പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ; ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം; ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കും; നയതന്ത്ര ബന്ധം വിഛേദിച്ചേക്കും; സിന്ധുനദീജല കരാറില്‍ നിന്ന് പിന്മാറിയേക്കും; പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താന്‍ നീക്കങ്ങള്‍

പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ

Update: 2025-04-23 11:08 GMT

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് നയതന്ത്ര - സൈനിക തലത്തില്‍ കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇന്ത്യ വിഛേദിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്താനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകള്‍.

ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ണായക സന്ദേശം നല്‍കിയത്.

ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും. ഇന്ത്യാ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഞ്ചാരത്തിനായി തുറന്ന കര്‍ത്താര്‍പുര്‍ ഇടനാഴി അടയ്ക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ദരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാക്കിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും.

പാക്കിസ്ഥാനുമായുള്ള സഹകരണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വാഗ, ഹുസൈന്‍വാല, ആര്‍.എസ് പുര അതിര്‍ത്തികല്‍ നടക്കാറുള്ള പതാക താഴ്ത്തല്‍, ബീറ്റിങ് റീട്രീറ്റ് ചടങ്ങുകള്‍ ഒഴിവാക്കും. മാത്രമല്ല ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സിന്ധുനദീജല കരാറില്‍ നിന്ന് പിന്മാറിയേക്കുമെന്നും സൂചനയുണ്ട്. പാക്കിസ്ഥാനിലെ കര്‍ഷകര്‍ ഏറെ ആശ്രയയിക്കുന്ന നദീജലം പങ്കിടല്‍ കരാര്‍ അവസാനിപ്പിക്കണമെന്ന ആവശ്യം മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.

പഹല്‍ഗാമിലെ സംഭവവികാസങ്ങള്‍ ഇന്ത്യ യുന്‍ രക്ഷാസമിതിയെ സ്ഥിരാംഗങ്ങളോട് വിശദീകരിക്കും, ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വിശദമാക്കുന്ന തെളിവുകളും കൈമാറും. പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് നയതന്ത്രതലത്തില്‍ കൂടുതല്‍ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, ഇന്ത്യ സൈനികമായി തിരിച്ചടിച്ചേക്കുമെന്ന് സൂചനകളില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരോട് തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്മാരെ കണ്ടെത്തി അവര്‍ക്കെതിരെ സൈനിക നടപടി ഉണ്ടായേക്കുമെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇക്കാര്യങ്ങള്‍ പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും സൈനിക നടപടി പ്രതീക്ഷിക്കാമെന്നുള്ള സൂചനകള്‍ പ്രതിരോധ വൃത്തങ്ങളില്‍നിന്ന് വരുന്നുണ്ട്.

ഭീകരാക്രമണം നടത്തിയ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തനം പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചാണ്. ഇവരെ സഹായിക്കുന്നത് ഭീകര സംഘടനയായ ലഷ്‌കറെ തോയ്ബ ആണ്. ഇവരെ ഇന്ത്യ ലക്ഷ്യമിട്ടേക്കുമെന്നാണ് വിവരങ്ങള്‍. അടുത്ത നടപടി എന്ത് വേണമെന്ന് തീരുമാനിക്കാനുള്ള സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതി യോഗം ഇന്ന് വൈകിട്ട് ആറുമണിക്ക് നടക്കും. ഇതിന് ശേഷമാകും തീരുമാനങ്ങളുണ്ടാകുക.

സൈനീകമായും നയതന്ത്രപരമായും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെകുറിച്ചും എത്രനാള്‍ നീണ്ടുപോകും എന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതലയോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. കടുത്ത നടപടികളിലൂടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലര്‍ത്താന്‍ താല്‍പര്യമില്ല എന്ന സന്ദേശമാണ് ഇന്ത്യ നല്‍കാന്‍ ശ്രമിക്കുന്നത്.

സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു പഹല്‍ഗാമിലെ ബൈസരന്‍ താഴ്വര. മിനി സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെട്ട സ്ഥലം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നില്‍ ഇവിടം മാറി. മതം ചോദിച്ച് ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ 26 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പഹല്‍ഗാമിലും, അനന്ത്‌നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. അമിത്ഷായെ കണ്ടതോടെ മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊട്ടിക്കരഞ്ഞു.

ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌ക്കര്‍ ഇ തയ്ബയാണെന്ന് സ്ഥിരീകരിച്ചു. ലഷ്‌ക്കര്‍ ഇ തയ്ബ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസഥാനില്‍ നിന്നായിരുന്നു ഓപ്പേറഷന്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്. 2017ല്‍ പാകിസ്ഥാനിലേക്ക് പോയി ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായവരാണെന്നാണ് വിവരം.

ശ്രീനഗറില്‍ ഉന്നത തലയോഗത്തിന് ശേഷമാണ് ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ അമിത്ഷായെത്തിയത്. ആര്‍മി ഹോലികോപ്റ്ററിലെത്തിയ അമിത്ഷാ അരമണിക്കൂറോളം ബൈസരന്‍ താഴ്വരയില്‍ ചെലവഴിച്ചു. വൈകീട്ടോടെ അമിത്ഷാ ഡല്‍ഹിയില്‍ തിരിച്ചെത്തും. ഇതിനിടെ മൂന്ന് സേനാ മേധാവിമാരുമായും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്. സൗദിയില്‍ നിന്നെത്തിയതിന് തൊട്ടുപിന്നാലെ വിദേശകാര്യമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി എന്നിവരുമായി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി അടിയന്തര കൂടിക്കാഴ്ച നടത്തിയിരുന്നു.

Similar News