ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയെയും വധിച്ച് ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ കൊലപ്പെട്ട 250 ഹിസ്ബുള്ളക്കാരില്‍ ഹാഷിം സഫൈദീനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്; നെതന്യാഹുവിന്റെ അടുത്ത ലക്ഷ്യം ഒക്ടോബര്‍ ഏഴിന് ഇറാന്റെ ആണവനിലയങ്ങള്‍? സ്ഥിരീകരിക്കാതെ അമേരിക്ക

ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ഇസ്രയേല്‍

Update: 2024-10-05 10:36 GMT

ബെയ്‌റുട്ട്: ലെബനനില്‍ കരയുദ്ധം നാല് ദിവസം പിന്നിടുന്നതിനിടെ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെയും ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാര്‍ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍ സഫീദ്ദീനും ഉള്‍പ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സി അല്‍ ഹദാത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇസ്രയേല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്. ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാംദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്. വ്യോമാക്രമണത്തില്‍ ഹാഷിം സഫൈദീന്‍ കൊല്ലപ്പെട്ടതായാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിവരം. നസ്രള്ളയുടെ ബന്ധുവാണ് സഫീദ്ദീന്‍. 1964ല്‍ തെക്കന്‍ ലെബനനിലെ ദേര്‍ ഖനുന്‍ അല്‍-നഹറില്‍ സഫീദ്ദീന്‍ ജനിച്ചത്. ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട്. 1994 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായി. അന്ന് മുതല്‍ നസ്രള്ളയുടെ പിന്‍ഗാമിയായിയായാണ് അറിയപ്പെട്ടിരുന്നത്.

ലെബനനിലെ തെക്കന്‍ പട്ടണമായ ഒഡെയ്‌സെയിലില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കരയുദ്ധം നാല് ദിവസം പിന്നിടുമ്പോള്‍ കാമന്‍ഡര്‍മാരടക്കം 250 ഹിസ്ബുല്ല അംഗങ്ങളെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ഇസ്രയേല്‍ വ്യോമസേനയും സമാന്തരമായി ആക്രമണം നടത്തുന്നുണ്ട്. ഹിസ്ബുല്ല നേതാക്കളെ ഉന്നം വച്ച് ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

അതേ സമയം ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി അവകാശപ്പെട്ടു. ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു.

ഹാമസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോല്‍പ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഖമേനി പൊതുപ്രസംഗം നടത്തുന്നത്. ഇസ്രയേലിനെതിരെ വന്‍ മിസൈല്‍ ആക്രമണത്തിന് ശേഷമാണ് ആയത്തുല്ല അലി ഖമേനി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാനും രാജ്യത്തിന്റെ പദ്ധതികള്‍ സംബന്ധിച്ച ഒരു പൊതു പ്രഭാഷണം നടത്താനും എത്തിയത്.

അതേ സമയം മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്റെ ആണവനിലയങ്ങളെ ഇസ്രയേല്‍ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതിനു പിന്നാലെയാണ് ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തത്. ഇറാന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ എന്തെങ്കിലും ചെയ്താല്‍ ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇറാനും താക്കീതു നല്‍കിയിരുന്നു. എന്നാല്‍ ആണവ നിലയങ്ങള്‍ ആക്രമിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു അമേരിക്ക പ്രതികരിച്ചത്.

ഹമാസ് സായുധസംഘം ഇസ്രയേലില്‍ ആക്രമണം നടത്തിയതിന്റെ വാര്‍ഷികമായ ഒക്ടോബര്‍ ഏഴിന് തിരിച്ചടിയുണ്ടാകുമോ എന്നതിന് ഉത്തരം നല്‍കുക പ്രയാസമാണെന്നും അമേരിക്കന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം ഒന്നാം തീയതി ഇസ്രയേലിലേക്ക് 181 മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് മിസൈല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ അഭയം തേടേണ്ടിവന്നു. മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് ഏറ്റെടുത്തിരുന്നു. ഭൂരിഭാഗം മിസൈലുകളും വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തുനിഞ്ഞാല്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇസ്രയേലില്‍ മിസൈലുകള്‍ ഇറാന്‍ വര്‍ഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി.

സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി അവരുടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കണമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നോര്‍ത്ത് കാരോലൈനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.ഔദ്യോഗികമായി സ്ഥിരീകരിക്കാതെ ഇസ്രയേല്‍

Tags:    

Similar News