎം യുവജന സംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ്ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന്റെ നടപടി ഇടതു സിന്‍ഡിക്കേറ്റംഗങ്ങള്‍ ചോദ്യംചെയ്തതോടെ, പ്രശ്‌നത്തില്‍ നിയമയുദ്ധവും ഉറപ്പായിട്ടുണ്ട്. സിന്‍ഡിക്കേറ്റ് നിര്‍ദേശമനുസരിച്ച് വ്യാഴാഴ്ച രജിസ്ട്രാര്‍ സര്‍വകലാശാലയിലെത്തും. അദ്ദേഹത്തെ തടഞ്ഞാല്‍ സര്‍വകലാശാല ഏറ്റുമുട്ടലിനു വേദിയാവും.

കേരള സര്‍വകലാശാലാ നിയമം 1974-ലെ വകുപ്പ് 10(13) അനുസരിച്ച് ചിലഘട്ടങ്ങളില്‍ വിസിക്ക് സിന്‍ഡിക്കേറ്റിന്റെ അധികാരം പ്രയോഗിക്കാം. എന്നാല്‍, സസ്‌പെന്‍ഷന്‍പോലുള്ള അച്ചടക്കനടപടിയെടുക്കാന്‍ ഈ വകുപ്പ് അധികാരം നല്‍കുന്നില്ലെന്നും ചാന്‍സലറുടെ നിര്‍ദേശമനുസരിച്ചാണെങ്കില്‍പ്പോലും അത് നിയമവിരുദ്ധമാണെന്നും ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കിയാല്‍ അത് നിയമയുദ്ധത്തിലേക്ക് നീങ്ങും.

വിസിക്കെതിരേ രജിസ്ട്രാര്‍ കോടതിയിലെത്തിയാല്‍ സര്‍വകലാശാലയാണ് എതിര്‍കക്ഷി. ഇടതുഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് നിയമിച്ച അഭിഭാഷകന്റെ വാദം സ്വാഭാവികമായും രജിസ്ട്രാര്‍ക്ക് അനുകൂലമായിട്ടാവും. വിസി പ്രത്യേകം അഭിഭാഷകനെ നിയോഗിക്കേണ്ടിവരും. കേസില്‍ ഗവര്‍ണര്‍ കക്ഷിയായാല്‍ ചാന്‍സലറെന്നനിലയില്‍ അദ്ദേഹത്തിനുവേണ്ടി വേറെയും അഭിഭാഷകന്‍ ഹാജരാവേണ്ടിവരും. ഇങ്ങനെ, സങ്കീര്‍ണമായ നിയമയുദ്ധത്തിലേക്ക് വഴിവെക്കുന്നതാണ് ഇപ്പോഴത്തെ നടപടി.

വേദിയില്‍ ഗവര്‍ണര്‍ ഇരിക്കുമ്പോഴും ദേശീയഗാനാലാപനം നടക്കുമ്പോഴുമായിരുന്നു ഹാളിന് അനുമതിനിഷേധിച്ചത് അനുമതിവാങ്ങാതെ പോലീസില്‍ പരാതിനല്‍കിയെന്നാണ് വിസി പറയുന്നത്. അതേസമയം ഹാള്‍ റദ്ദാക്കുന്നത് രജിസ്ട്രാര്‍ വിസിയെയും രാജ്ഭവനെയും അറിയിച്ചിരുന്നു. ഹാളിന് അനുമതി നിഷേധിച്ചത് സംഘാടകരെ അറിയിച്ചിരുന്നു

ഗവര്‍ണറോട് അനാദരം കാണിച്ചിട്ടില്ല. അദ്ദേഹം വന്നശേഷം സുഗമമായി പരിപാടി നടത്താന്‍ രജിസ്ട്രാര്‍ ശ്രമിച്ചു. സര്‍വകലാശാലയില്‍ ചട്ടലംഘനവും സംഘര്‍ഷവും നടന്നതിനാല്‍ നിയമാനുസൃതമായാണ് രജിസ്ട്രാറുടെ നടപടിയെന്നാണ് സെനറ്റ് വാദിക്കുന്നതും.

അതിനിടെ കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വിസിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധം ശക്തമാക്കാന്‍ എസ്എഫ്‌ഐ.സര്‍വകലാശാലക്ക് മുന്നില്‍ ഗവര്‍ണര്‍ക്കും വി സി ക്കുമേതിരെ ബാനര്‍ കെട്ടിയ എസ്.എഫ്.ഐ. പകരം താല്‍ക്കാലിക വിസിയായി നിയമിതയായ ഡോ. സിസ തോമസിനും മുന്നറിയിപ്പും നല്‍കി. എസ്.എഫ്.ഐ എന്താണെന്ന് സിസ തോമസിന് അറിയാമെന്നും ചുമതല ഏല്‍ക്കാന്‍ വരട്ടെ അപ്പോള്‍ കാണാമെന്നുമാണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദന്‍ എം എ പ്രതികരിച്ചത്.

സെനറ്റ് ഹാളിലെ പരിപാടി മുന്‍വിധിയോടെ റദ്ദാക്കി ഗവര്‍ണ്ണറോട് അനാദരവ് കാണിച്ചെന്ന് വിമര്‍ശിച്ചാണ് രജിസ്ട്രാര്‍ക്ക് നേരെ അസാധാരണ നടപടി എടുത്തത്. ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.

വിസി മോഹന്‍കുന്നുമ്മലിന്റെ നടപടിയെ സര്‍ക്കാറും തള്ളിപ്പറഞ്ഞു. സര്‍ക്കാറും ഗവര്‍ണ്ണറും തമ്മിലെ പോരിനിടെയാണ് രജിസ്ടാറിനെതിരെ വിസി വാളെടുത്തത്. സിണ്ടിക്കേറ്റ് ചേരാത്ത സമയത്ത് അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന സര്‍വ്വകലാശാല വകുപ്പ് 10 അനുസരിച്ചാണ് അസാധാരണ നടപടി. 25 ന് സെനറ്റ് ഹാളിലെ പരിപാടിക്ക് ഗവര്‍ണ്ണര്‍ എത്തിയശേഷം അനുമതി റദ്ദാക്കിയെന്നാണ് വിസിയുടെ കുറ്റപ്പെടുത്തല്‍.

രജിസ്ട്രാര്‍ ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങി ചാന്‍സ്ലറോട് ്അനാദരവ് കാണിച്ചെന്ന് വിമര്‍ശിച്ചാണ് നടപടി. രജിസ്ട്രാറെ നിയമിക്കുന്ന സിണ്ടിക്കേറ്റിനാണ് അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം എന്നിരിക്കെ വിസിയുടെ നടപടി വിവാദത്തിലാണ്. ഗവര്‍ണ്ണര്‍ സെനറ്റ് ഹാളിലേക്ക് എത്തും മുമ്പ് തന്നെ പരിപാടിയുടെ അനുമതി റദ്ദാക്കിയെന്നാണ് രജിസ്ട്രാറുടെ വിശദീകരണം.

സര്‍ക്കാറും ഇടത് സിണ്ടിക്കേറ്റ് അംഗങ്ങളും വിസിയെ തള്ളി രജിസ്ട്രാര്‍ക്കൊപ്പമാണ്. സസ്‌പെന്‍ഷനെതരെ എസ്എഫ്‌ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. രാജ്ഭവന്റെ താല്പര്യത്തിന് അനുസരിച്ചാണ് വിസിയുടെ നടപടി. അതേസമയം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിന് നിയമസാധുതയില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് രജിസ്ട്രാര്‍ നടപ്പാക്കിയത്. മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്ന സര്‍വ്വകലാശാല നിബന്ധന ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാര്‍ പരിപാടി റദ്ദാക്കിയത്. ഏതാണ് മതപരമായ ചിഹ്നമെന്ന വിസിയുടെ ചോദ്യത്തിന് രജിസ്ട്രാര്‍ മറുപടി നല്‍കിയിരുന്നില്ല.

Tags:    

Similar News