സ്‌പോര്‍ട്സ് കൗണ്‍സിലിലും ഹൗസിങ് ബോര്‍ഡിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ പെന്‍ഷന്‍ പരിഷ്‌കരണം പകയായി; കുടിശ്ശിക കോടതി വിധി പ്രകാരം നല്‍കേണ്ടി വന്നപ്പോള്‍ പ്രതികാരം; ശമ്പളത്തില്‍ കൈയൊഴിഞ്ഞു; ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ പിടിമുറുക്കി സര്‍ക്കാര്‍; ഗ്രാന്റ് ഇന്‍ എയ്ഡ് സര്‍ക്കുലറിന് പിന്നിലെ കഥ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് അടക്കം വെല്ലുവിളിയാകും. ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ സ്വന്തമായി പണം കണ്ടെത്തണമെന്ന ധനവകുപ്പിന്റെ ഉത്തരവ് ഖജനാവില്‍ ഒന്നും ഇല്ലാത്തതിന്റെ സൂചനയാണ്. സംസ്ഥാനത്തെ ഇരുനൂറോളം സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. ഒരു വരുമാനവുമില്ലാത്തതാണ് ഈ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ നല്‍കുന്ന പ്ലാന്‍ ഫണ്ട് വകമാറ്റിയും നോണ്‍ പ്ലാന്‍ ഫണ്ടെടുത്തുമാണു ഇവിടെ എല്ലാം ശമ്പളം നല്‍കല്‍. ഇതാണ് പിണറായി സര്‍ക്കാര്‍ തടയുന്നത്.
സര്‍ക്കാരിനു കീഴില്‍ ഇരുനൂറോളം ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുണ്ട്. ബജറ്റില്‍ ഓരോ വര്‍ഷവും അനുവദിക്കുന്ന തുക കൊണ്ടാണു മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. വരുമാനം ഉറപ്പാക്കുന്നതിനായി ചില സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുവെങ്കിലും ഒന്നും നടപ്പായില്ല. സാംസ്‌കാരിക വകുപ്പിനു കീഴില്‍ മാത്രം 27 സ്ഥാപനങ്ങളുണ്ട്. ചില സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കു ശമ്പള പരിഷ്‌കരണം പോലും നടത്തി. ഇവിടെ എല്ലാം ജോലി ചെയ്യുന്നത് പിടിപാടുള്ള ആളുകളാണ്. സ്വന്തം നിലയില്‍ ഈ സ്ഥാപനങ്ങള്‍ ആളുകളെ നിയമിക്കാറുണ്ട്. ഇങ്ങനെയാണെങ്കിലും പണിയെടുക്കുന്നവര്‍ ബഹു ഭൂരിഭാഗവും സാധാരണക്കാരാണ്. അതുകൊണ്ട് പുതിയ നീക്കം ഇവരുടെ ശമ്പളം മുടക്കും.
സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാരിന്റെ സഹായധനം മുടങ്ങുന്നതിനാല്‍ പല സ്ഥാപനങ്ങളുടെയും നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാണ്. സ്ഥാപനങ്ങളില്‍ സ്വന്തം ഫണ്ടുണ്ടെങ്കിലേ ശമ്പളം ലഭിക്കൂ. കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളക്കുടിശ്ശിക കേസിലും സര്‍ക്കാര്‍ ഇതേ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. വിവിധ വകുപ്പുകള്‍ക്കു കീഴില്‍ ചെറുതും വലുതുമായി ഇരുനൂറോളം ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുണ്ട്. ജീവനക്കാര്‍ എത്രയെന്ന് വ്യക്തമല്ല. ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി, കേരള കലാമണ്ഡലം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ലൈബ്രറി കൗണ്‍സില്‍, മനുഷ്യാവകാശ കമ്മിഷന്‍, സാക്ഷരതാ മിഷന്‍, സെന്റര്‍ ഫോര്‍ ഡിവലപ്മെന്റ് സ്റ്റഡീസ്, ഗിഫ്റ്റ്, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തുടങ്ങിയവയാണ് പ്രധാന സ്ഥാപനങ്ങള്‍.
ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവ സര്‍ക്കാരിന്റെ ബാധ്യതയല്ല എന്ന പുതിയ സര്‍ക്കുലറിന്റെ ആശങ്കയിലാണ് സാംസ്‌കാരിക സ്ഥാപനങ്ങള്‍. എന്നാല്‍, 'ഗ്രാന്റ് ഇന്‍ എയ്ഡ് സാലറി' എന്ന ശീര്‍ഷകത്തില്‍ അനുവദിക്കുന്ന തുക ശമ്പളത്തിന് ഉപയോഗിക്കാമെന്നാണു സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം ശമ്പളം കൊടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സാസ്‌കാരിക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എല്ലാം ആശങ്കയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടു വരാനാണ് നീക്കം. കേരള കലാമണ്ഡലത്തില്‍ ഇരുന്നൂറോളം സ്ഥിരം ജീവനക്കാരുണ്ട്. വിദ്യാര്‍ഥികള്‍ സ്‌റ്റൈപ്പന്റോടെ പരിശീലനം നേടുന്നവരായതിനാല്‍ ഫീസിനത്തില്‍ വരുമാനമില്ല. ശമ്പളത്തിനു സര്‍ക്കാരിന്റെ ഗ്രാന്റ് കിട്ടണം. കേരള സാഹിത്യ അക്കാദമിയില്‍ 45 ജീവനക്കാരുണ്ട്. അക്കാദമി ഹാളുകളുടെ വാടകയും പുസ്തകവില്‍പനയുമാണു വരുമാനം. പക്ഷേ, ഈ തുക ശമ്പളത്തിനു തികയില്ല. കേരള സംഗീത നാടക അക്കാദമിയില്‍ 21 സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 35 ജീവനക്കാരുണ്ട്. ഇവിടെയും പ്രതിസന്ധിയാകും. ലളിതകലാ അക്കാദമിക്ക് 52 ജീവനക്കാരുണ്ട്്. ഇവര്‍ക്കും പ്രതിസന്ധിയായി സര്‍ക്കുലര്‍ മാറും.
സ്വയം വരുമാനമുണ്ടാക്കണമെന്ന നിര്‍ദേശം തിരിച്ചടി സൃഷ്ടിക്കുമെന്നാണു ജീവനക്കാരുടെ പരാതി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അടക്കം പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരും. പദ്ധതി വിഹിതം 50% വെട്ടിക്കുറയ്ക്കാന്‍ നടപടി ആരംഭിച്ചു കഴിഞ്ഞു. ഇത് ഇപ്പോള്‍ കിട്ടുന്ന സര്‍ക്കാര്‍ സഹായം പോലും പകുതിയാക്കും. ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ സര്‍ക്കുലറും പ്രതിഷേധങ്ങള്‍ക്കു കാരണമായ സ്ഥിതിക്കു പിന്‍വലിക്കുമെന്ന് സൂചനയുണ്ട്. സര്‍ക്കാര്‍ സഹായധനത്തോടെ (ഗ്രാന്റ് ഇന്‍ എയ്ഡ്) പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ചെലവില്‍ കര്‍ശന നിലപാടുമായി സര്‍ക്കാര്‍ എത്തുന്നത് സാമ്പത്തിക പ്രതിസന്ധി കാരണമാണ്. ശമ്പള വര്‍ധനയ്ക്കും കുടിശ്ശികയ്ക്കും ആനുകൂല്യങ്ങള്‍ക്കും അവകാശമുന്നയിച്ച് ജീവനക്കാര്‍ കോടതികളെ സമീപിച്ചാല്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും ഈ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സര്‍ക്കാരിനെയും വകുപ്പുസെക്രട്ടറിമാരെയും എതിര്‍കക്ഷികളാക്കി കോടതികളെ സമീപിക്കുന്നതും അനുകൂലവിധി നേടിയെടുക്കുന്നതും നിരുത്സാഹപ്പെടുത്താനാണ് ഈ നിര്‍ദേശം.
കോടതി അനുകൂലമായി വിധിച്ച് സര്‍ക്കാര്‍ പണം നല്‍കേണ്ടിവന്നാല്‍ അത് സ്ഥാപന മേധാവിയില്‍നിന്ന് ഈടാക്കും. സ്‌പോര്‍ട്സ് കൗണ്‍സിലിലും ഹൗസിങ് ബോര്‍ഡിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ കുടിശ്ശിക കോടതിവിധി പ്രകാരം സര്‍ക്കാര്‍ നല്‍കേണ്ടിവന്നതാണ് പകയ്ക്ക് കാരണം. 35 കോടിയാണ് ഇങ്ങനെ നല്‍കേണ്ടിവന്നത്.