അല്ലു പറഞ്ഞതെല്ലാം നുണ...! സിസി ടിവിയില്‍ നടുക്കുന്ന സത്യങ്ങള്‍; മരിച്ച രേവതിയെ ബൗണ്‍സര്‍മാര്‍ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ടു വന്നതായി ദൃശ്യങ്ങള്‍; വടികള്‍ ഉപയോഗിച്ച് ആളുകളെ തല്ലി സ്വകാര്യ സെക്യൂരിറ്റി സംഘം; സന്ധ്യാ തീയറ്ററിലെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടതോടെ അല്ലുവിന് കുരുക്ക്; ബൗണ്‍സര്‍ ആന്റണി അറസ്റ്റില്‍

അല്ലു പറഞ്ഞതെല്ലാം നുണ...! സിസി ടിവിയില്‍ നടുക്കുന്ന സത്യങ്ങള്‍;

Update: 2024-12-24 11:10 GMT

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തില്‍ ഒരു സ്ത്രീ മരിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ അല്ലു അര്‍ജുന്‍ പറഞ്ഞ വാദങ്ങളെല്ലാം പൊളിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നടുക്കുന്ന സംഭവങ്ങളാണ് പുഷ്പ പ്രദര്‍ശിപ്പിച്ച തീയറ്ററില്‍ നടന്നത്. പ്രദര്‍ശനത്തിനിടെ ഹൈദരാബാദ് സന്ധ്യ തീയറ്ററില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ഹൈദരാബാദ് പൊലീസ്. സന്ധ്യ തിയറ്ററിലെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ സിനിമ താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്യുന്ന ദിവസം തന്നെയാണ് പുറത്ത് വിട്ടത് എന്നതും ശ്രദ്ധേയമായി.

നവംബര്‍ 4 രാത്രി നടന്ന തിക്കിലും തിരിക്കിലുംമരിച്ച രേവതിയെ ബൗണ്‍സര്‍മാര്‍ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. വടികള്‍ ഉപയോഗിച്ച് ആളുകളെ സ്വകാര്യ സെക്യൂരിറ്റി സംഘം തല്ലുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ബൗണ്‍സര്‍മാര്‍ക്ക് ഒപ്പം ചില നാട്ടുകാരും ഇതില്‍ ഉള്‍പ്പെട്ടുവെന്നാണ് വിവരം. സംവത്തില്‍ അല്ലു അര്‍ജുന്റെ ബൗണ്‍സറായ ആന്റണി അറസ്റ്റിലായിട്ടുണ്ട്. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗണ്‍സര്‍മാര്‍ ആരാധകരെ തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതെനനാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്.

സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂര്‍ണമായും ബൗണ്‍സര്‍മാര്‍ ഏറ്റെടുത്തിരുന്നു. സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അര്‍ജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകള്‍ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അര്‍ജുന്റെ ബൗണ്‍സര്‍മാര്‍ ആളുകളെ മര്‍ദിക്കുന്നതെല്ലാം അല്ലുവിനെ വെട്ടിലാക്കുന്നതാണ്. സംഭവത്തില്‍ പൊലീസിന് മുന്നില്‍ ഹാജരായ അല്ലു അര്‍ജ്ജുന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

അല്ലു അര്‍ജുന്‍ തിരികെ വീട്ടിലേക്ക് മടങ്ങി. അല്ലുവിന്റെ സ്വകാര്യ സെക്യൂരിറ്റി മാനേജര്‍ കസ്റ്റഡിലായിട്ടുണ്ട്. ഹൈദരാബാദ് സ്വദേശി ആന്റണി ജോണിനെയാണ് ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നാട്ടുകാരെ കൈകാര്യം ചെയ്തതിന് ആന്റണിയെയും പ്രൈവറ്റ് സെക്യൂരിറ്റി ടീമിലെ മറ്റ് അംഗങ്ങളെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. അതേസമയം അല്ലു അര്‍ജുന്റെ കേസ് വാദിക്കുന്ന നിയമ സംഘം സന്ധ്യ തീയറ്റര്‍ സന്ദര്‍ശിച്ചു.

അതേസമയം പൊലീസ് ചോദ്യം ചെയ്യലില്‍ അല്ലു കാര്യമായൊന്നു മിണ്ടിയില്ലെന്നാണ് വിവരം. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയര്‍ നടന്ന തിയറ്ററിലേക്ക് എത്തിയത് എന്തിനെന്ന് പൊലീസ് അല്ലു അര്‍ജുനോട് ചോദിച്ചു. സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മര്‍ദ്ദിച്ചതില്‍ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്നായിരുന്നു പൊലീസിന്റെ മറ്റൊരു ചോദ്യം. ഇവയോടൊന്നും അല്ലു ഒന്നും പ്രതികരിച്ചില്ല.

നേരത്തേ പൊലീസ് സംഘം പുറത്തുവിട്ട, സന്ധ്യ തിയറ്ററില്‍ നിന്നുള്ള 10 മിനിറ്റ് വീഡിയോയും ചോദ്യംചെയ്യലിനിടെ അല്ലു അര്‍ജുന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എപ്പോഴാണ് സ്ത്രീയുടെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നും പൊലീസ് അല്ലുവിനോട് ചോദിച്ചു. പരസ്പര വിരുദ്ധ പ്രസ്താവനകളല്ലേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയതെന്നും പൊലീസ് അല്ലുവിനോട് ആരാഞ്ഞു. എന്നാല്‍ ഇതിനൊന്നും മറുപടി പറയാതെയാണ് അല്ലു അര്‍ജുന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇരുന്നത്. ഡിസിപിയും എസിപിയും നേതൃത്വം നല്‍കുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലുവിനെ ചോദ്യം ചെയ്തത്.

ഡിസംബര്‍ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററില്‍ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അര്‍ജുനെയും ഒപ്പം തിയേറ്റര്‍ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബര്‍ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്. രേവതിയുടെ മകന്‍ ശ്രീതേജ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോഴും.

Tags:    

Similar News