ഗോവിന്ദച്ചാമിയുടെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തി ചപ്പാത്തി നല്‍കാന്‍ ആരാണ് നിര്‍ദേശിച്ചതെന്ന ചോദ്യത്തിന് ജയില്‍ ഡിഐജിയുടെ അന്വേഷണത്തില്‍ ഉത്തരമില്ല; സത്യം കണ്ടെത്തിയേ മതിയാകൂവെന്ന് റവാഡ; കണ്ണൂര്‍ പോലീസ് വിയ്യൂരിലേക്ക്; ജയില്‍ ചാട്ടത്തിന് സഹായിച്ചവര്‍ അങ്കലാപ്പില്‍; ചാമി 'ഷേവ്' ചെയ്യാത്തതിന്റെ കാരണവും പുറത്ത്
തൃശൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. ജയില്‍ ചാടാനായി ഗോവിന്ദച്ചാമിയെ ആരെല്ലാം സഹായിച്ചു എന്നറിയാനാണ് ചോദ്യംചെയ്യല്‍. ജൂലായ് 25-ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പിറ്റേന്നു തന്നെ ഗോവിന്ദച്ചാമിയെ തൃശ്ശൂരിലേക്ക് മാറ്റിയിരുന്നു. ഇവിടെയെത്തിയ ഇയാളെ അധികൃതര്‍ ജയില്‍ച്ചട്ടങ്ങള്‍ പഠിപ്പിക്കുകയാണെന്നാണ് സൂചന. ഇതിനിടെയാണ് ചോദ്യം ചെയ്യല്‍. അതിസുരക്ഷാ ജയിലിലേക്ക് പ്രവേശിക്കുമ്പോള്‍ തുടക്കത്തില്‍ത്തന്നെ ഇടത്തുള്ള ഒന്നാമത്തെ സെല്ലില്‍ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി.
കണ്ണൂരില്‍ നിന്നു വിയ്യൂര്‍ അതീവസുരക്ഷാ ജയിലിലേക്കു മാറ്റിയ ഗോവിന്ദച്ചാമിയെ കണ്ണൂരില്‍ നിന്നുള്ള പോലീസ് സംഘം വിയ്യൂരിലെത്തിയാണ് ചോദ്യംചെയ്യുന്നത്. അന്വേഷണം കടുപ്പിക്കണമെന്ന് പോലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊടി സുനിയുടെ മദ്യപാനത്തിലും റവാഡയുടെ നിലപാടില്‍ തലശ്ശേരി പോലീസ് കേസെടുത്തിരുന്നു. ഗോവിന്ദച്ചാമിക്ക് ഒറ്റയ്ക്കു ജയില്‍ ചാടാന്‍ സാധിക്കില്ലെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കുമെന്നും ഇയാള്‍ ജയില്‍ ചാടിയതുമുതല്‍ സംശയമുണ്ടായിരുന്നു. ഗോവിന്ദച്ചാമിയെ ജയിലില്‍ ആരൊക്കെയോ സഹായിക്കുന്നുണ്ട് എന്നു ഗോവിന്ദച്ചാമി പ്രതിയായ കൊലക്കസിലെ ഇരയുടെ അമ്മയും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം കടുപ്പിക്കുന്നത്.
ഇതിനെ ചില കേന്ദ്രങ്ങള്‍ സംശയത്തോടെ കാണുന്നുണ്ട്. കണ്ണൂര്‍ ജയിലിലെ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള പോലീസ് മേധാവിയുടെ ഇടപെടലായി ഇതിനെ ചില കേന്ദ്രങ്ങള്‍ കാണുന്നു. ടിപി കേസ് പ്രതികളെ പ്രത്യേകം നിരീക്ഷിക്കുന്നു. ഭാവിയില്‍ പരോള്‍ നല്‍കാതിരിക്കാനുള്ള ഇടപെടലായും ഇതിനെ ചിലര്‍ വിലയിരുത്തുന്നുണ്ട്. ഗോവിന്ദ ചാമി കേസിലെ അന്വേഷണവും ഇതിന് വേണ്ടിയാണോ എന്ന സംശയം അവര്‍ക്കുണ്ട്. പക്ഷേ അന്വേഷണത്തെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ഗോവിന്ദചാമിയെ ആരോ സഹായിച്ചുവെന്ന നിഗമനം പോലീസിനുമുണ്ട്. ഇത് പോലീസ് മേധാവിയേയും അവര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേണഷം.
സെന്‍ട്രല്‍ ജയിലില്‍ ഗോവിന്ദച്ചാമിയുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തി ചപ്പാത്തി നല്‍കാന്‍ ആരാണ് നിര്‍ദേശിച്ചതെന്ന ചോദ്യത്തിന് ജയില്‍ ഡിഐജി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉത്തരമില്ല. ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കിലേ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുള്ളൂ. എന്നാല്‍ ഡോക്ടര്‍ അത്തരത്തിലൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നറിയുന്നു. ചപ്പാത്തി കഴിച്ചാല്‍ മെലിയുമെന്നും അതുകൊണ്ട് മാസങ്ങളായി അതാണ് കഴിക്കുന്നതെന്നും ഗോവിന്ദച്ചാമി പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. ശരീരം മെലിയുന്നത് പ്രത്യക്ഷത്തില്‍ ബോധ്യമായതോടെ ആ നില തുടരുകയായിരുന്നു. മെലിയാന്‍ മാസങ്ങളോളം തയ്യാറെടുപ്പ് നടത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇതെല്ലാം ദുരൂഹമാണ്.
അതിനിടെ ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടി. മീശയും താടിയും വടിച്ചു. നേരത്തെ ഷേവിങ് അലര്‍ജിയായതിനാലാണ് താടി വടിക്കാത്തതെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയതായി പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് അലര്‍ജി ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കണ്ണൂര്‍ ജയിലിലെ അധികൃതര്‍ തന്നോട് ഷേവ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഗോവിന്ദച്ചാമി ഇപ്പോള്‍ പറയുന്നത്. അതായത് കണ്ണൂരില്‍ എല്ലാം തോന്നിയതു പോലെയായിരുന്നു. വിയ്യൂരില്‍ ഗോവിന്ദ ചാമി പൂര്‍ണ്ണ നിരീക്ഷണത്തിലാണ്. ഈ സെല്ലിന് നേരേ എതിര്‍വശത്തുള്ള ഔട്ട് പോസ്റ്റില്‍ 24 മണിക്കൂറും രണ്ട് ജയില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ട്. ഇതിനു പുറമേ ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജയില്‍ ഡിജിപി ഗോവിന്ദച്ചാമിയുടെ സെല്‍ സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുമുണ്ട്. കണ്ണൂരില്‍ അതീവസുരക്ഷയുള്ള ജയിലില്‍ 10-ാം നമ്പര്‍ ബ്ലോക്കില്‍നിന്നാണ് 25-ന് പുലര്‍ച്ചെ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് തളാപ്പിലെ കിണറ്റില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്.