ആദ്യം പ്ലാൻ ചെയ്തത് തമിഴ്‌നാട്ടിലേക്ക് കടക്കാൻ; റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി മറന്നത് കണക്കുകൂട്ടലുകൾ ആകെ തെറ്റിച്ചു; ആ പടുകൂറ്റൻ മതിലുകൾ ചാടിക്കടന്ന ഒറ്റകൈയ്യൻ ആള് നിസാരക്കാരനല്ല; പുറത്ത് കടക്കാൻ ആരും സഹായിച്ചിട്ടില്ലെന്ന് പോലീസ്; നാല് സഹതടവുകാരുടെ മൊഴി നിർണായകമാകും

Update: 2025-07-27 06:46 GMT

കണ്ണൂർ: കേരളത്തെ തന്നെ നടുക്കിയ സൗമ്യ വധക്കേസിലെ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത് ആരുടെയും സഹായമില്ലാതെ എന്ന് പോലീസ് വ്യക്തമാക്കി. ജയിലിന് അകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചില്ല എന്നാണ് പോലീസ് പറയുന്നത്. സെല്ലിൽ നിന്ന് പുറത്തിറങ്ങിയിട്ടും പുറത്ത് കടക്കാൻ താമസിച്ചത് മറ്റ് സഹായങ്ങൾ ഇല്ലാത്തത് കൊണ്ടാണെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം സെല്ല് തകർത്തതിന് ഗോവിന്ദച്ചാമിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുക്കുകയും ചെയ്തു. അതുപോലെ ​ഗോവിന്ദച്ചാമി ജയിൽ ചാടുന്നത് നാല് സഹതടവുകാർക്ക് അറിയാമായിരുന്നുവെന്ന് കണ്ടെത്തി. ഇതോടെ വിശദമായ മൊഴി രേഖപ്പെടുത്തേണ്ട തടവുകാരുടെ പട്ടികയും പോലീസ് തയ്യാറാക്കി കഴിഞ്ഞു.

ഇതിനിടെ, ഗോവിന്ദച്ചാമിയെ കഴിഞ്ഞ ദിവസം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം. വിയ്യൂർ ജയിലിലെ സെല്ലിൽ ഫാനും കട്ടിലും സിസിടിവി ക്യാമറകളും ഉണ്ട്.

സെല്ലുകളിൽ ഉള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. സെല്ലുകളിലേക്ക് ഭക്ഷണം എത്തിച്ച് നൽകുകയാണ് ചെയ്യുക, അതിന് പോലും പുറത്തിറക്കില്ല. ജയിലിന് പുറത്ത് ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലാണുള്ളത്. ഇതിനു മുകളിൽ പത്തടി ഉയരത്തില് വൈദ്യുത വേലിയുമുണ്ട്. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറും, ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളും ഉണ്ട്.

അതേസമയം, 2011 മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി ഏറെക്കാലം ജയില്‍ അധികൃതര്‍ക്കു തലവേദനയായിരുന്നു. എന്നാല്‍, 3 വര്‍ഷമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ, ജയില്‍ ചാടാനുള്ള ശ്രമമുണ്ടാകുമെന്ന് അധികൃതര്‍ കരുതിയില്ല. ജയിലില്‍ ജോലി ചെയ്യിക്കുന്നതിനിടെ പ്രശ്‌നമുണ്ടാക്കിയതിന് 10 മാസം തടവിനു ശിക്ഷിച്ചിരുന്നതയി മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്തു.

ഗോവിന്ദച്ചാമിക്കൊപ്പം സഹതടവുകാരന്‍ സുരേഷ് കണ്ണനെയും ജോലി ചെയ്യിക്കാറില്ല. മാനസിക ദൗര്‍ബല്യത്തിനു ചികിത്സയില്‍ കഴിയുന്നയാളാണു സുരേഷ്. ഇവര്‍ തമ്മില്‍ സെല്ലില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാകാറില്ല. മരുന്നു കഴിക്കുന്നതിനാല്‍ രാത്രി 10 ആകുമ്പോഴേക്കും സുരേഷ് ഉറങ്ങും. അതുകൊണ്ടുതന്നെ ഗോവിന്ദച്ചാമി സെല്ലിന്റെ ഇരുമ്പഴി മുറിക്കുന്നത് അറിഞ്ഞില്ലെന്നാണ് നിഗമനം. അതേസമയം സുരേഷിന് പദ്ധതി അറിയാമായിരുന്നെങ്കിലും ജയില്‍ചാടാന്‍ നിന്നില്ലെന്നുമാണ് വിവരം.

ജയില്‍ചാടാന്‍ ഗോവിന്ദച്ചാമി നടത്തിയത് 3 വര്‍ഷത്തെ തയാറെടുപ്പും ആസൂത്രണവുമെന്ന് ഉത്തരമേഖലാ ജയില്‍ ഡിഐജി വി.ജയകുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജയില്‍ചാട്ടത്തിന് എലിയെ പോലും ഗോവിന്ദച്ചാമി ടൂളാക്കി. സെല്ലിലേക്ക് എലി കയറുന്നതു തടയാന്‍ വാതിലിനു താഴെ തുണി തിരുകിവയ്ക്കാന്‍ ഗോവിന്ദച്ചാമി ജയിലധികൃതരുടെ അനുമതി നേടി. വാതിലിലെ ഇരുമ്പുകമ്പി അറുത്തുമാറ്റുന്നത് ആരും കാണാതിരിക്കാന്‍ തുണി ഉപയോഗിച്ചു മറച്ചു. കമ്പി മുറിക്കാനുള്ള ചെറിയ ആയുധങ്ങള്‍ 3 വര്‍ഷം മുന്‍പേ ഇയാള്‍ ശേഖരിച്ചു. രാത്രികളിലാണ് കമ്പി മുറിച്ചത്.

പുതപ്പും തുണിയും ഉപയോഗിച്ച് സ്വന്തം ഡമ്മിയും ഇയാളുണ്ടാക്കി. അധികൃതരെ തെറ്റിദ്ധരിപ്പിക്കാന്‍ ഡമ്മി പുതപ്പിച്ചിട്ട ശേഷം സെല്ലിനു പുറത്തുകടന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പുറത്തിറങ്ങിയ ഗോവിന്ദച്ചാമി ജയില്‍വളപ്പിലെ മതിലിനടുത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും ജീവനക്കാര്‍ കണ്ടില്ല. 24 മണിക്കൂര്‍ നിരീക്ഷണം വേണ്ട സിസിടിവി പരിശോധിക്കാനും ആരുമുണ്ടായില്ല. കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള സെല്ലുകളില്‍ കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട പരിശോധനയിലും വീഴ്ചയുണ്ടായി. ഗോവിന്ദച്ചാമി പുറത്തിറങ്ങിയ സമയം സെല്ലിന്റെ പരിസരത്തു വെളിച്ചമുണ്ടായിരുന്നില്ല.

ഗുരുതരവീഴ്ച വരുത്തിയ ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗോവിന്ദച്ചാമിക്ക് ജയിലിനുള്ളില്‍നിന്ന് ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് അധികൃതരുടെ നിലപാടെങ്കിലും അക്കാര്യം വിശദമായി പരിശോധിക്കണമെന്നും ഡിഐജി ആവശ്യപ്പെട്ടു. അതിനിടെ ഗോവിന്ദച്ചാമി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലുകളില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ചെറു ആയുധങ്ങള്‍ പിടികൂടി. ജയിലില്‍ കഴിയുന്ന ഗുണ്ടകളുടെ സെല്ലില്‍നിന്നാണ് ആയുധങ്ങള്‍ കൂടുതലും പിടികൂടിയത്.

Tags:    

Similar News