രാജ്യത്ത് 'എച്ച്എംപിവി' വൈറസ് ഭീതി; രോഗ ബാധിതരുടെ എണ്ണം എട്ടായി ഉയർന്നു; ആശങ്ക; കേരള -കർണാടക അതിർത്തിയിൽ പരിശോധന ശക്തമാക്കി; ജില്ലയിൽ 'മാസ്ക്' നിർബന്ധമാക്കി; മുന്നറിയിപ്പുമായി നീലഗിരി കളക്ടർ; തമിഴ്‌നാട്ടിൽ അതീവ ജാഗ്രത!

Update: 2025-01-07 10:03 GMT

ചെന്നൈ: കോവിഡ് ഭീതി ഒഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു വൈറസിനെ നേരിടാൻ ഒരുങ്ങുകയാണ് രാജ്യം. ഇതോടെ ജനങ്ങൾ എല്ലാം അതീവ ജാഗ്രതയിലാണ്. ഇത് സംബന്ധിച്ച വാർത്തകൾ അധികൃതർ പുറത്തുവിട്ടിരിക്കുകയാണ്. രാജ്യത്ത് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. ഇതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ്.

അതുപോലെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കുകയും ചെയ്തു. ഇപ്പോൾ വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയം ആയതുകൊണ്ടാണ് ഈ നടപടിയെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തെ തുടർന്ന് നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ 7, 13 വയസ് പ്രായമുളള കുട്ടികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിന് ചികിത്സ തേടിയ കുട്ടികൾ നിലവിൽ രോഗമുക്തരായി ആശുപത്രി വിട്ടു.

ഇത് കൂടാതെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 2 വീതം കേസുകളും, ഗുജറാത്തിലും കൊൽക്കത്തയിലും ഒരോ കേസുകൾ വീതവുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. പലരും രോഗമുക്തരായി ആശുപത്രി വിട്ടു. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഡൽഹിയിലടക്കം രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് ഇതിനോടകം അയച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലം യോഗം വിളിച്ചത്. കേന്ദ്ര സർക്കാർ സ്ഥാപന മേധാവികളും വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങളും, ഐസിഎംആറിന്റെ വിവരങ്ങളും പരിശോധിച്ചതിൽ രാജ്യത്ത് അസ്വാഭാവിക രോഗ വ്യാപനം ഇല്ലെന്നാണ് വിലയിരുത്തൽ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതർ പറയുന്നു. പരിശോധന നടപടികൾ ഊർജിതമാക്കി.

ബോധവൽക്കരണവും, നിരീക്ഷണവും ശക്തമാക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. വൈറസ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ എല്ലാം മുൻകരുതലുകൾ പാലിക്കണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും അധികൃതർ പറയുന്നു. 

Tags:    

Similar News