വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ കലങ്ങിമറിഞ്ഞ വംഗനാട്ടില്‍ അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍; പൂജ്യത്തില്‍ നിന്നും പ്രതിപക്ഷത്ത് എത്തിച്ച കുതിപ്പ് തുടരാന്‍ എന്‍ഡിഎ; 'ജീവന്‍ നിലനിര്‍ത്താന്‍' സിപിഎമ്മും കോണ്‍ഗ്രസും; വോട്ടെടുപ്പ് എട്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളിലേക്ക് ചുരുക്കിയതിന്റെ നേട്ടം ആര്‍ക്ക്? ബംഗാളില്‍ പോരാട്ടം മമത ബാനര്‍ജിയുടെ 'ബംഗാളി സ്വത്വവും' നരേന്ദ്ര മോദിയുടെ 'വികസന ഗ്യാരന്റി'യും തമ്മില്‍

Update: 2026-03-15 13:34 GMT

കൊല്‍ക്കത്ത: കേരളത്തിനൊപ്പം വംഗനാടും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുകയാണ്. പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയിലേക്കുള്ള പോരാട്ടം വെറുമൊരു രാഷ്ട്രീയ അങ്കമല്ല, മറിച്ച് മമത ബാനര്‍ജിയുടെ 'ബംഗാളി സ്വത്വവും' നരേന്ദ്ര മോദിയുടെ 'വികസന ഗ്യാരന്റി'യും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാണ്. കേരളത്തില്‍ പിണറായി വിജയന്‍ മൂന്നാം ഊഴത്തിനായി ലക്ഷ്യമിടുമ്പോള്‍, ബംഗാളില്‍ മമതയുടെ കണ്ണ് നാലാം വട്ടവും മുഖ്യമന്ത്രി കസേരയിലാണ്. 2011-ല്‍ 34 വര്‍ഷത്തെ ഇടതുകോട്ട തകര്‍ത്തെറിഞ്ഞ് തുടങ്ങിയ മമതയുടെ വിജയപ്രയാണം 2026-ലും തുടരുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ 2011 ഒരു വലിയ വഴിത്തിരിവായിരുന്നു. അന്ന് കോണ്‍ഗ്രസുമായി ചേര്‍ന്ന് 226 സീറ്റുകള്‍ നേടിയാണ് മമത അധികാരം പിടിച്ചത്. പിന്നീട് 2016-ല്‍ നാരദ ഒളിക്യാമറ വിവാദമടക്കമുള്ള അഴിമതി ആരോപണങ്ങളെ അതിജീവിച്ച് 211 സീറ്റുകളുമായി അവര്‍ അധികാരം നിലനിര്‍ത്തി. എന്നാല്‍ 2021-ലെ തിരഞ്ഞെടുപ്പ് മമതയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. ബിജെപി തങ്ങളുടെ ശക്തി സര്‍വ്വ സന്നാഹങ്ങളുമായി ബംഗാളില്‍ പരീക്ഷിച്ച വര്‍ഷമായിരുന്നു അത്. എങ്കിലും 77 സീറ്റുകളില്‍ ബിജെപിയെ തളച്ച് 213 സീറ്റുകളുമായി മമത ഹാട്രിക് വിജയം നേടി. ഇത്തവണ തകര്‍ന്നടിഞ്ഞ ഇടതുകക്ഷികളും കോണ്‍ഗ്രസും തിരിച്ചുവരവിനായി ശ്രമിക്കുമ്പോള്‍, മുഖ്യ പ്രതിപക്ഷമായ ബിജെപി അധികാരം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ തന്നെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ പറഞ്ഞ് ബംഗാള്‍ രാഷ്ട്രീയം കലുഷിതമായിരുന്നു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ (SIR) 60 ലക്ഷത്തോളം പേര്‍ പുറത്തായെന്ന കണക്കുകള്‍ വലിയ വിവാദമായി. ഇതിനെതിരെ സുപ്രീംകോടതിയില്‍ അഭിഭാഷക കുപ്പായമണിഞ്ഞ് നേരിട്ട് ഹാജരായ മമത ബാനര്‍ജി വലിയൊരു രാഷ്ട്രീയ സന്ദേശമാണ് നല്‍കിയത്. ഇതിന് തൊട്ടുപിന്നാലെ അവതരിപ്പിച്ച ഇടക്കാല ബജറ്റിലൂടെ ജനകീയ പദ്ധതികളുടെ വിഹിതം വര്‍ദ്ധിപ്പിച്ച് മമത ജനഹൃദയങ്ങള്‍ കീഴടക്കാന്‍ ശ്രമിച്ചു. 2.2 കോടി സ്ത്രീകള്‍ക്ക് ഗുണം ചെയ്യുന്ന 'ലക്ഷ്മിര്‍ ഭണ്ഡാര്‍' പദ്ധതിയുടെ തുക വര്‍ദ്ധിപ്പിച്ചതും, തൊഴിലില്ലായ്മ വേതനവും, ഡിഎ വര്‍ദ്ധനവും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മറുഭാഗത്ത്, 'ഹൃദയമില്ലാത്ത സര്‍ക്കാര്‍' എന്ന് മമത സര്‍ക്കാരിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ പ്രധാന മുഖം. സുവേന്ദു അധികാരിയെപ്പോലുള്ള പ്രാദേശിക നേതാക്കളുണ്ടെങ്കിലും മോദി പ്രഭാവത്തിലാണ് ബിജെപി പ്രതീക്ഷ വെക്കുന്നത്. ബിജെപി അധികാരത്തില്‍ വന്നാല്‍ 45 ദിവസത്തിനുള്ളില്‍ ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുമെന്ന അമിത് ഷായുടെ വാഗ്ദാനം സര്‍ക്കാര്‍ ജീവനക്കാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ബംഗാളി സ്വത്വം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി 'ജയ് ശ്രീറാമി'ന് പകരം 'ജയ് മാ കാളി' മുദ്രാവാക്യം പരീക്ഷിക്കുന്നതും ശ്രദ്ധേയമാണ്.

ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന്റെ രാജിയും തുടര്‍ന്ന് ആര്‍.എന്‍. രവിയുടെ നിയമനവും തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ബംഗാളില്‍ വലിയ ചര്‍ച്ചയായി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സിലിഗുഡി സന്ദര്‍ശനവും രാഷ്ട്രീയവിവാദമായി. മുഖ്യമന്ത്രിയോ മന്ത്രിമാരോ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ എത്താതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമായി ബിജെപി ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിക്ക് പകരം സിലിഗുഡി മേയര്‍ ഗൗതം ദേബ് ആണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 'ഞാനും ബംഗാളിന്റെ മകളാണ്... മമത എന്റെ അനിയത്തിയാണ്' എന്നായിരുന്നു രാഷ്ട്രപതിയുടെ വൈകാരികമായ മറുപടി.

എന്നാല്‍ തൃണമൂലിന് വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക് ഓഫീസിലെ ഇഡി റെയ്ഡിനെ മമത നേരിട്ട രീതി അവരുടെ 'സ്ട്രീറ്റ് ഫൈറ്റര്‍' പ്രതിച്ഛായ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. റെയ്ഡ് നടന്ന ഓഫീസില്‍നിന്ന്മമത ഒരു ലാപ്‌ടോപ്പും പച്ച ഫോള്‍ഡറുമായി പുറത്തുവന്നതും തുടര്‍ന്ന് നടത്തിയ നാല് മണിക്കൂര്‍ ധര്‍ണ്ണയും തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചോര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പോരാട്ടമായാണ് തൃണമൂല്‍ അവതരിപ്പിച്ചത്. ബംഗാളി സ്വത്വത്തെ ബിജെപിക്ക് എതിരെ ആയുധമാക്കാനും മമത ശ്രമിക്കുന്നുണ്ട്. അയല്‍സംസ്ഥാനമായ ബിഹാറില്‍ ഇറച്ചി, മത്സ്യവില്പനയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വലിയ ചര്‍ച്ചയാക്കി മാറ്റിക്കഴിഞ്ഞു. വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണം പോലും ബിജെപിക്കെതിരേ ആയുധമാക്കി.

അടിത്തട്ടിലെ സംഘടനാശക്തിയില്ലായ്മയാണ് ബിജെപിയെ നേരിടുന്ന പ്രധാനവെല്ലുവിളി. തൃണമൂലിന്റെ ആക്രമണങ്ങളും പോലീസ് വ്യാജ കേസുകള്‍ ചുമത്തുന്നതും പ്രവര്‍ത്തകരെ പിന്നോട്ടടിക്കുന്നുവെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. ഇതിനിടയിലും വോട്ടുകണക്കിലെ മുന്നേറ്റത്തിലാണ് ബിജെപി പ്രതീക്ഷ. തൃണമൂല്‍-മമത വിരുദ്ധവോട്ടുകള്‍ ഏകീകരിക്കാനാണ് ബിജെപി ശ്രമം. ബിജെപി അധികാരത്തില്‍വന്നാല്‍ സംസ്ഥാനത്ത് നിയമവാഴ്ച തിരിച്ചുകൊണ്ടുവരുമെന്നും ഒരൊറ്റ തൃണമൂല്‍ അക്രമിയേയും വെറുതേ വിടില്ലെന്നും പറയുന്നു. എസ്ഐആറില്‍ പുറത്തായവരെ കടന്നുകയറ്റക്കാര്‍ എന്നാണ് മോദി വിശേഷിപ്പിച്ചത്. ബംഗാളിന്റെ മണ്ണും പെണ്ണും അന്നവും ഇവര്‍ കാരണം ഭീഷണി നേരിടുന്നുവെന്നും മോദി പറഞ്ഞു.

നേതൃബാഹുല്യമുള്ള ബിജെപിയില്‍ അന്തച്ഛിദ്രങ്ങളും വലിയ വെല്ലുവിളിയാണ്. എങ്കിലും ജനുവരിയില്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശമുള്‍ക്കൊണ്ട്, തങ്ങള്‍ ഒന്നാണെന്ന സന്ദേശം നല്‍കാന്‍ ഇപ്പോള്‍ ബിജെപി ശ്രമിക്കുന്നുണ്ട്. മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ വിജയകരമായി അടിച്ചേല്‍പ്പിച്ച, പുറത്തുനിന്ന് വന്നവരെന്ന ചാപ്പ ബിജെപിക്ക് വലിയ ക്ഷീണമാണ്. എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറില്‍ മത്സ്യ- മാംസ വിപണനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ബംഗാളിലെ ബിജെപിയെയാണ് ബാധിച്ചത്. ബംഗാളിലെ ഇതിഹാസതുല്യരായ വ്യക്തികളെക്കുറിച്ച് പ്രസ്താവനകളില്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭരണവിരുദ്ധവികാരം, അഴിമതി ആരോപണം, യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ എന്നിവയാണ് ബിജെപി മമതയ്ക്കെതിരേ ആയുധമാക്കാനൊരുങ്ങുന്നത്. മമതയുടെ ക്ഷേമരാഷ്ട്രീയത്തെ മറികടക്കാനുള്ള വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ 45 ദിവസത്തിനുള്ളില്‍ ഏഴാം ശമ്പളക്കമ്മിഷനെ നിയമിക്കുമെന്നും ഒഴിവുള്ള സര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നടത്തുമെന്നും സ്ത്രീ ശാക്തീകരണത്തിനായി 5,700 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്നും അമിത് ഷാ വാഗ്ദാനംചെയ്തു.

സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ, മുസ്ലിം വോട്ടുകളുടെ ഏകീകരണം, ഭരണവിരുദ്ധ വികാരം എന്നിവയാണ് ഫലത്തെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങള്‍. അഴിമതി ആരോപണങ്ങളും തൊഴിലില്ലായ്മയും തൃണമൂലിന് വെല്ലുവിളിയാകും. ക്ഷേമപദ്ധതികളിലൂടെ വലിയൊരു വിഭാഗം സ്ത്രീകളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് അവരുടെ ആത്മവിശ്വാസം. ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിച്ചുപോകുന്നത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് തൃണമൂലിന്റെ പ്രതീക്ഷ. കോണ്‍ഗ്രസും സിപിഎമ്മും ഇത്തവണ സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്.

ഹുമയൂണ്‍ കബീറിന്റെ ജനതാ ഉന്നയന്‍ പാര്‍ട്ടിയും നൗഷാദ് സിദ്ദിഖിയുടെ ഐഎസ്എഫും ചേര്‍ന്ന് രൂപവത്കരിക്കുന്ന സഖ്യം മുസ്ലിം വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. തൃണമൂല്‍ എംഎല്‍എയായിരുന്നു ഹുമയൂണ്‍ കബീര്‍. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡയമണ്ട് ഹാര്‍ബറില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ മത്സരിച്ച സിപിഎം യുവ നേതാവ് പ്രതികൂര്‍ റഹ്‌മാന്‍ തൃണമൂലില്‍ ചേര്‍ന്നത് വലിയ തിരച്ചടിയായിരുന്നു. ലക്ഷ്മിര്‍ ഭണ്ഡാര്‍ പോലുള്ള പദ്ധതികളെ പ്രകീര്‍ത്തിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. മൗസം ബേനസീര്‍ നൂര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത് മാല്‍ഡ മേഖലയില്‍ കോണ്‍ഗ്രസിന് കരുത്തുപകരുമെന്നും വിശ്വസിക്കപ്പെടുന്നു.

മണ്ണിന്റെ മക്കള്‍ വാദത്തിന്റെ ബംഗാള്‍ പതിപ്പുമായി മുന്നില്‍നടക്കുന്ന മമതയുടെ ചുമലിലേറിയാണ് തൃണമൂല്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മമതയുടെ പ്രഭാവത്തെ മറകടക്കാന്‍ കഴിയുന്ന നേതാക്കള്‍ ബിജെപിക്കുണ്ടോ എന്നത് സംശയമാണ്. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും സംസ്ഥാന അധ്യക്ഷന്‍ സാമിക് ഭട്ടാചാര്യയും കേന്ദ്രമന്ത്രി സുകന്ത മജുംദാറും മുന്‍ അധ്യക്ഷന്‍ ദിലീപ് ഘോഷുമൊക്കെയുണ്ടെങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാവും ബംഗാളിലും ബിജെപിയുടെ 'മുഖ്യമന്ത്രി സ്ഥാനാര്‍ഥി'. സഖ്യമില്ലാതെയാണ് കോണ്‍ഗ്രസും സിപിഎമ്മും ഇത്തവണ മത്സരിക്കുന്നത്. 2021-ലെ ഒറ്റ സീറ്റുമില്ലാത്ത അവസ്ഥയില്‍നിന്ന് തിരിച്ചുവരവിന്റെ സൂചനകള്‍ സിപിഎം കാണിക്കുന്നുണ്ടെന്നാണ് പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ, കൊഴിഞ്ഞുപോക്കുകള്‍ ഉള്‍പ്പെടെ സിപിഎമ്മിന് വെല്ലുവിളിയാവുന്നുണ്ട്. സ്വന്തം പാര്‍ട്ടി സെക്രട്ടറി മുഹമ്മദ് സലീമിനെ ഗബ്ബര്‍ സിങ് എന്ന് വിശേഷിപ്പിച്ചാണ് യുവനേതാവ് പ്രതീകുര്‍ റഹ്‌മാന്‍ സിപിഎം വിട്ടത്. നിലവിലെ വോട്ടുശതമാനത്തിലെ അഞ്ചുശതമാനത്തില്‍നിന്നുള്ള ഏത് സ്ഥാനക്കയറ്റവും സിപിഎമ്മിന് വലിയ നേട്ടമാണ്. മൂന്ന് ശതമാനത്തോട് അടുത്തുനില്‍ക്കുന്ന കോണ്‍ഗ്രസിന്റേതും സമാനസാഹചര്യം തന്നെ.

ഇടതുപക്ഷവും കോണ്‍ഗ്രസും ഇത്തവണ സഖ്യമില്ലാതെയാണ് പോരാടുന്നത്. 2021-ല്‍ ഒരു സീറ്റ് പോലും നേടാനാകാത്ത ദയനീയ അവസ്ഥയില്‍ നിന്ന് കരകയറാനാണ് ഇരു പാര്‍ട്ടികളുടെയും ശ്രമം. മുസ്ലിം വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുള്ള പുതിയ സഖ്യങ്ങളും ഐ-പാക് ഓഫീസിലെ ഇഡി റെയ്ഡും ഗവര്‍ണര്‍മാരുടെ മാറ്റവുമെല്ലാം ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഏപ്രില്‍ 23, 29 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ബംഗാള്‍ ആരെ തുണയ്ക്കുമെന്ന് മെയ് 4-ന് അറിയാം.

Tags:    

Similar News