'മാടമ്പള്ളിയിലെ ചിത്തരോഗി' പ്രയോഗവും 'ഹൂ ഈസ് ദാറ്റ്' പരിഹാസവും വാട്‌സാപ്പ് ഗ്രൂപ്പിലെ മതാടിസ്ഥാന ഗ്രൂപ്പും! ഐഎഎസുകാര്‍ക്ക് ഇടയിലെ തമ്മിലടിയില്‍ ഇപ്പോഴുള്ളത് പരസ്യ അച്ചടക്കം! അകത്ത് പുകച്ചില്‍ തുടരുന്നു; ഉന്നതിയിലെ പുതിയ വിശദാംശവും പോരിന്റെ തുടര്‍ച്ച; ഐഎഎസ്-ഐപിഎസ് തലപ്പത്ത് ഇനി കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണം

Update: 2024-11-13 03:28 GMT

തിരുവനന്തപുരം:സിവില്‍ സര്‍വ്വീസിനെ നേരെയാക്കാന്‍ പിണറായി വിജയന്‍. ഐഎഎസ്, ഐപിഎസ് തലപ്പത്ത് കൂടുതല്‍ നിയന്ത്രണം കൊണ്ടു വരും. അതിനിടെ ജയതിലകും ഗോപാലകൃഷ്ണനും ഒരു വശത്തും പ്രശാന്ത് മറുവശത്തും നിന്നു പോരു തുടരുമ്പോള്‍ എന്തു നിലപാടെടുക്കണമെന്നറിയാത്ത അവസ്ഥയിലാണ് ഐഎഎസ് അസോസിയേഷന്‍. സര്‍ക്കാരിന്റെ എതിര്‍പ്പു ഭയന്ന് അസോസിയേഷന്റെ വാട്‌സാപ് ഗ്രൂപ്പില്‍ ഈ വിഷയത്തെക്കുറിച്ചു കാര്യമായ ചര്‍ച്ചകളില്ലെന്നതും ശ്രദ്ധേയം. ചര്‍ച്ചകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു പോകുമെന്ന ഭയത്തിലാണ് ഈ അച്ചടക്കം.

ഇതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍. ഐഎഎസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കും. ഇതു സംബന്ധിച്ച് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തും. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് കൂടുതല്‍ ഗുരുതരമാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ തുറന്നെഴുതുന്നതും സംസ്ഥാനഭരണത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങള്‍ ആണെന്ന നിലപാടിലാണ് സിപിഎം.

ഭരണപക്ഷ എംഎല്‍എ ആയിരുന്ന പി.വി.അന്‍വര്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് എസ്പി സുജിത് ദാസ്, എഡിജിപി എം.ആര്‍.അജിത് കുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്. ഇതിനേയും കടത്തി വെട്ടുന്ന തരത്തിലാണ് ഐഎഎസിലെ പോര്. പലവിധ വിവാദങ്ങളെല്ലാം കത്തിനില്‍ക്കുന്നതിനിടെയാണ് വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഒക്ടോബര്‍ 31ന് ഹിന്ദു മല്ലു ഓഫിസേഴ്സ് ഗ്രൂപ്പും പിന്നീട് മുസ്‌ലിം വാട്സാപ്പ് ഗ്രൂപ്പും രൂപീകരിച്ചതു സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ ആണ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദത്തിന് തെളിവില്ലെന്ന് പൊലീസ് കണ്ടെത്തിയതോടെ സസ്പെന്‍ഷന് കളമൊരുങ്ങുകയായിരുന്നു.

ഇതിനു പിന്നാലെയാണ് 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകാണെന്നാരോപിച്ച് കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. 'മാടമ്പള്ളിയിലെ ചിത്തരോഗി' പ്രയോഗവും മുന്‍മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരായ 'ഹൂ ഈസ് ദാറ്റ്' പരിഹാസവും കൂടി ആയതോടെ ഒരേ ദിവസം രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍ നല്‍കുന്ന ഉത്തരവും പുറത്തിറക്കി. 2 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ഐഎഎസുകാര്‍ തമ്മിലെ പോര് രഹസ്യമായി തുടരുകയാണ്.

'ഉന്നതി' സിഇഒ സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ അവിടത്തെ ഫയലുകള്‍ പ്രശാന്ത് മുക്കിയെന്നായിരുന്നു വകുപ്പ് സെക്രട്ടറിയായിരുന്ന എ.ജയതിലകിന്റെ കണ്ടെത്തല്‍. എന്നാല്‍, ഫയലുകള്‍ മുക്കിയിട്ടില്ലെന്നും അവ തങ്ങളെ പ്രശാന്ത് ഏല്‍പിച്ചിരുന്നെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു. ഏല്‍പിച്ച കൂട്ടത്തില്‍ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും ഇ മെയില്‍ വിലാസങ്ങളുടെയും വെബ്‌സൈറ്റിന്റെയും ലോഗിന്‍ വിവരങ്ങളും ആദ്യ ജനറല്‍ ബോഡി യോഗത്തിന്റെ മിനിറ്റ്‌സും ഇല്ലായിരുന്നെന്ന ആരോപണവുമായി പ്രശാന്തിന്റെ എതിര്‍പക്ഷം രംഗത്തെത്തി. ആ ആരോപണത്തിനു തെളിവായി, ഈ വിവരങ്ങള്‍ കൂടി ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ജൂണ്‍ 7ന് കെ.ഗോപാലകൃഷ്ണന്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറിയായിരുന്ന എ.ജയതിലകിന് നല്‍കിയ കത്തും പുറത്തുവിട്ടു. പ്രശാന്തിനു പിന്നാലെ 'ഉന്നതി' സിഇഒ ആയി ചുമതലയേറ്റ ശേഷമാണു ഗോപാലകൃഷ്ണന്‍ കത്തയച്ചത്.

ഈ വിവരങ്ങള്‍ പ്രശാന്തിന്റെ കൈവശമില്ലെന്നും ചോദിക്കേണ്ടവരോടു ചോദിക്കണമെന്നും വ്യക്തമാക്കിയുള്ള വാട്‌സാപ് സന്ദേശം വൈകിട്ടോടെ പ്രശാന്ത് പക്ഷം പുറത്തിറക്കി. അതില്‍ പറയുന്നത് ഇങ്ങനെ: 'സോഷ്യല്‍ മീഡിയയുടെയും ഇ മെയിലിന്റെയും പാസ്വേഡ് വേണം പോലും. അതെല്ലാം ഡെലവപ്പറോടു ചോദിക്കൂ. ആദ്യത്തെ ബോര്‍ഡ് മീറ്റിങ്ങിന്റെ മിനിറ്റ്‌സ് ഇല്ലെങ്കില്‍ അത് അടുത്ത ബോര്‍ഡ് മീറ്റിങ്ങിന്റെ മിനിറ്റ്‌സിന്റെ തുടക്കത്തില്‍ നോക്കൂ. അല്ലെങ്കില്‍ ഏതെങ്കിലും ഒരു ബോര്‍ഡ് അംഗത്തോട് ചോദിക്കൂ. ഗോപാലകൃഷ്ണനും ജയതിലകും ബോര്‍ഡ് അംഗങ്ങളാണല്ലോ!'-ഇതാണ് പരിഹാസം.

Tags:    

Similar News