സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നത് ഡിജിറ്റല്‍ ലോകത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും; നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിക്കും ഭരണത്തിനും വേണ്ടി പിആര്‍ വര്‍ക്ക് നടത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; സൈബര്‍ ഇടത്തെ കൂടുതല്‍ മലീമസമാക്കാനും യഥാര്‍ത്ഥ വസ്തുതകള്‍ മൂടിവെക്കാനും 'സര്‍ക്കാര്‍ വക' നിയമലംഘനം; 'സിപിഎം ക്യാപ്‌സ്യൂള്‍' ഇപ്പോള്‍ ഇറക്കുന്നത് പിആര്‍ഡിയോ?
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം കര്‍ക്കശമാക്കുന്ന സര്‍ക്കാര്‍ തന്നെ വ്യാജ ഐഡികള്‍ നിര്‍മ്മിക്കാന്‍ ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ വിവാദങ്ങളെ പ്രതിരോധിക്കാന്‍ 'ക്യാപ്‌സ്യൂള്‍' കുറിപ്പുകള്‍ പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത്. മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴിലെ കരാര്‍ ജീവനക്കാര്‍ക്കാണ് ഈ 'വ്യാജ ദൗത്യം' നല്‍കിയിരിക്കുന്നത്.
നേരത്തെ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനും പാര്‍ര്‍ട്ടിക്കും വേണ്ടി ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നത് 'സൈബര്‍ സഖാക്കള്‍' എന്നറിയപ്പെടുന്ന ഇടത് അനുകൂലികളായിരുന്നു. എന്നാല്‍, സമീപകാലത്തുണ്ടായ പല സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും തീവ്ര നിലപാടുകാരായ സൈബര്‍ പോരാളികള്‍ പലരും സര്‍ക്കാര്‍ വിരുദ്ധ ചേരിയിലായി. എകെജി സെന്റര്‍ കേന്ദ്രീകരിച്ചു നടക്കുന്ന സൈബര്‍ ഇടപെടലുകള്‍ പോലും പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്ന തിരിച്ചറിവാണ് ഖജനാവില്‍ നിന്ന് പണം മുടക്കി പുതിയ 'വ്യാജ ഐഡി മാഫിയ'യെ വളര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
ഐ.പി.ആര്‍.ഡി.യുടെ പേരോ ലോഗോയോ ഇല്ലാതെ, തികച്ചും വ്യക്തിഗതമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അക്കൗണ്ടുകള്‍ തുടങ്ങാനാണ് നിര്‍ദ്ദേശം. ഓരോ ജില്ലയിലും കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പ്രിസം ടീമിനാണ് ഇതിന്റെ ചുമതല. ഔദ്യോഗിക പേജുകള്‍ ഉപയോഗിക്കാതെ വ്യാജ പ്രൊഫൈലുകള്‍ വഴി ക്യാപ്‌സ്യൂളുകള്‍ പ്രചരിപ്പിക്കുമ്പോള്‍, പിന്നീട് എന്തെങ്കിലും നിയമപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് കൈകഴുകാം. വ്യക്തിഗതമായ വ്യാജ അക്കൗണ്ടുകള്‍ വഴി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതില്‍ കരാര്‍ ജീവനക്കാരില്‍ പലരും ആശങ്ക പ്രകടിപ്പിച്ചിട്ടും ഐ.പി.ആര്‍.ഡി അധികൃതര്‍ ഇത് അവഗണിക്കുകയാണ്.
വ്യാജ ഐഡികള്‍ ഉണ്ടാക്കുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരമായിരിക്കെ, നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുന്നത് ഭരണഘടനാപരമായ പ്രതിസന്ധിയാണ്. 'വ്യാജ വാര്‍ത്തകള്‍ തടയാന്‍ രൂപീകരിച്ച 'ഫാക്ട് ചെക്ക്' സംവിധാനത്തെപ്പോലും രാഷ്ട്രീയ പ്രതിരോധത്തിനായി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു.' ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പോലും ഔദ്യോഗിക വിശദീകരണം നല്‍കാതെ, വ്യാജ ഐഡികള്‍ വഴി ക്യാപ്‌സ്യൂളുകള്‍ ഇറക്കി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ബിജു പരവത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നത് ഡിജിറ്റല്‍ ലോകത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിക്കും ഭരണത്തിനും വേണ്ടി പിആര്‍ വര്‍ക്ക് നടത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത് സൈബര്‍ ഇടത്തെ കൂടുതല്‍ മലീമസമാക്കാനും യഥാര്‍ത്ഥ വസ്തുതകള്‍ മൂടിവെക്കാനും മാത്രമേ സഹായിക്കൂ. ഖജനാവില്‍ നിന്ന് പണം നല്‍കി വ്യാജ ഐഡികളുണ്ടാക്കി രാഷ്ട്രീയ പ്രചാരണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകും. മാതൃഭൂമി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, സൈബര്‍ ലോകത്തെ ഈ 'അധോലോക' പ്രവര്‍ത്തനത്തിനെതിരെ ഐടി നിയമപ്രകാരം നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നേക്കും.
വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് സൈബര്‍ നിയമങ്ങളുടെ ലംഘനമാണ്. സാധാരണക്കാര്‍ക്കെതിരെ കേസെടുക്കുന്ന പോലീസ്, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം വ്യാജ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നത് ഉയരുന്ന ചോദ്യമാണ്. സൈബര്‍ സഖാക്കള്‍ സര്‍ക്കാരിനെ കൈവിട്ടതോടെ ശമ്പളം കൊടുക്കുന്ന ജീവനക്കാരെക്കൊണ്ട് 'ക്യാപ്‌സ്യൂള്‍' ഇറക്കിപ്പിക്കേണ്ടി വരുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ പരാജയമാണെന്ന് വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. വസ്തുതകള്‍ പ്രചരിപ്പിക്കാനാണെങ്കില്‍ എന്തിന് ഔദ്യോഗിക പേജുകള്‍ ഒഴിവാക്കി 'വ്യാജ ഐഡികള്‍' നിര്‍മ്മിക്കണമെന്ന ചോദ്യവും ഉയരുന്നു.
