പനി, ചുമ, ജലദോഷം, ശ്വാസതടസ്സം; ചെന്നൈയില്‍ രണ്ടുകുട്ടികള്‍ക്ക് എച്ച് എം പി വി; കുട്ടികള്‍ സുഖം പ്രാപിച്ചുവരുന്നു; നേരത്തെ രോഗം കണ്ടെത്തിയത് അഹമ്മദാബാദിലും ബെംഗളൂരുവിലും; ഇതുവരെ രാജ്യത്ത് അഞ്ചുപേര്‍ക്ക് വൈറസ് ബാധ; ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് ആരോഗ്യവിദഗ്ധര്‍
ചെന്നൈയില്‍ രണ്ടുകുട്ടികള്‍ക്ക് എച്ച് എം പി വി
ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടുകുട്ടികള്‍ക്ക് എച്ച് എം പി വി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ അഞ്ചുപേര്‍ക്കാണ് ഇതുവരെ ഈ വൈറസ് ബാധിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടു കുട്ടികള്‍ ചികിത്സയിലുള്ളത്. ചുമ, ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളെയാണ് ഈ വൈറസ് കൂടുതലായി ബാധിച്ചുകാണുന്നത്. വൈറസ് കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍, ആരോഗ്യ അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
ചെന്നൈയില്‍ സെബിയം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പനി, ജലദോഷം, ചുമ എന്നീ രോഗലക്ഷണങ്ങളോടെ വന്ന കുട്ടിക്ക് വൈറസ് എച്ച് എം പി വി സ്ഥിരീകരിക്കുകയായിരുന്നു. മറ്റൊരു സംഭവത്തില്‍, കുട്ടികള്‍ക്കായുള്ള സ്വകാര്യ ആശുപത്രിയില്‍ മറ്റൊരു കുട്ടിക്കും ഇതേ വൈറസ് ബാധ സ്ഥിരീകരിച്ചു. കുട്ടികള്‍ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്ത് നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദിലും, കര്‍ണാടകയിലെ ബെംഗളൂരുവിലും എച്ച് എം പി വി സ്ഥിരീകരിച്ചിരുന്നു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് രോഗം കണ്ടെത്തിയത്. കുട്ടി നിലവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം വൈകാതെ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നാണ് വിവരം.
കൊറോണ വൈറസിന്റെ സമാന പ്രോട്ടോക്കോളുകളായിരിക്കും എച്ച് എം പി വിയിലും പാലിക്കുകയെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി റിഷികേഷ് പട്ടേല്‍ പറഞ്ഞു. ലക്ഷണങ്ങള്‍ക്കനുസരിച്ചായിരിക്കും ചികിത്സ നല്‍കുക. രണ്ടുമൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ പരിശോധനാ കിറ്റുകള്‍ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബംഗളൂരുവില്‍ മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങളിലാണ് എച്ച് എം പി വി വൈറസ് കണ്ടെത്തിയത്. രണ്ട് കുട്ടികള്‍ക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചുവരികയാണെന്ന് ഡേക്ടര്‍മാര്‍ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. കുഞ്ഞുങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധന തുടരുമെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, എച്ച്എംപിവി ബാധയെക്കുറിച്ച് ആശങ്കപ്പെടാനാനില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ആവര്‍ത്തിക്കുന്നുണ്ട്. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വര്‍ഷവും ഇതുണ്ടാകുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബര്‍, ജനുവരി മാസങ്ങളിലുമാണ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ പറയുന്നത്.