ചത്ത മൃഗങ്ങളുടെ മൃതശരീരങ്ങള്‍ തെരുവുകളില്‍ വ്യാപകമായി ചിതറിക്കിടക്കുന്നു; ആയിരക്കണക്കിന് ആളുകള്‍ വൈദ്യുതിയില്ലാതെ കഴിയുന്നു; പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത് 25,000 വിനോദസഞ്ചാരികള്‍; കരിബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച മെലിസ കൊടുങ്കാറ്റില്‍ ജനജീവിതം ദുസഹമായി തുടരുന്നു

പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത് 25,000 വിനോദസഞ്ചാരികള്‍

Update: 2025-10-30 05:39 GMT

കിംഗ്സ്റ്റണ്‍: കരിബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച മെലിസ കൊടുങ്കാറ്റില്‍ ജനജീവിതം ദുസഹമായി തുടരുന്നു. ചത്ത മൃഗങ്ങളുടെ മൃതശരീരങ്ങള്‍ തെരുവുകളില്‍ വ്യാപകമായി ചിതറിക്കിടക്കുകയാണ്. കരീബിയന്‍ ദ്വീപുകളിലൂടെ ബഹാമാസിലേക്ക് നീങ്ങിയ ചുഴലിക്കാറ്റ് വന്‍ തോതിലുള്ള നാശമാണ് വരുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജമൈക്കയില്‍ മെലീസ കൊടുങ്കാറ്റ് എത്തിയത്. 25,000 വിനോദസഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ വൈദ്യുതിയില്ലാതെ കഴിയുകയാണ്. രാജ്യത്തെ പ്രധാന പട്ടണങ്ങള്‍ പലതും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഒരു കുഞ്ഞ് ഉള്‍പ്പെടെ് എട്ട് പേര്‍ മരിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊടുങ്കാറ്റ് വരുത്തിയ നാശം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ് എന്നാണ് ജനങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. റോഡുകള്‍ പലതും തകര്‍ന്ന് തരിപ്പണമായി. നിരവധി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. പലരുടേയും വാഹനങ്ങളും കാണാതായിട്ടുണ്ട്. പല കെട്ടിടങ്ങളുടേയും മേല്‍ക്കൂരകള്‍ പറന്നു പോയി. വീടുകളിലെ ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളും ചത്ത് പോയിട്ടുണ്ട്. കിഴക്കന്‍ ക്യൂബയിലും കൊടുങ്കാറ്റില്‍ വന്‍തോതിലുള്ള നാശനഷ്ടമാണ് ഉണ്ടായത്.

105 മൈല്‍ വേഗത്തില്‍ വീശുന്ന കൊടുങ്കാറ്റ് ഇപ്പോഴും ശക്തമാണെന്ന് നാഷണല്‍ ഹരിക്കേന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, മെലിസ ചുഴലിക്കാറ്റ് കാരണം ജമൈക്കയിലെ 77 ശതമാനം വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. ആളുകള്‍ക്ക് ഫോണുകളിലൂടെ ബന്ധപ്പെടാനും ഇത് കാരണം കഴിയുന്നില്ല.

കൊടുങ്കാറ്റിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് പടിഞ്ഞാറന്‍ ജമൈക്കയാണെന്നാണ് റിപ്പോര്‍ട്ട്. മെലിസ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ താന്‍ വളരെയധികം ആശങ്കാകുലനാണെന്നും ദുഃഖിതനാണെന്നും ബ്രിട്ടനിലെ ചാള്‍സ് രാജാവ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

സെന്റ് എലിസബത്തില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ ശേഷമാണ് അവരെ കണ്ടെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കായി കൂടുതല്‍ പേര്‍ രക്തദാനം നടത്തണമെന്ന് ജമ്മൈക്കന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പല ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞു കവിയുകയാണ്.

Tags:    

Similar News