വിവാഹം കഴിഞ്ഞിട്ട് എട്ട് ദിവസം; സ്വിറ്റ്‌സര്‍ലന്‍ഡോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യമോ ആയിരുന്നു അവരുടെ ഹണിമൂണ്‍ സ്വപ്നം; വിസ ശരിയാകാതെ വന്നതോടെ 'മിനി സ്വിസ്' എന്നറിയപ്പെടുന്ന പഹല്‍ഗാം യാത്രക്കായി തിരഞ്ഞെടുത്തു; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെടിയുതിര്‍ത്ത് ഭീകരര്‍; നോവായി വെടിയേറ്റ് മരിച്ച നാവിക ഉദ്യോഗസ്ഥന്‍

Update: 2025-04-23 11:56 GMT

യൂറോപ്പ്യന്‍ രാജ്യങ്ങളോ സ്വിറ്റ്‌സര്‍ലന്‍ഡോ ഹണിമൂണ്‍ ആഘോഷിക്കാന്‍ സ്വപ്‌നം കണ്ട ദമ്പതികള്‍ വിസ തടസത്തെ മറികടന്ന് യാത്ര തിരിച്ചത് ഇന്ത്യയുടെ മനോഹാരിതയില്‍ മുങ്ങാന്‍. ആ സ്വപ്‌ന യാത്രയ്ക്കായി തിരഞ്ഞെടുത്തത് ''മിനി സ്വിസ്'' എന്നറിയപ്പെടുന്ന ജമ്മു കശ്മീരിലെ പഹല്‍ഗാമായിരുന്നു. വിവാഹത്തിന്റെ എട്ടാം ദിനത്തില്‍ പ്രകൃതിയുടെ രമണീയതയില്‍ മാറി നില്‍ക്കാനെത്തിയ ഈ പുതുവിവാഹിതര്‍ യാത്ര ആസ്വദിക്കുകയായിരുന്നു.

പുതിയ ജീവിതം പുതിയ പ്രതീക്ഷകളോടെ തുടങ്ങിയ അവരുടെ ഹണിമൂണ്‍ യാത്ര നിമിഷങ്ങള്‍ക്കകം ദുഃഖത്തില്‍ മുങ്ങി. കൊച്ചിയിലെ നാവികസേന ഉദ്യോഗസ്ഥനും ഹരിയാണ സ്വദേശിയുമായ ലഫ്റ്റനന്റ് വിനയ് നര്‍വാള്‍, തന്റെ പ്രിയപത്‌നി ഹിമാംശിയുടെ മുന്നില്‍ വെച്ച് ഭീകരരുടെ വെടിക്കിരയായി. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭീകരര്‍ തന്റെ ഭര്‍ത്താവിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് ഹിമാംശി പറയുന്നു. ഹിമാംശിയും കുടുംബവും വേദനയോടെ വിനയുടെ മൃതദേഹം ഏറ്റുവാങ്ങുമ്പോള്‍ ആ കാഴ്ച കണ്ട് നിന്നവര്‍ക്കും സഹിക്കാന്‍ സാധിച്ചില്ല.

ഹരിയാണയിലെ കര്‍ണാലിലെ ഭുസലി ഗ്രാമത്തിലുള്ള വിനയ് അഗര്‍വാളും കുടുംബവും സെക്ടര്‍-7 ലാണ് താമസിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ വിനയ് മൂന്ന് വര്‍ഷം മുമ്പാണ് ലഫ്റ്റനന്റായി നാവികസേനയില്‍ ചേര്‍ന്നത്. കൊച്ചിയിലാണ് നിയമനം ലഭിച്ചത്. വിനയ് നര്‍വാളിന്റെ പിതാവ് രാജേഷ് കുമാര്‍ പാനിപ്പത്തില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്രണ്ടാണ്. മുത്തച്ഛന്‍ ഹവാ സിംഗ് 2004-ല്‍ ഹരിയാണ പോലീസില്‍ നിന്ന് വിരമിച്ചയാളാണ്.

ഗുരുഗ്രാം സ്വദേശിനിയായ ഹിമാംശിയുമായി രണ്ട് മാസം മുമ്പാണ് വിവാഹ നിശ്ചയം നടത്തിയത്. ഹിമാംശി പിഎച്ച്ഡി ചെയ്യുകയാണ്, കൂടാതെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകളും എടുക്കുന്നുണ്ട്. ഹിമാംശിയുടെ അച്ഛന്‍ സുനില്‍ കുമാര്‍ ഗുരുഗ്രാമില്‍ എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ ഓഫീസറാണ്.

വിവാഹത്തിനായി മാര്‍ച്ച് 28-നാണ് വിനയ് അവധിയെടുത്ത് നാട്ടിലെത്തിയത്, ഏപ്രില്‍ 16-ന് മസൂറിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഏപ്രില്‍ 19-ന് കര്‍ണാലില്‍ വിവാഹ സല്‍ക്കാരം നടത്തി. 'അവര്‍ യൂറോപ്പില്‍ മധുവിധു ആഘോഷിക്കാന്‍ പദ്ധതിയിട്ടിരുന്നു, എന്നാല്‍ വിസ പ്രശ്‌നങ്ങള്‍ കാരണം അത് ഒഴിവാക്കി. പകരമായി, അവര്‍ ഏപ്രില്‍ 21-ന് ജമ്മു കശ്മീരിലേക്ക് പോയതാണ്, ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ഒരു ഹോട്ടലിലെത്തി. ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഇപ്പോള്‍ ആക്രമണം നടന്ന സ്ഥലത്തേക്ക് ആവര്‍ പോയത്' വിനയ് നര്‍വാളിന്റെ കുടുംബാംഗം പറഞ്ഞു.

ജമ്മു കാശ്മീരില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മെയ് ഒന്നിന് വിനയ് തന്റെ 27-ാം ജന്മദിനം ആഘോഷിക്കാന്‍ ഇരിക്കുകയായിരുന്നു. ഹണിമൂണ്‍ കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ കുടുംബം വലിയൊരു ആഘോഷം ഒരുക്കിയിരുന്നു. മറ്റൊരു കുടുംബാംഗമായ അമിത് പറഞ്ഞു. ഈ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് മെയ് മൂന്നിന് വിനയിയും ഹിമാംശിയും കൊച്ചിയിലേക്ക് പോകാനും പദ്ധതിയിട്ടതാണ്. അവിടെ അവര്‍ ഒരു റെസ്റ്റ് ഹൗസ് ബുക്ക് ചെയ്തിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വിനയ് നര്‍വാളിന്റെ കുടുംബത്തില്‍ നിരവധി ആളുകള്‍ സൈന്യത്തില്‍ സേവനം ചെയ്തിട്ടുണ്ട്.

Tags:    

Similar News