പാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുമോ? കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച എച്ച് റഷീദിനെ ചെയര്‍പേഴ്‌സണായി ഉയര്‍ത്തിക്കാട്ടിയുള്ള ഫോര്‍മുലകള്‍ ചര്‍ച്ചയില്‍; സിപിഎമ്മുമായി കൈകൊടുക്കുന്നത് ആത്മഹത്യാപരമെന്ന വികാരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും; തറപ്പിച്ചു പറയാന്‍ മടിച്ച് നേതാക്കള്‍

പാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുമോ?

Update: 2025-12-14 06:29 GMT

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ പാലക്കാട് എന്തു സംഭവിക്കുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആണെങ്കിലും ഇവിടെ ഇന്ത്യ സഖ്യം കൈകോര്‍ത്താല്‍ ബിജെപിക്ക് അധികാരം നഷ്ടമാകും. നഗരസഭയില്‍ ബിജെപിയെ തടയാന്‍ സഖ്യ സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പലയിടത്തും നടക്കുന്നുണ്ട്. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട നേതാക്കളാലും അനുകൂലമായ പ്രതികരണം നടത്തിയിട്ടില്ല. അത്തരം സാധ്യതകളെ പൂര്‍ണായും ആരും തള്ളുന്നുമില്ലി.

പാലക്കാട്ടെ സഖ്യസാധ്യതകള്‍ അന്വേഷിക്കുകയാണ് സിപഎമ്മും കോണ്‍ഗ്രസും. സഖ്യസാധ്യത തള്ളാതെയാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പ്രതികരണം. ബിജെപിയെ മാറ്റിനിര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരുമായി കൈകോര്‍ക്കാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു. ബിജെപിയെ മാറ്റി നിര്‍ത്താന്‍ ആവശ്യമെങ്കില്‍ സ്വതന്ത്രനുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാലക്കാട് നഗരസഭയില്‍ മതേതര സഖ്യസാധ്യത തള്ളാതെയാണ് സിപിഎമ്മിന്റേയും പ്രതികരണം. ബിജെപി ഭരണം ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. ജമാഅത്ത ഇസ്ലാമിയുമായി സഹകരിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.

അതിനിടെ, പാലക്കാട് നഗരസഭയില്‍ മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എച്ച് റഷീദ് പ്രതികരിച്ചു. മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്നും എന്ത് ഓഫര്‍ തന്നാലും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ഇതുവരെ സമീപിച്ചിട്ടില്ല. പാര്‍ട്ടി പുറത്താക്കിയ ആളായതിനാല്‍ സ്വതന്ത്രനായി തുടരുമെന്നും റഷീദ് പറഞ്ഞു.

ഡിസംബര്‍ 21ാം തീയതിയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുന്നത്. അതിന് ശേഷമാവും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പടെ നടക്കുക. അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമാവും ഇക്കാര്യത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ നടത്തുക. നഗരസഭയില്‍ 17 സീറ്റുകളില്‍ കോണ്‍ഗ്രസും എട്ട് സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചിട്ടുണ്ട്. ബി.ജെ.പി 25 സീറ്റിലും വിജയിച്ചിട്ടുണ്ട്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചിട്ടുള്ളത്. കോണ്‍ഗ്രസും സി.പി.എമ്മും കോണ്‍ഗ്രസിന്റെ വിമതനും ഒന്നിച്ചാല്‍ നഗരസഭ പിടിക്കാനാവും.

അതിനിടെ, പാലക്കാട്ടെ മതേതര സഖ്യത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മതേതര സഖ്യമല്ല, മാങ്കൂട്ടം സഖ്യമെന്ന് സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ് പ്രതികരിച്ചു. പാലക്കാട് ജനവിധി അടിമറിക്കാനാണ് ഇവരുടെ നീക്കമെന്നും ഇ കൃഷ്ണദാസ് പറഞ്ഞു. അതേസമയം ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച തെരഞ്ഞെടുപ്പില്‍ ഭരണത്തിനായി സിപിഎമ്മുമായി കൈകൊടുക്കുന്നത് ആത്മഹത്യാപരമാകുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുണ്ട്.

അതേസമയം പാലക്കാട് വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിയാതെ പോയത് പാര്‍ട്ടിക്കുള്ളിലെ പോര് കടുപ്പിക്കുന്നതാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയില്‍ ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള പിടിവലി ശക്തമാണ്. അതേസമയം ശക്തികേന്ദ്രങ്ങളിലെ വിജയംപോലും ഒറ്റയക്കത്തിലുള്ള ഭൂരിപക്ഷത്തില്‍ ഒതുങ്ങിയത് ആര്‍എസ്എസ്.നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്താദ്യാമായി താമര വിരിഞ്ഞ പാലക്കാട് പക്ഷേ ഇത്തവണ പ്രതീക്ഷിച്ച വിളവെടുപ്പിനായില്ല ബി.ജെ.പിയ്ക്ക്. 53 അംഗ നഗരസഭയില്‍ 25അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ്.

വിജയിച്ചവരില്‍ പ്രമുഖര്‍ സംസ്ഥാന ട്രഷററായ ഇ.കൃഷ്ണദാസും ജില്ലാ ജനറല്‍ സെക്രട്ടറിയായ പി.സ്മിതേഷുമായണ്.ഇരുവരും ജില്ലയിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിന്റെ എതിര്‍ ചേരിയിലുള്ളവരാണ്. കൃഷ്ണദാസിനാണ് മുന്‍തൂക്കം കൂടുതല്‍. പ്രബല കോണ്‍ഗ്രസ് നേതാവിനെ പരാജയപെടുത്തി എത്തിയ സ്മിതേഷും ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നിലുണ്ട്.മികച്ച സംഘാടകന്‍ കൂടിയായ സ്മിതേഷ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്ക് കാഴ്ചവെച്ച പ്രകടനവും അനുകൂലികള്‍ എടുത്തുകാണിക്കുന്നു.

തര്‍ക്കം മുതലെടുത്ത് സമയവായ സ്ഥാനാര്‍ഥിയായി മറ്റൊരു പേര് സി.കൃഷ്ണകുമാര്‍ വിഭാഗം മുന്നോട്ടു വെയ്ക്കാനാണു സാധ്യത. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേര് സി.കൃഷ്ണകുമാറിന്റെ ഭാര്യ കൂടിയായ അയ്യപുരം കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിന്റേതാണ്.

Tags:    

Similar News