'എന്റെ നല്ല വശങ്ങളും മോശം വശങ്ങളും നീ കണ്ടു, അതെല്ലാം കണ്ടിട്ടും നീ എനിക്ക് കരുത്തായി കൂടെ നിന്നു; എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക് ഒത്തിരി നന്ദി! നിന്നെ കണ്ടുമുട്ടിയ അന്ന് മുതല്‍, എന്റെ ജീവിതത്തിന്റെ ഈ നിമിഷം വരെ': ഭാര്യ ചാരുലതയ്ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി സഞ്ജു സാംസണ്‍
ഭാര്യ ചാരുലതയ്ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി സഞ്ജു സാംസണ്‍
അഹമ്മദാബാദ്: ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെ, 2026 ലെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കുകയും 'പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ്' പുരസ്‌കാരം നേടുകയും ചെയ്ത മലയാളി താരം സഞ്ജു സാംസണ്‍ ഭാര്യ ചരുലതയ്ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി രംഗത്ത്. തന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലും ക്രിക്കറ്റിനോടുള്ള പാഷനിലും തുണയായി നിന്നതിന് നന്ദി പറഞ്ഞുകൊണ്ടുള്ള സഞ്ജുവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പോസ്റ്റ് പങ്കുവെച്ച് മിനിറ്റുകള്‍ക്കകം ഒന്നര ലക്ഷം ലൈക്കുകളാണ് ലഭിച്ചത്.
സഞ്ജു കുറിച്ചത് ഇങ്ങനെ:
'നിന്നെ കണ്ടുമുട്ടിയ അന്ന് മുതല്‍, എന്റെ ജീവിതത്തിന്റെ ഈ നിമിഷം വരെ...
എന്റെ കൂടെ നിന്നതിനും, ഞാന്‍ ആരാണോ അങ്ങനെ തന്നെ എന്നെ സ്‌നേഹിച്ചതിനും, പുറംലോകത്തിന് ഞാന്‍ ആരായാലും എന്നോട് എപ്പോഴും സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തിയതിനും നിന്നോട് ഒരുപാട് നന്ദി.. എന്റെ നല്ല വശങ്ങളും മോശം വശങ്ങളും നീ കണ്ടു, അതെല്ലാം കണ്ടിട്ടും നീ എനിക്ക് കരുത്തായി കൂടെ നിന്നു..
എന്റെ ജീവിതത്തില്‍ ക്രിക്കറ്റിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയതിനും, അത് നിനക്കും അതുപോലെ തന്നെയാക്കി മാറ്റിയതിനും നന്ദി..
ഈ നിമിഷത്തിനായി ഞാന്‍ എത്രത്തോളം തീവ്രതയോടെയും അഭിനിവേശത്തോടെയുമാണോ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും, അതേപോലെ തന്നെ നീയും ആഗ്രഹിച്ചു..
എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക്
(ഭാര്യയ്ക്ക്) ഒത്തിരി നന്ദി!'
പഠനകാലത്തെ ചിത്രവും ലോകകപ്പ് വിജയത്തിനു ശേഷമുള്ള ഗ്രൗണ്ടില്‍ നിന്നുള്ള ചിത്രവും പങ്കുവെച്ചാണ് പോസ്റ്റ്.
ചാരുലതയുടെ പിന്തുണയെക്കുറിച്ച് സഞ്ജു മുമ്പും വാചാലനായിട്ടുണ്ട്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ചാരു എപ്പോഴും പിന്തുണയുമായി കൂടെയുണ്ടാകാറുണ്ടെന്നും, വിവാഹശേഷമാണ് താന്‍ ജീവിതം കൂടുതല്‍ ആസ്വദിച്ചുതുടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 2012 മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും ആറു വര്‍ഷത്തിനു ശേഷമാണ് വിവാഹിതരായത്. അന്ന് സഞ്ജുവിന് 24 വയസ്സായിരുന്നു പ്രായം.
ഇത്ര നേരത്തെ എന്തിന് വിവാഹം കഴിച്ചു എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. ഐ.പി.എല്‍ പോലുള്ള ടൂര്‍ണമെന്റുകളില്‍ സഹതാരങ്ങള്‍ പങ്കാളികളുമൊത്ത് സഞ്ചരിക്കുമ്പോള്‍, ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച് അത് സാധ്യമല്ലായിരുന്നു എന്നും പുറത്ത് ചാരുവിനെ കാണാന്‍ ബുദ്ധിമുട്ടായിരുന്നു എന്നും സഞ്ജു പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ മറ്റ് ബന്ധങ്ങളൊന്നും തോന്നിയിട്ടില്ലെന്നും, യാത്രകളില്‍ താന്‍ ഒറ്റയ്ക്കായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
