പട്രോളിംഗിനിടയില്‍ സംശയാസ്പദമായി കണ്ട ബോട്ടുകളില്‍ പരിശോധന; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പടിഞ്ഞാറന്‍ തീരത്ത് ഐഎന്‍എസ് തര്‍കാഷ് കുരുക്കിയത് വന്‍ ലഹരി സംഘത്തെ; ബോട്ടിന്റെ രഹസ്യ അറകളില്‍ നിന്നും നാവികസേന പിടിച്ചെടുത്തത് 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനും
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവികസേനയുടെ വന്‍ ലഹരിവേട്ട
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍കാഷ് കുരുക്കിയത് വന്‍ ലഹരി സംഘത്തെ. 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ലഹരിക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണു നാവികസേന അറിയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ നാവികസേന പുറത്തുവിട്ടിട്ടില്ല.
നേവല്‍ കമാന്‍ഡോകള്‍ തടഞ്ഞുവച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകള്‍ക്കിടെയാണ് ബോട്ടിന്റെ രഹസ്യ അറകളില്‍ സൂക്ഷിച്ച ലഹരി പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കപ്പലുകള്‍ അടക്കം യാനങ്ങള്‍ക്ക് നാവികസേന കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍കാഷ് ആണ് വന്‍ ലഹരിസംഘത്തെ കുടുക്കിയത്. ഞായറാഴ്ച പട്രോളിങ്ങിനിടെ ആയിരുന്നു ബോട്ടുകള്‍ തടഞ്ഞ് പരിശോധന നടത്തിയത്.
സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് തര്‍കാഷ് ആണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.
മാര്‍ച്ച് 31-ാം തീയതി പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ ബോട്ടുകളുടെ സാന്നിധ്യത്തെകുറിച്ചും അവ നിയമവിരുദ്ധ ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നത് സംബന്ധിച്ചുമുള്ള വിവരം നാവികസേനയുടെ പി81 എയര്‍ക്രാഫ്റ്റില്‍നിന്ന് ഐഎന്‍എസ് തര്‍കാഷിന് ലഭിക്കുന്നത്. തുടര്‍ന്ന് മേഖലയിലുണ്ടായിരുന്ന വിവിധ ബോട്ടുകളില്‍ പരിശോധന നടത്തുകയും ഒന്നില്‍നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയുമായിരുന്നു.
ബോട്ടിലുണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. ലഹരിവസ്തുക്കള്‍ എവിടെനിന്നാണ് കൊണ്ടുവന്നത്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ ചില സംഘങ്ങള്‍ ലഹരി കടത്താന്‍ ശ്രമിക്കുന്നുവെന്ന കൃത്യമായ സൂചനകളുടെ അടിസ്ഥാനങ്ങളിലാണ് ഐഎന്‍എസ് തര്‍കാഷ് കടല്‍ യാനങ്ങളില്‍ പരിശോധന നടത്തിയത്. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലൂടെ വ്യാപകമായി ലഹരി കടത്തുന്ന സംഘങ്ങളെ പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇക്കൂട്ടരെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കടല്‍മാര്‍ഗം കടത്താന്‍ ശ്രമിച്ച വന്‍തോതില്‍ ലഹരി പലവട്ടം പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആന്‍ഡമാന്‍ തീരത്ത് നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ മ്യാന്‍മാര്‍ ബോട്ടില്‍ നിന്ന് 5500 കിലോ മെത്താംഫെറ്റാമൈന്‍ പിടിച്ചെടുത്തിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു അത്. ആറ് മ്യാന്‍മാര്‍ പൗരന്മാരും അന്ന് പിടിയിലായി. 35 കോടി രൂപയിലധികം വില വരുന്ന ലഹരി വസ്തുക്കളാണ് മ്യാന്‍മാര്‍ സംഘത്തില്‍ നിന്ന് പിടികൂടിയത്. ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്റ്റാര്‍ ലിങ്കിന്റെ സാറ്റലൈറ്റ് ഫോണും ഇവരുടെ പക്കലുണ്ടായിരുന്നു.