ഭൂസമര സ്ഥലത്ത് നില്‍ക്കുന്ന രാധാകൃഷ്ണേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പോയി കൈകൊടുത്തു; ആ പടം ദേശാഭിമാനിയില്‍ അച്ചടിച്ചു വന്നു. പൊലീസുകാരനായ വിജയന്‍ ഭൂസമരത്തിന്റെ ഭാഗമായി എന്ന് വലിയ പ്രചാരണം; അടുത്ത ദിവസം എംഎസ്പിയിലേക്ക് ട്രാന്‍സ്ഫര്‍; അങ്ങനെ ട്രാന്‍സ്ഫര്‍ പോലും ഭാഗ്യമായി; ഇതിഹാസ ഫുട്‌ബോള്‍ പോലീസ് തൊപ്പി ഊരുന്നു; ഐഎം വിജയന്‍ ഫുട്‌ബോള്‍ പ്രണയം തുടരും

Update: 2025-04-26 05:41 GMT

മലപ്പുറം: ഫുട്ബാള്‍ ഇതിഹാസമാണ് ഐ.എം. വിജയന്‍. കേരളാ പോലീസില്‍ നിന്നും ഒരിക്കല്‍ രാജിവച്ച് പോയ കറത്തു മുത്ത്. ദേശീയ ഫുട്‌ബോളില്‍ ഇതിഹാസമായി മാറാനുള്ള ബംഗാള്‍ ചുവടുവയ്പ്പായിരുന്നു ആ രാജിയ്ക്ക് കാരണം. കളി മതിയാക്കി തിരച്ചെത്തിയപ്പോള്‍ വീണ്ടും കേരളം വിജയന് പോലീസ് യൂണിഫോം നല്‍കി. അങ്ങനെ വീണ്ടും പോലീസുകാരനായി. കേരളാ പോലീസ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി. 56 വയസ്സാകുമ്പോള്‍ വിജയന്‍ തൊപ്പിയൂരുകയാണ്.

56-ാം പിറന്നാള്‍ ദിനമായ ഇന്നലെ പൊലീസ് സേന ഔദ്യോഗിക യാത്രഅയപ്പ് നല്‍കി. മലപ്പുറത്ത് എം.എസ്.പി അസിസ്റ്റന്റ് കമന്‍ഡാന്റ് ആയ വിജയന്‍ 30നാണ് സര്‍വീസില്‍ നിന്ന് വിരമിക്കുക. ഇന്നലെ രാവിലെ നടന്ന ഫെയര്‍വെല്‍ പരേഡില്‍ സേനാംഗങ്ങളില്‍ നിന്ന് വിജയന്‍ സല്യൂട്ട് സ്വീകരിച്ചു. യാത്രഅയപ്പ് ചടങ്ങ് എം.എസ്.പി കമന്‍ഡാന്റ് എ.എസ്. രാജു ഉദ്ഘാടനം ചെയ്തു. എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കമന്‍ഡാന്റ് പി.ഹബീബ് റഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം അബു സലീം, പൊലീസ് ഉദ്യോഗസ്ഥരായ കുഞ്ഞുമോന്‍, കെ.പി.ഗണേശന്‍, പി.ബാബു, കെ.എം.റിജേഷ് എന്നിവര്‍ സംസാരിച്ചു. കേരളാ പൊലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണ നിരയിലെ അവസാന കണ്ണികൂടിയാണ് പടിയിറങ്ങുന്നത്. പൊലീസില്‍ നിന്നിറങ്ങിയാലും ഫുട്ബാള്‍ മൈതാനത്ത് കാണാമെന്ന് പറഞ്ഞാന് ഫുട്‌ബോള്‍ ഇതിഹാസം കേരളാ പോലീസില്‍ നിന്നും അവസാന സല്യൂട്ട് വാങ്ങുന്നത്.

എംഎസ്പിയില്‍ ജോലിചെയ്ത് വിരമിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐ എം വിജയന്‍ പറഞ്ഞു. 'ഫുട്ബോള്‍ കളിക്കാരനാണെങ്കില്‍ കൊല്‍ക്കത്തയില്‍ പോയി കളിക്കണം. അതുപോലെ പൊലീസുകാരനാണെങ്കില്‍ എംഎസ്പിയില്‍ ജോലി ചെയ്യണം'. എംഎസ്പിയില്‍ എത്തിയതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്. മുന്‍ മന്ത്രിയും സ്പീക്കറുമൊക്കെയായിരുന്ന കെ രാധാകൃഷ്ണന്‍ എംപി എനിക്ക് ജ്യേഷ്ഠനെ പോലെയാണ്. ഒരു ഭൂസമരം നടക്കുന്ന സമയം. സമരസ്ഥലത്ത് നില്‍ക്കുന്ന രാധാകൃഷ്ണേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പോയി കൈകൊടുത്തു. ആ പടം ദേശാഭിമാനിയില്‍ അച്ചടിച്ചുവന്നു. പൊലീസുകാരനായ വിജയന്‍ ഭൂസമരത്തിന്റെ ഭാഗമായി എന്ന വലിയ പ്രചാരണമുണ്ടായി. അതോടെ അടുത്ത ദിവസം എനിക്ക് എംഎസ്പിയിലേക്ക് ട്രാന്‍സ്ഫര്‍. ഞാന്‍ ആഗ്രഹിച്ചതും എംഎസ്പിയിലേക്ക് വരാനായിരുന്നു. അങ്ങനെ ട്രാന്‍സ്ഫര്‍പോലും ഭാഗ്യമായി മാറിയെന്ന് വിജയന്‍ പറഞ്ഞു.

1987ല്‍ 18-ാം വയസില്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച വിജയന്‍ 1991ല്‍ ജോലി വിട്ട് കൊല്‍ക്കത്ത മോഹന്‍ബഗാനായി ഫുട്‌ബോള്‍ കളിക്കാന്‍ പോയി. 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ നിര്‍ബന്ധത്തിലാണ് തിരിച്ചെത്തിയതെന്ന് പ്രസംഗത്തില്‍ അദ്ദേഹം അനുസ്മരിച്ചു. 1993ല്‍ വീണ്ടും പൊലീസ് ജോലി ഉപേക്ഷിച്ച വിജയന്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി മില്‍സ് ഫഗ്വാര, എഫ്.സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബ്ബുകളില്‍ കളിച്ചു. 1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ഫുട്ബാള്‍ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. 2000- 2004 കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായി. 2006ല്‍ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളില്‍ നിന്ന് ഇറങ്ങിയതോടെ പ്രൊഫഷണല്‍ ഫുട്ബാളില്‍ നിന്ന് വിടവാങ്ങി. എ.എസ്.ഐ ആയാണ് തിരികെ പൊലീസില്‍ പ്രവേശിച്ചത്. 2021ല്‍ എം.എസ്.പി അസിസ്റ്റന്റ് കമന്‍ഡാന്റ് ആയി. 2002ല്‍ അര്‍ജുന അവാര്‍ഡും 2025ല്‍ പദ്മശ്രീയും നല്‍കി രാജ്യം ആദരിച്ചു.

1986-ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോഴാണ് കേരള പോലീസിന്റെ ഭാഗമായത്. തൊട്ടടുത്തവര്‍ഷം 18 വയസ്സായപ്പോള്‍ ഉത്തരവ് കൈയില്‍ക്കിട്ടി. പോലീസില്‍ നല്ല അനുഭവങ്ങള്‍ മാത്രമാണുള്ളത്. അതില്‍ എടുത്തുപറയേണ്ടത് 1991-ലെ ഫെഡറേഷന്‍ കപ്പ് പോലീസ് ടീം വിജയിച്ചതാണ്. വി.പി. സത്യന്‍, യു. ഷറഫലി, സി.വി. പാപ്പച്ചന്‍, കുരികേശ് മാത്യു, കെ.ടി. ചാക്കോ, പി.പി. തോബിയാസ് തുടങ്ങിയവര്‍ക്കൊപ്പം പന്തുതട്ടാനായി. രണ്ടുതവണയാണ് ഫെഡറേഷന്‍ കപ്പ് പോലീസ് വിജയിച്ചത്. എപ്പോഴും പോലീസ് കുപ്പായം ധരിച്ച് നടക്കുന്നയാളല്ല ഞാന്‍. യൂണിഫോം ധരിച്ചപ്പോളുണ്ടായ അനുഭവങ്ങളില്‍ ശബരിമല ഡ്യൂട്ടികളും തിരുവനന്തപുരം ചാല സംഘര്‍ഷവുമാണ് ഓര്‍മ്മയിലുള്ളത്. ശബരിമലയില്‍ ഡ്യൂട്ടിക്കുപോകുമ്പോള്‍ സ്വാമിമാര്‍ അടുത്തുവന്ന് പരിചയപ്പെടും, ഫോട്ടോയുമെടുക്കും. അതൊരു അംഗീകാരമാണ്. എന്നെ ഇങ്ങനെയാക്കിയത് അവരെല്ലാമാണ്-വിജയന്‍ ഓര്‍ക്കുന്നു. പോലീസില്‍ ചേര്‍ന്നയുടനെയാണ് ചാലയില്‍ സംഘര്‍ഷമുണ്ടാകുന്നത്. ഓഫീസേഴ്‌സ് അടക്കമുള്ള വലിയ പടയാണ് അന്ന് ചാലയിലേക്കുപോയത്. ആ സംഘത്തില്‍ ഞാനുമുണ്ടായി-വിജയന്‍ പറയുന്നു.

പോലീസ് ജീവിതത്തില്‍ എല്ലാം ചെയ്തുവെന്ന സംതൃപ്തിയിലാണ് വിരമിക്കുന്നത്. ഇനി മുന്നിലുള്ള ലക്ഷ്യം എന്റെപേരില്‍ ഒരു ഫുട്‌ബോള്‍ അക്കാദമി തുടങ്ങുക എന്നതാണ്. സംസ്ഥാനസര്‍ക്കാരുമായി അക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. എന്റെ വിജയത്തിന്റെ ബലം കുടുംബമാണ്-വിജയന്‍ പറയുന്നു.

Tags:    

Similar News