കുറ്റങ്ങള്‍ നിലനില്‍ക്കില്ല; വിചാരണ ചെയ്യാനുള്ള തെളിവില്ല; ഏഷ്യാനെറ്റ് ന്യൂസിന് എതിരായ പോക്‌സോ കേസ് റദ്ദാക്കി; എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ അടക്കം ആറ് ജീവനക്കാരെ കുറ്റവിമുക്തരാക്കി; ലഹരി വ്യാപനത്തിന് എതിരായ വാര്‍ത്താ പരമ്പര സദുദ്ദേശ്യത്തോടെ എന്നും ഹൈക്കോടതി
ഷ്യാനെറ്റ് ന്യൂസിന് എതിരായ പോക്‌സോ കേസ് റദ്ദാക്കി
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ പ്രതികളായ പോക്സോ കേസ് റദ്ദാക്കി. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാര്‍ക്കും എതിരായ പോക്‌സോ കേസാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
തെളിവിന്റെ കണിക പോലും കൊണ്ടുവരുവാന്‍ പോലീസിന് കഴിഞ്ഞില്ല. വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവില്ലെന്നും ഹൈക്കോടതി പറഞ്ഞു. പോക്സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വീഡിയോ നിര്‍മ്മിച്ചു എന്നായിരുന്നു കേസ്.
ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, ക്യാമറാമാന്‍ വിപിന്‍ മുരളിയടക്കം ആറ് പേരെയാണ് കുറ്റവിമുക്തരാക്കിയത്.
ലഹരി വ്യാപനത്തിനെതിരായ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ പരമ്പര സദുദ്ദേശത്തോടെയാണെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ടുകള്‍ സാമൂഹിക നന്മ ലക്ഷ്യമിട്ടായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് കുറ്റങ്ങള്‍ക്ക് പുറമേ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത്.