ബ്രിട്ടനില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഏറ്റവും അധികം ഇന്ത്യാക്കാര്‍; മൂന്ന് വര്‍ഷത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യാക്കാരുടെ എണ്ണത്തില്‍ 257 ശതമാനത്തിന്റെ വര്‍ദ്ധന; നാക്കേടിന്റെ കാര്യത്തില്‍ നൈജീരിയക്കാരും ഇറാഖികളും പിന്നാലെ
ബ്രിട്ടനില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഏറ്റവും അധികം ഇന്ത്യാക്കാര്‍
ലണ്ടന്‍: യു കെ നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ വിശകലനം ചെയ്ത് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോള്‍ (സി എം സി) നടത്തിയ വിശകലനത്തില്‍ പറയുന്നത് 2021 - 24 കാലഘട്ടത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന വിദേശികളില്‍ ഇന്ത്യാക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു എന്നാണ്. 2021 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ 257 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന മൊത്തം കുറ്റവാളികളുടെ എണ്ണത്തില്‍ ഉണ്ടായത് 62 ശതമാനം വര്‍ദ്ധനവ് മാത്രമാണെന്നും വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റെ നാഷണല്‍ കമ്പ്യൂട്ടറില്‍ നിന്നും എടുത്ത യു കെ നീതിന്യായ വകുപ്പിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയായിരുന്നു വിശകലനം നടത്തിയത്. 2021 നും 2024 നും ഇടയില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന വിദേശികളുടെ എണ്ണം 687 ല്‍ നിന്നും 1,114 ആയി വര്‍ദ്ധിച്ചു.
ഇതേ കാലയളവില്‍ ഇതേ കുറ്റത്തിന് ബ്രിട്ടനില്‍ ശിക്ഷിക്കപ്പെടുന്നവരുടെ മൊത്തം എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2021 മുതല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യാക്കാരാണ് മുന്നിലെന്നാണ് സി എം സി പറയുന്നത്. 2021 ല്‍ 28 ഇന്ത്യാക്കാര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടപ്പോള്‍, 2022 ല്‍ അത് 53 ഉം 2023 ല്‍ 67 ഉം 2024 ല്‍ അത് 100 ഉം ആയി ഉയര്‍ന്നു.
ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണത്തില്‍ 166 ശതമാനം വര്‍ദ്ധനവുമായി നൈജീരിയ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍, 160 ശതമാനം വര്‍ദ്ധനവുമായി ഇറാഖികള്‍ മൂന്നാം സ്ഥാനത്തും 117 ശതമാനം വര്‍ദ്ധനവുമായി സുഡാന്‍കാര്‍ നാലാം സ്ഥാനത്തും, 115 ശതമാനം വര്‍ദ്ധനവുമായി അഫ്ഗാന്‍കാര്‍ അഞ്ചാം സ്ഥാനത്തും, 100 ശതമാനം വര്‍ദ്ധനവുമായി ബംഗ്ലാദേശികള്‍ ആറാം സ്ഥാനത്തുമാണുള്ളത്. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണത്തില്‍ 47 ശതമാനം വര്‍ദ്ധനവുമായി പാകിസ്ഥാനികള്‍ പതിനൊന്നാം സ്ഥാനത്താണുള്ളത്.
അനധികൃതമായി യുകെയിലേക്ക് എത്തുന്നവരുടെ എണ്ണവും ഉയര്‍ന്ന തോതിലാണ്. 2024ല്‍ 293 ഇന്ത്യന്‍ പൗരന്മാര്‍ ചെറിയ ബോട്ടുകള്‍ വഴി നിയമവിരുദ്ധമായി യുകെയില്‍ എത്തി. 2025ന്റെ ആദ്യ പകുതിയില്‍ 206 പേര്‍ സമാനമായ രീതിയിലടക്കം യുകെയില്‍ പ്രവേശിച്ചുവെന്ന് സര്‍ക്കാര്‍ ഡേറ്റ വ്യക്തമാക്കുന്നു. യുകെയിലേക്ക് കുടിയേറുന്നവരില്‍ കൂടുതല്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വലിയ സംഘങ്ങളായും അല്ലെതെയുമാണ് പലരും എത്തുന്നത്.
2025 ജൂണ്‍വരെ യുകെയിലെ തുറമുഖങ്ങള്‍ മുഖേനെ എത്തുന്ന ഇന്ത്യക്കാര്‍ 15 ശതമാനമാണ്. അതേസമയം, നിയമപരമായ കുടിയേറ്റത്തിലും ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ് മുന്നില്‍. യുകെ പൗരത്വം നേടിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ് മുന്നില്‍. ഏറ്റവും കൂടുതല്‍ തൊഴില്‍, ടൂറിസ്റ്റ് വിസകള്‍ നേടിയവരും പഠന വിസ നേടിയ രണ്ടാമത്തെ വലിയ വിഭാഗവും ഇന്ത്യക്കാര്‍ തന്നെയാണ്. 2025 ജൂണോടെ 98,014 പഠന വിസകള്‍ യുകെ അനുവദിച്ചു. 2025ല്‍ മാത്രം ഏകദേശം 27,997 കുടിയേറ്റക്കാര്‍ ചെറിയ ബോട്ടുകളില്‍ യുകെയില്‍ എത്തി. 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.