ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്) പിടിയിലെന്ന് ജനം ടിവി; 'സംഘപരിവാര്‍ മാധ്യമത്തിന് ഗോവിന്ദച്ചാമി 'ചാര്‍ളി തോമസ്'; വര്‍ഗീയ മുതലെടുപ്പിന് വക്രബുദ്ധിയെന്ന് കൈരളി ന്യൂസ്; 'സത്യം പറഞ്ഞതിന് നന്ദിയുണ്ടേ'യെന്ന് മറുപടി; ചാനല്‍പോര് കുറ്റവാളിയുടെ 'പേരിലും'

ചാനല്‍പോര് കുറ്റവാളിയുടെ 'പേരിലും'

Update: 2025-07-25 12:55 GMT

കണ്ണൂര്‍: ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദചാമിയെ നാട്ടുകാരുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് കേരള പൊലീസ്. ജയില്‍ സുരക്ഷയെക്കുറിച്ച് ആശങ്കകളും ആരോപണങ്ങളും ഉയരുമ്പോഴും കൊടുംകുറ്റവാളി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നുവെങ്കില്‍ വീണ്ടും പിടികൂടുക സങ്കീര്‍ണമായി മാറിയേനെ. എന്നാല്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളായിരുന്നു.

അതേ സമയം ഗോവിന്ദച്ചാമി പിടിയിലായ വാര്‍ത്ത ന്യൂസ് ചാനലുകള്‍ ആഘോഷമാക്കി. മാതൃഭൂമി ന്യൂസ് ലൈവ് വിഷ്യല്‍ പുറത്തുവിട്ടതോടെ മറ്റ് ന്യൂസ് ചാനലുകളും വാര്‍ത്തയുമായി കളംനിറഞ്ഞു. അതിനിടെ ജനം ടിവി കൊടുംകുറ്റവാളിയുടെ പേര് നല്‍കിയതിലെ 'വര്‍ഗീയത' തുറന്നുകാട്ടിയുള്ള കൈരളി ടിവിയുടെ ഇടപെടല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസ് പിടിയിലായതായി റിപ്പോര്‍ട്ട് എന്നായിരുന്നു ജനം ടിവി വാര്‍ത്ത നല്‍കിയത്. ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ജയിലിന് പുറത്തുള്ള സിസിടിവി കാമറയില്‍ നിന്നും ഗോവിന്ദച്ചാമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

തൊട്ടുപിന്നാലെ കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമിയുടെ പേരുപയോഗിച്ച് വര്‍ഗീയ മുതലെടുപ്പിന് സംഘപരിവാര്‍ മാധ്യമം എന്ന രീതിയില്‍ കൈരളി ടിവിയുടെ ഇടപെടല്‍. ജയില്‍ ചാടിയതും പിടിയിലായതുമായ വാര്‍ത്തകളില്‍ എല്ലാ മാധ്യമങ്ങളും ഗോവിന്ദച്ചാമി എന്ന് ഉപയോഗിച്ചപ്പോള്‍ ചാര്‍ളി തോമസ് എന്നാണ് സംഘപരിവാര്‍ മാധ്യമമായ ജനം ടി വി നല്‍കിയത്. കൃത്യമായ വര്‍ഗീയ മുതലെടുപ്പായിരുന്നു ലക്ഷ്യം.

'ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസ് ജയില്‍ ചാടി', 'ചാര്‍ളി തോമസിനെ തേടി പരക്കം പാഞ്ഞ് കേരളാ പൊലീസ്', 'ചാര്‍ളി തോമസ് പിടിയില്‍', 'ചാര്‍ളി തോമസ് കിണറ്റില്‍; കോരിയെടുത്ത് പൊലീസ്' തുടങ്ങിയ തലക്കെട്ടുകളാണ് ജനം ടി വി നല്‍കിയത്. കുറ്റവാളിയുടെ പേര് നോക്കി പ്രസ്തുത മതത്തെയും വിശ്വാസികളെയും വിചാരണ ചെയ്യുകയെന്ന സ്ഥിരം സംഘപരിവാര്‍ തന്ത്രമാണ് ഗോവിന്ദച്ചാമിയിലും പയറ്റുന്നത്.

ഈ പേരിലൂടെ ക്രിസ്ത്യന്‍ മതത്തെയും ക്രിസ്ത്യാനികളെയും ക്രൂശിക്കുകയാണ് ലക്ഷ്യം. കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ ന്യൂനപക്ഷങ്ങളാണെങ്കില്‍ ഈ രീതിയിലുള്ള വിചാരണ സംഘപരിവാറിന്റെയും അവര്‍ക്ക് കുഴലൂതുന്ന മാധ്യമങ്ങളുടെയും സ്ഥിരം രീതിയാണ്. അതാണ് ഗോവിന്ദച്ചാമിയിലും നാം കാണുന്നത് എന്നായിരുന്നു കൈരളി ടിവിയില്‍ വന്ന നിരീക്ഷണം.

അതേ സമയം കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്നും ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ആദ്യം പുറത്തുവിട്ടത് തങ്ങളെന്ന് അവകാശപ്പെട്ട കൈരളി ന്യൂസ് ചാനലിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത പരിഹാസമാണ് നേരിടേണ്ടി വന്നത്. ആഭ്യന്തര വകുപ്പിന് കീഴിലുള്ള ജയിലില്‍ നിന്നും കൊടുംകുറ്റവാളി ചാടിയത് വലിയ സുരക്ഷാ വീഴ്ച്ചയാണെന്നിരിക്കയാണ് ഇത് സിപിഎം ചാനല്‍ ആഘോഷമാക്കിയത്. ഫസ്റ്റ് ഓണ്‍ കൈരളി ന്യൂസ് എന്നു പറഞ്ഞ് ഗോവിന്ദച്ചാമി ജയില്‍ചാടിയെന്ന വാര്‍ത്ത കൈരളി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ഇക്കാര്യം തങ്ങളുടെ വാര്‍ത്താ മികവാക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മാഴയാണ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം ചാനലിനെ ട്രോളി രംഗത്തുവന്നു.

കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരും സോഷ്യല്‍ മീഡിയയില്‍ ട്രോളിക്കൊണ്ട് രംഗത്തുവന്നു. ''ഗോവിന്ദച്ചാമി ജയില്‍ ചാടി.. വാര്‍ത്ത ആദ്യം പുറത്തു വിട്ടത് കൈരളി ന്യൂസ്. സ്വഭാവികം!..ആഭ്യന്തര വകുപ്പിന്റെ മറ്റൊരു 'വിജയ' വാര്‍ത്ത പുറത്തു വിടുന്നത് പാര്‍ട്ടി ചാനല്‍..'' എന്നായിരുന്നു ഫേസ്ബുക്കില്‍ വീണ എസ് നായര്‍ കുറിച്ചത്. മറ്റൊരാള്‍ ട്രോളിക്കൊണ്ട് കുറിച്ചത് ഇങ്ങനെ: ''വാര്‍ത്ത ആദ്യം പുറത്തുവിട്ടത് കൈരളി ന്യൂസ്, കയ്യടിക്കടാ ചാടുന്നതിനു മുന്നേ വിവരം കിട്ടി കാണുമോ കൈരളിക്ക്''

മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കൈരളിയുടെ ഫസ്റ്റ് ഓണ്‍പോസ്റ്റര്‍ പുറത്തുവിട്ടത് ഇങ്ങനെ: ''ഇപ്രാവശ്യത്തെ ബ്രേക്കിംഗ് ഏഷ്യാനെറ്റ് , 24 ന്യൂസ് , റിപ്പോര്‍ട്ടര്‍ , മനോരമ , മീഡിയവണ്‍ ചാനലുകളെ കടത്തി വെട്ടി കൈരളി തൂക്കി... ഇത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് സ്വന്തം വീട്ടില്‍ മുത്തശ്ശി കിണറ്റില്‍ വീണപ്പോള്‍ കൊച്ചുമോന്‍ മൊബൈല്‍ എടുത്തു ലൈവ് പോയതാണ് .... ' ഹാലോ ഗെയ്‌സ്, മുത്തശ്ശി കിണറ്റില്‍ വീണേ... ഈ ദൃശ്യം ആദ്യമായി പുറത്തു വിടുന്നത് ഞാന്‍ ആണേ... ''' ഇങ്ങനെ കൈരളി ന്യൂസിന്റെ അവകാശവാദത്തെ ട്രോളിക്കൊണ്ട് നിരവധി പേരാണ് രംഗത്തുവന്നത്.

അതേസമയം സംഭവത്തില്‍ ജയില്‍ വകുപപ്പിനും അധികൃതര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നു. ജയില്‍ ചാട്ടത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമായത്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതോ ചാടിച്ചതോ എന്ന ചോദ്യം ഉയര്‍ത്തിയും ജയില്‍ ഉപദേശക സമിതിയെ ഉള്‍പ്പെടെ സംശയ മുനയിലേക്ക് നിര്‍ത്തിയുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

ഇതിന് മറുപടിയുമായി സിപിഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍ രംഗത്തെത്തി. സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു എന്നും പി ജയരാജന്‍ പരിഹസിച്ചു.

ആസൂത്രണം പാളി

ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നാണ് ഗോവിന്ദച്ചാമിയുടെ പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്. ജയിലിന്റെ അഴികള്‍ മുറിക്കാന്‍ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകള്‍ പുറത്തുനിന്ന് കാണാതിരിക്കാന്‍ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാള്‍ മൊഴി നല്‍കി. ജയിലിന്റെ മതില്‍ ചാടുന്നതിനായി പാല്‍പ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി.

ജയില്‍ ചാടിയതിന് ശേഷം ഗുരുവായൂരില്‍ എത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവര്‍ച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താന്‍ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി.

Tags:    

Similar News