സാമ്പത്തികമായി മാത്രമല്ല, ലൈംഗികമായും ചൂഷണം നേരിട്ടെന്ന തെളിവുകള്‍ നിര്‍ണായകമായി; മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കുടുംബത്തിന്റെ പരാതിയും; ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുകാന്ത് സുരേഷിനെ പ്രതി ചേര്‍ക്കും; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് സുരേഷിനെ പ്രതി ചേര്‍ക്കും
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ പ്രതി ചേര്‍ക്കും. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയില്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നര ആഴ്ച പിന്നിടുമ്പോഴാണ് പൊലീസ് അന്വേഷണം കടുപ്പിക്കുന്നത്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലിസിന് കഴിഞ്ഞട്ടില്ല.
ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള്‍ അച്ഛന്‍ പൊലിസിന് കൈമാറിയിട്ടുണ്ട്..
പൊലിസിന് മുന്നില്‍ ബന്ധുക്കള്‍ തെളിവുകള്‍ നല്‍കിയിരുന്നു. സുകാന്ത് അന്വേഷണവുമായ സഹകരിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് പ്രതി ചേര്‍ക്കാനുള്ള നീക്കം. പ്രതി ചേര്‍ത്താല്‍ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല.
വിദേശത്തേക്ക് കടക്കാതിരിക്കാനാണ് കൊച്ചി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്തിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നിലവില്‍ സുകാന്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് നല്‍കിയതായി പിതാവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യുവതി ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്നും അതിന്റെ തെളിവുകള്‍ പൊലീസിന് നല്‍കിയതായും പിതാവ് പറഞ്ഞു. സുകാന്തിനെതിരെ തെളിവുകള്‍ ഹാജരാക്കിയതായും പിതാവ് അറിയിച്ചു.
നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് അറിയിച്ചു. പേട്ട സിഐ ആത്മാര്‍ത്ഥമായിട്ടാണ് കേസ് അന്വേഷിക്കുന്നത്. സുകാന്തിന്റെ പ്രേരണ മൂലമാണ് ആത്മഹത്യ ചെയ്തത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് എത്തിയത് മകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരമറിയാനാണെന്നും വ്യക്തമാക്കി. സുകാന്ത് യുവതിയില്‍ നിന്നും പണം തട്ടിയതിന്റെ ബാങ്ക് രേഖകള്‍ ഹാജരാക്കിയതായും ഇതു പ്രകാരം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 24നായിരുന്നു പത്തനംതിട്ട കൂടല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട്ടുവീട്ടില്‍ ഐബി ഉദ്യോഗസ്ഥയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24കാരിയായ യുവതിയുടെ മൃതദേഹം ചാക്ക റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്തെ ട്രാക്കിലാണ് കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഐബി ഉദ്യോഗസ്ഥ യൂണിഫോമില്‍ ഇവിടേക്ക് എത്തുകയായിരുന്നുവെന്നാണ് നിഗമനം.
യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പേട്ട സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചിരുന്നു. പൂനെ - കന്യാകുമാരി എക്‌സ്പ്രസ് ട്രെയിന്‍ അരമണിക്കൂറോളം പിടിച്ചിട്ട ശേഷമാണ് മൃതദേഹം മാറ്റിയത്. സംഭവത്തിന് പിന്നാലെ ഇന്റലിജന്‍സ് ബ്യൂറോ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.