കണ്ണൂര്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ഷേവിങ് അലര്‍ജി; തൃശൂരിലെ അതിസുരക്ഷ ജയിലില്‍ എത്തിയതോടെ മുടി പറ്റെ വെട്ടി, മീശയും താടിയും വടിച്ചു; ജയില്‍ ചാട്ടം നിര്‍ത്തി ചട്ടം പഠിക്കുന്ന തിരക്കില്‍ ഗോവിന്ദച്ചാമി; എല്ലാം നിരീക്ഷിച്ച് ക്യാമറകള്‍

ജയില്‍ ചാട്ടം നിര്‍ത്തി ചട്ടം പഠിക്കുന്ന തിരക്കില്‍ ഗോവിന്ദച്ചാമി

Update: 2025-08-10 11:03 GMT

തൃശ്ശൂര്‍: ജയില്‍ച്ചാട്ടത്തെ തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്നും തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ചട്ടം പഠിക്കുന്ന തിരക്കില്‍. അതിസുരക്ഷ ജയിലില്‍ എത്തിയ ഗോവിന്ദച്ചാമി മുടി പറ്റെ വെട്ടി. മീശയും താടിയും വടിച്ചു. കണ്ണൂര്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ഷേവിങ് അലര്‍ജിയായതിനാലാണ് താടി വടിക്കാത്തതെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴിയായി പുറത്തുവന്നിരുന്നത്. എന്നാല്‍ തനിക്ക് അലര്‍ജി ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കണ്ണൂര്‍ ജയിലിലെ അധികൃതര്‍ തന്നോട് ഷേവ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഗോവിന്ദച്ചാമി ഇപ്പോള്‍ പറയുന്നത്.

ജൂലായ് 25-ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പിറ്റേന്നു തന്നെ ഗോവിന്ദച്ചാമിയെ തൃശ്ശൂരിലേക്ക് മാറ്റിയിരുന്നു. ഇവിടെയെത്തിയ ഇയാളെ അധികൃതര്‍ ജയില്‍ച്ചട്ടങ്ങള്‍ പഠിപ്പിക്കുകയാണെന്നാണ് അറിയുന്നത്. മുടി പറ്റെ വെട്ടി, മീശയും താടിയും വടിച്ചു ജയില്‍ വേഷത്തിലാണ് ഗോവിന്ദ ചാമിയിപ്പോള്‍.

അതിസുരക്ഷാ ജയിലിലേക്ക് പ്രവേശിക്കുമ്പോള്‍ തുടക്കത്തില്‍ത്തന്നെ ഇടത്തുള്ള ഒന്നാമത്തെ സെല്ലില്‍ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമി. ഈ സെല്ലിന് നേരേ എതിര്‍വശത്തുള്ള ഔട്ട് പോസ്റ്റില്‍ 24 മണിക്കൂറും രണ്ട് ജയില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ട്. ഇതിനു പുറമേ ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയില്‍ ഡിജിപി ഗോവിന്ദച്ചാമിയുടെ സെല്‍ സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു.

കണ്ണൂരില്‍ അതീവസുരക്ഷയുള്ള ജയിലില്‍ 10-ാം നമ്പര്‍ ബ്ലോക്കില്‍നിന്നാണ് ജൂലൈ 25-ന് പുലര്‍ച്ചെ ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് തളാപ്പിലെ കിണറ്റില്‍നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇതിനു ശേഷം സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പിറ്റേന്നു തന്നെ ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മാറ്റി. ജയില്‍ അധികൃതര്‍ ഇയാളെ ചട്ടം പഠിപ്പിക്കുകയാണെന്നാണ് വിവരം. ജയില്‍ ചട്ടം അനുസരിച്ച് പ്രതികള്‍ മുടിവെട്ടണമെന്നും അതിനാലാണ് ഗോവിന്ദച്ചാമിയുടെ മുടി വെട്ടിച്ചതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ഇതുവരെ ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അധികൃതര്‍ പറഞ്ഞു.

Tags:    

Similar News