ശത്രുക്കള്‍ വിറയ്ക്കും, ആകാശം ഇനി ഇന്ത്യയുടെ കൈപ്പിടിയില്‍! 114 റഫാലുകള്‍ക്ക് പച്ചക്കൊടി; 90 എണ്ണം നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍; 3.25 ലക്ഷം കോടിയുടെ ചരിത്ര കരാര്‍; ഘടിപ്പിക്കുക തദ്ദേശീയ ആയുധങ്ങള്‍; അമേരിക്കയില്‍ നിന്ന് പി-8 ഐ വിമാനങ്ങളും; പ്രതിരോധ രംഗത്ത് ഇന്ത്യയുടെ അശ്വമേധം; ചൈനയ്ക്കും പാകിസ്ഥാനും ഇനി ഉറക്കമില്ലാത്ത രാത്രികള്‍

114 റഫാലുകള്‍ക്ക് പച്ചക്കൊടി;

Update: 2026-02-12 11:24 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനായി 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് (ഡിഎസി) ഈ സുപ്രധാന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. 3.25 ലക്ഷം കോടി രൂപയോളം വരുന്ന ഈ കരാര്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിലൊന്നായി മാറും.

പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതിയുടെ അംഗീകാരം ലഭിക്കുന്നതോടെ കരാറില്‍ ഔദ്യോഗികമായി ഒപ്പുവെക്കും. സ്‌കാല്‍പ് മിസൈലുകള്‍ ഘടിപ്പിച്ച 18 റഫാല്‍ വിമാനങ്ങളാണ് നേരിട്ട് വാങ്ങുക. ശേഷിക്കുന്ന വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് ആലോചന, ഇതില്‍ രാജ്യത്തെ സ്വകാര്യ കമ്പനികളും പങ്കാളികളാകും.

റഫാല്‍ വിമാനങ്ങള്‍ക്ക് പുറമെ, നാവികസേനയ്ക്കായി ബോയിങ്ങിന്റെ പി 8 ഐ എന്ന ദീര്‍ഘദൂര നിരീക്ഷണ വിമാനങ്ങള്‍ ആറെണ്ണം കൂടി വാങ്ങാനും പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ 28 സ്‌ക്വാഡ്രണുകളുള്ള ഇന്ത്യന്‍ വ്യോമസേനയ്ക്ക്, അംഗീകൃതമായ 42 സ്‌ക്വാഡ്രണുകള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ 14 സ്‌ക്വാഡ്രണുകളുടെ കുറവുണ്ട്. ഒരു സ്‌ക്വാഡ്രണില്‍ ഏകദേശം 18 യുദ്ധവിമാനങ്ങളാണുള്ളത്. രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ആകെ 756 യുദ്ധവിമാനങ്ങളാണ് ആവശ്യമായി വരുന്നത്. ഈ കുറവ് നികത്തുന്നതിനാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങുന്നത്.

ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിലവില്‍ 36 റഫാല്‍ വിമാനങ്ങളാണുള്ളത്. നാവികസേനയ്ക്കായി 26 റഫാല്‍ വിമാനങ്ങള്‍ക്ക് നേരത്തെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. റഫാല്‍ വിമാനങ്ങള്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' പോലുള്ള സുപ്രധാന ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സുഖോയ്-30 MKI, തേജസ്, ജാഗ്വാര്‍, മിറാഷ് തുടങ്ങിയ യുദ്ധവിമാനങ്ങളാണ് നിലവില്‍ വ്യോമസേനയുടെ ഭാഗമായുള്ള മറ്റ് പ്രധാന പോര്‍വിമാനങ്ങള്‍.

മെയ്ക്ക് ഇന്‍ ഇന്ത്യ

അന്തര്‍ സര്‍ക്കാര്‍ കരാര്‍ പ്രകാരം വാങ്ങുന്ന ഈ വിമാനങ്ങളില്‍ 90 എണ്ണവും ഇന്ത്യയില്‍ വെച്ചായിരിക്കും നിര്‍മ്മിക്കുകയെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് (ഫെബ്രുവരി 17-19) തൊട്ടുമുമ്പാണ് ഈ സുപ്രധാന തീരുമാനം.

വാങ്ങാന്‍ ഉദ്ദേശിക്കുന്ന 114 വിമാനങ്ങളില്‍ 90 എണ്ണവും ഇന്ത്യയില്‍ നിര്‍മ്മിക്കും. ഇതില്‍ 50 ശതമാനത്തോളം തദ്ദേശീയമായ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തും. നേരത്തെ ഇത് 30 ശതമാനമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് വര്‍ദ്ധിപ്പിക്കുകയായിരുന്നു. റഫാല്‍ വിമാനങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിത ആയുധങ്ങളും മറ്റ് സംവിധാനങ്ങളും സംയോജിപ്പിക്കാനുള്ള പൂര്‍ണ്ണ അധികാരം ഇന്ത്യയ്ക്കുണ്ടായിരിക്കും.

സമുദ്ര നിരീക്ഷണത്തിനും അന്തര്‍വാഹിനികളെ തുരത്തുന്നതിനും ഉപയോഗിക്കുന്ന ആറ് ബോയിംഗ് പി-8 ഐ വിമാനങ്ങള്‍ കൂടി അമേരിക്കയില്‍ നിന്ന് വാങ്ങും. ഇത് നേരിട്ടുള്ള ഇറക്കുമതിയായിരിക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുകളിലെ പുരോഗതിക്കും ഈ തീരുമാനം സഹായിച്ചതായാണ് സൂചന.

വാണിജ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (CCS) അംഗീകാരം നല്‍കുന്നതോടെ കരാറില്‍ അന്തിമ ഒപ്പുവെക്കും. നിലവില്‍ വ്യോമസേനയുടെ പക്കല്‍ 36 റഫാലുകളുണ്ട്. കൂടാതെ നാവികസേനയ്ക്കായി 26 റഫാല്‍-എം വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Tags:    

Similar News