മദ്രസ വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിര; സമയം വരുമ്പോള്‍ ആവശ്യമനുസരിച്ച് ഉപയോഗിക്കുമെന്ന് പാര്‍ലമെന്റില്‍ പാക്ക് പ്രതിരോധ മന്ത്രി; പാക്ക് അധീന കശ്മിരിലെ മദ്രസകളില്‍ തീവ്രവാദ പരിശീലനം നടക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ശരിവച്ച് ഖ്വാജ ആസിഫിന്റെ പ്രസ്താവന; അയാളെ ഒന്ന് മാറ്റാമോയെന്ന് പാക്ക് സോഷ്യല്‍ മീഡിയ

മദ്രസാ വിദ്യാര്‍ത്ഥികള്‍ രണ്ടാം പ്രതിരോധ നിര: പാക്ക് പ്രതിരോധമന്ത്രി

Update: 2025-05-10 08:05 GMT

ഇസ്ലാമാബാദ്: മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ രണ്ടാമത്തെ പ്രതിരോധ നിരയെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവന വിവാദത്തില്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വര്‍ധിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ വിവാദ പ്രസ്താവന. മദ്രസകളെയും മദ്രസ വിദ്യാര്‍ത്ഥികളെയും സംബന്ധിച്ചിടത്തോളം, അവര്‍ രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണെന്നതില്‍ സംശയമില്ല. അവിടെ പഠിക്കുന്ന ചെറുപ്പക്കാരെ, സമയം വരുമ്പോള്‍ നൂറ് ശതമാനവും ആവശ്യമനുസരിച്ച് ഉപയോഗിക്കും എന്ന് പറയുന്ന ഖ്വാജ ആസിഫിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.


പാക് അധീന കശ്മീരിലെ മദ്രസകളില്‍ തീവ്രവാദ പരിശീലനം നടക്കുന്നുണ്ടെന്ന ഇന്ത്യയുടെ വളരെക്കാലമായുള്ള വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് ഖ്വാജ ആസിഫിന്റെ പ്രസ്താവന. തങ്ങളുടെ രണ്ടാം പ്രതിരോധ നിര മദ്രസാ വിദ്യാര്‍ത്ഥികളാണ് എന്ന പ്രയോഗത്തിലൂടെ ഖ്വാജ ആസിഫ് സ്ഥിരീകരിച്ചതെന്ന് ഇന്ത്യയിലെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു.


ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുണ്ടെന്ന് ഖ്വാജ ആസിഫ് സമ്മതിച്ചിരുന്നു. ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്നതിന്റെ ദീര്‍ഘകാല ചരിത്രം പാകിസ്ഥാനുണ്ടെന്നും അത് യുഎസ്, ബ്രീട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി കൂടിയാണെന്നും അദ്ദേഹം പറഞ്ഞതും വലിയ വിവാദമായിരുന്നു. 'അതെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണ്' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.


ഈ ആഴ്ച ആദ്യം, സിഎന്‍എന്‍ അഭിമുഖത്തില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചെങ്കിലും ഖ്വാജ ആസിഫിന് കൃത്യമായ തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആസിഫ് പറഞ്ഞു.

താങ്കള്‍ പ്രതിരോധ മന്ത്രിയാണ്, സര്‍. സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കത്തെക്കുറിച്ച് അറിയാനല്ല താങ്കളുമായി സംസാരിക്കുന്നത് സിഎന്‍എന്‍ മാധ്യമ പ്രവര്‍ത്തകന്‍ പറയുന്ന വീഡിയോയും വൈറലായി. ഇതിനിടെ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണത്തെ മന:പൂര്‍വം തടയാതിരുന്നതാണെന്നുള്ള വിചിത്ര വാദവും ഖ്വാജ ആസിഫ് ഉന്നയിച്ചു.


ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യന്‍ ഡ്രോണുകള്‍ തടയാതിരിക്കാന്‍ പാകിസ്ഥാന്‍ മന:പൂര്‍വം തീരുമാനിച്ചത് തങ്ങളുടെ സൈനിക ഉപകരണങ്ങളുടെ കൃത്യമായ സ്ഥാനങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഖ്വാജ ആസിഫ് ഇക്കാര്യം പറയുന്നതിന്റെയും വീഡിയോയും വലിയ രീതിയില്‍ പ്രചരിച്ചു.

അതേസമയം സൈന്യത്തിന്റെ നീക്കത്തെ കുറിച്ച് ഒരു ധാരണയും ഇല്ലാത്തൊരാളെ പോലെയാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രവര്‍ത്തികളും വാക്കുകളും. പാക് ദേശീയ അസംബ്ലിയില്‍ പോലും നുണ പറയുന്നതിന് അദ്ദേഹത്തിന് ഒട്ടം ശങ്കയില്ല. അദ്ദേഹത്തിന്റെ കൈവിട്ട പ്രയോഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളായി ഉയര്‍ത്തെഴുനേല്‍ക്കുന്നു. പാക് സൈന്യവുമായി പാക് ഭരണകൂടത്തിനുള്ള അകല്‍ച്ച കൂടിയാണ് പാക് പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍ തെളിയിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ സമൂഹ മാധ്യമങ്ങളിലൂടെ പാക് സൈന്യം അഞ്ച് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതിനെ കുറിച്ച് അറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞത് വലിയ വിവാദമായിരുന്നു.

ഇന്ത്യയുടെ ഡ്രോണുകള്‍ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ യൂണിറ്റുകളുടെ സ്ഥാനങ്ങള്‍ കണ്ടെത്താനെത്തിയെന്നും എന്നാല്‍, ആ സ്ഥാനങ്ങള്‍ വെളിപ്പെടുത്താന്‍ പാക് സൈന്യം ആഗ്രഹിക്കാത്തതിനാല്‍ അവയെ വെടിവെച്ച് ഇട്ടില്ലെന്നും പാക് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം അര്‍ത്ഥ ശങ്കയില്ലാതെ പറഞ്ഞു. അദ്ദേഹത്തിന്റെ ഇത്തരം അബദ്ധജഡിലമായ പ്രസ്ഥാവനകള്‍ പാകിസ്ഥാനെ അന്താരാഷ്ട്രാ രാജ്യങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാക്കാനെ ഉപകരിച്ചൊള്ളൂ. ഒപ്പം സമൂഹ മാധ്യമങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത ട്രോളുകളുടെ പിറവിക്കും കാരണമായി.

ഇതിനിടെ ഖ്വാജയുടെ 2023 -ലെ വിവാദ പ്രസ്താവനയും സമൂഹ മാധ്യമ ഉപയോക്താക്കള്‍ 'കുത്തിപ്പൊക്കി'. 'സ്ത്രീകള്‍ ലിംഗസമത്വത്തില്‍ വിശ്വസിക്കുന്നു, അതിനാല്‍ പുരുഷന്മാരെപ്പോലെ അവരും വൃത്തികെട്ട പരാമര്‍ശങ്ങളെ നേരിടണം' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ഇന്ത്യാ - പാക്ക് സംഘര്‍ത്തിനിടെ സമൂഹ മാധ്യമ ഉപയോക്താക്കള്‍, പാക്ക് പ്രതിരോധ മന്ത്രിയുടെ വാവിട്ട വാക്കുകളെ ട്രോളുകളായി പരിവര്‍ത്തനം ചെയ്യുന്ന തിരക്കിലാണ്. വിടുവായത്തം മൂലം പ്രതിരോധ മന്ത്രി പദവിയില്‍ നിന്നും ഖ്വാജ ആസിഫിനെ മാറ്റണമെന്ന ആവശ്യം പാക്ക് സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്.

സുപ്രധാനമായ ഒരു മന്ത്രാലയത്തിന് രാജ്യത്തെ അന്തസ്സോടെയും ഉത്തരവാദിത്തത്തോടെയും പ്രതിനിധീകരിക്കാന്‍ കഴിയുന്ന കഴിവും പക്വതയുമുള്ള ഒരു വ്യക്തിയെ ആവശ്യമാണെന്ന് പാക്ക് സമൂഹ മാധ്യമ ഉപയോക്താക്കളും എഴുതുന്നു. ജനാധിപത്യ രാജ്യമാണെങ്കിലും പാക്ക് ഭരണകൂടത്തിന് പാക്ക് സൈന്യത്തിന്റെ മേല്‍ കാര്യമായ നിയന്ത്രണമെന്നുമില്ല. പാക്ക് സൈനിക ഉദ്യോഗസ്ഥരും ഇന്ത്യയില്‍ ആക്രമണം നടത്തുന്ന തീവ്രവാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇന്ത്യ പലതവണ വെളിച്ചത് കൊണ്ട് വന്നിട്ടുള്ളതുമാണ്.

Tags:    

Similar News