അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനവും സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തലും! വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് 'ഐ.എം.ജി. സംരക്ഷണ സമിതി'യുടെ കത്ത് മുഖ്യമന്ത്രിക്ക്; നിയമന മാനദണ്ഡമെല്ലാം മുന്‍ ചീഫ് സെക്രട്ടറി അട്ടിമറിച്ചെന്ന് ആരോപണം; കെ ജയകുമാറിനെതിരെ ഉയര്‍ത്തുന്നത് അനാവശ്യ വിവാദമോ? പരാതിയില്‍ തുടര്‍ നടപടി എടുക്കില്ല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി)യില്‍ വന്‍ അഴിമതിയെന്ന് ആരോപണം. ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍ ഐ.എ.എസ് അഴിമതി, സ്വജനപക്ഷപാതം, ബന്ധുനിയമനം, സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തല്‍ എന്നീ ഗുരുതര പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് പരാതി ഉയരുന്നത്. ഇതില്‍ നടപടി ആവശ്യപ്പെട്ട് 'ഐ.എം.ജി. സംരക്ഷണ സമിതി' മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി അന്വേഷിക്കാനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. ഇതു വെറുമൊരു ഊമകത്താണെന്നാണ് സര്‍ക്കാര്‍ നിലപാട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂടിയായ മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെതിരെയാണ് ആക്ഷേപങ്ങള്‍.
2018 ജൂണ്‍ മാസം മുതല്‍ ഡയറക്ടറായി തുടരുന്ന കെ. ജയകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പിനും കെട്ടുറപ്പിനും സാരമായി ബാധിച്ചിരിക്കുന്നു എന്നും ആരോപണമുണ്ട്. അതുകൊണ്ട്, ജുഡീഷ്യല്‍ അന്വേഷണം നടത്തി നിയമപരമായി നടപടി സ്വീകരിക്കണമെന്നും, ഡയറക്ടറുടെ തെറ്റായ പ്രവര്‍ത്തനം കാരണം സര്‍ക്കാരിനുണ്ടായ നഷ്ടം തിരികെ ഈടാക്കണമെന്നും, ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ഉടന്‍ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണത്തിന് വിധേയമാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഈ പരാതി ഗവര്‍ണ്ണര്‍ക്ക് നല്‍കിയിട്ടുണ്ട്. കെ. ജയകുമാര്‍ ഡയറക്ടറായി ചുമതലയേറ്റ ശേഷം സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിയമപരമായി ഇറക്കുന്ന സര്‍ക്കുലറുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണ് സ്ഥാപനത്തിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പരാതിയില്‍ പറയുന്നു. മുന്‍ ഡയറക്ടര്‍മാര്‍ യു.ജി.സി. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
എന്നാല്‍ നിലവിലെ ഡയറക്ടര്‍ ചട്ടപ്രകാരമുള്ള ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരണവും നിയമന മാനദണ്ഡങ്ങളും അവഗണിച്ച് സ്വന്തം ഇഷ്ടപ്രകാരം ഡയറക്ടര്‍ ചെയര്‍മാനായും താല്‍പര്യത്തിന് വഴങ്ങുന്ന രണ്ട് ഫാക്കല്‍റ്റികളെയും ഉള്‍പ്പെടുത്തിയാണ് ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചതെന്നാണ് ആരോപണം.
യോഗ്യതയുള്ളവരെ തഴഞ്ഞ് സ്വന്തം ബന്ധുക്കളെയും സില്‍ബന്ധികളെയും പരിഗണിച്ചുകൊണ്ട് നിയമനം നടത്തുകയും, ഇതില്‍ ഭൂരിഭാഗവും സ്ത്രീകളായ സില്‍ബന്ധികളാണ് എന്നും പരാതിയില്‍ പറയുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് എടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവും നിയമസഭ പാസാക്കിയ നിയമവും മറികടന്നുകൊണ്ടാണ് കെ. ജയകുമാര്‍ നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. സില്‍ബന്ധികളായ കരാര്‍ ജീവനക്കാര്‍ക്ക് ഉത്തരവാദിത്തപ്പെട്ട ഒട്ടനവധി തസ്തികകളുടെ ചാര്‍ജ്ജ് നല്‍കിയിട്ടുണ്ട്. യാതൊരു മാനദണ്ഡവും ഇല്ലാതെ കരാര്‍ ജീവനക്കാരായ സ്വന്തം ആളുകളുടെ ശമ്പളത്തുക ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് സര്‍ക്കാരിന് വന്‍ തുക നഷ്ടം വരുത്തിയെന്നും, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പിആര്‍ഡി വകുപ്പിന് കത്ത് നല്‍കിയതായും ആരോപണമുണ്ട്.
പി.ആര്‍.ഡി. വകുപ്പ് കരാര്‍ ഒരു വര്‍ഷത്തേക്ക് മാത്രമാണ് ബാധകമെന്നും ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ അനുവദനീയമല്ലെന്നും, സര്‍ക്കാര്‍ അനുമതിയില്ലാതെ കാലാവധി നീട്ടി നല്‍കരുതെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു വിപരീതമായി ഡയറക്ടര്‍ വ്യവസ്ഥകള്‍ക്ക് വിപരീതമായി കരാര്‍ പലതവണ നീട്ടി നല്‍കുകയും യാതൊരു മാനദണ്ഡവും ഇല്ലാതെ ശമ്പള വര്‍ദ്ധനവ് നല്‍കുകയും ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിനും കരാര്‍ കാലാവധി നീട്ടുന്നതിനും വേണ്ടി ഡയറക്ടര്‍ വന്‍ തുക കൈപ്പറ്റിയിട്ടുണ്ട് എന്നും ആരോപണമുണ്ട്. നിയമപരമായി നിലനില്‍ക്കാത്ത കാര്യങ്ങള്‍ പോലും കോഴ വാങ്ങി ശുപാര്‍ശ ചെയ്തതിലേക്ക് ഡയറക്ടറെ സഹായിക്കുന്നതിന് താല്‍ക്കാലിക ജീവനക്കാരും സ്ഥിര ജീവനക്കാരും അടങ്ങുന്ന ഒരു സംഘം സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പരാതിയുണ്ട്.
കെ. ജയകുമാര്‍ സര്‍വ്വീസില്‍ ഉടനീളം അഴിമതി, സ്വജനപക്ഷപാതം, സ്ത്രീ പ്രീണനം എന്നിവ നടത്തിയെന്നും, ഐ.എം.ജി. ഡയറക്ടര്‍ ആയതിനുശേഷം ഇത് അടിവരയിട്ട് ഉറപ്പിക്കുകയാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. അഴിമതികള്‍ പലതവണ ചൂണ്ടിക്കാട്ടിയപ്പോള്‍, ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും തന്റെ പോക്കറ്റില്‍ ആണെന്ന പ്രതീതി ജനിപ്പിച്ച് രക്ഷപ്പെടുമെന്ന് ഡയറക്ടര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നും 'സംരക്ഷണ സമിതി' ആരോപിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
