അഗ്‌നി-5നെ തേച്ചുമിനുക്കാന്‍ ഇന്ത്യ; ലക്ഷ്യം അമേരിക്കയോട് കിടപിടിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ്; പാതാളത്തിലും തുരന്നു കയറി ശത്രുവിനെ വകവരുത്തുന്ന ഇന്ത്യയുടെ ബങ്കര്‍ ബസ്റ്റര്‍ സിസ്റ്റം കൈയെത്തും ദൂരത്ത്; ഭൂഖണ്ഡാന്തര മിസൈലായ അഗ്നിയുടെ വകഭേദങ്ങള്‍ ഒരുങ്ങുന്നത് എട്ടു ടണ്‍ ഭാരവുമായി; ഇന്ത്യയുടെ ആയുധ ശേഖരത്തിലെ വജ്രായുധമായി മാറുമെന്ന് വിലയിരുത്തല്‍

അഗ്‌നി-5നെ തേച്ചുമിനുക്കാന്‍ ഒരുങ്ങി ഇന്ത്യ

Update: 2025-07-01 11:12 GMT

ന്യൂഡല്‍ഹി: സമീപകാല സംഘര്‍ഷങ്ങള്‍ ഇന്ത്യയെ പഠിപ്പിച്ച കാര്യം സ്വന്തമായി വികസിപ്പിച്ച ആയുധങ്ങള്‍ രാജ്യത്തെ പ്രതിരോധിക്കാന്‍ കെല്‍പ്പു കൂടിയവയാണ് എന്നാണ്. പാക്കിസ്ഥാനുമായുള്ള യുദ്ധസമാന സംഘര്‍ഷത്തില്‍ രാജ്യത്തെ കാത്തത് മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 ആയിരുന്നു. ഇതിനൊപ്പം തദ്ദേശീയമായി വികസിപ്പിച്ച ആകാശ് സംവിധാനവും സൈന്യത്തിന് കരുത്തായി മാറി. ഇതോടെ മാറിയ ലോകക്രമത്തില്‍ ലോകത്തെ ഞെട്ടിക്കാന്‍ ഇന്ത്യ മറ്റൊരു വജ്രായുധം കൂടി അണിയറയില്‍ ഒരുക്കുകയാണ്. അമേരിക്കയുടെ കൈവശമുള്ള കരുത്തനായ ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുടെ മാതൃകയില്‍ മറ്റൊരു വജ്രായുധമാണ് ഇന്ത്യ നിര്‍മ്മിക്കുന്നത്.

ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഇറാന്റെ ഫൊര്‍ദോ ആണവകേന്ദ്രം അമേരിക്ക ആക്രമിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയും ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍ സിസ്റ്റം നിര്‍മിക്കാനൊരുങ്ങുന്നത്. അടുത്തകാലത്തു നടന്ന യുദ്ധസാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യക്കിത് അനിവാര്യമാണ്. ശത്രുരാജ്യത്തിന്റ ലക്ഷ്യകേന്ദ്രത്തെ ഭൂമിക്കടിയിലേക്ക് തുരന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് ബങ്കര്‍ ബസ്റ്റര്‍ സിസ്റ്റം.

അഗ്‌നി 5 ഭൂഖണ്ഡാന്തര മിസൈലിന്റെ അടിസ്ഥാന നിര്‍മിതിയില്‍ നിന്നും വികസിപ്പിച്ചാണ് ഡിആര്‍ഡിഒ ( ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ബങ്കര്‍ ബസ്റ്റര്‍ രൂപപ്പെടുത്തുന്നത്. 5000കിമീ ആയുധവാഹനശേഷിയുള്ള അഗ്‌നി ഫൈവിനെ 7500കിമീ വാഹകശേഷിയുള്ളവയാക്കുകയാണ് ലക്ഷ്യം. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയിലുള്ള ശക്തമായ പ്രതിരോധത്തെ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മിസൈല്‍, സ്‌ഫോടനം സംഭവിക്കുന്നതിന് മുന്‍പ് ഏകദേശം 80 മുതല്‍ 100 മീറ്റര്‍ വരെ ഭൂഗര്‍ഭത്തിലേക്ക് കടന്നുകയറിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Full View

ബങ്കര്‍ ബസ്റ്റര്‍ വികസിപ്പിക്കുന്നതോടെ യുഎസിന്റെ ആയുധശേഷികള്‍പ്പമെത്താന്‍ ഇന്ത്യയ്ക്കു സാധിക്കും. ഇറാനെതിരെ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ പരമ്പരാഗത ബങ്കര്‍-ബസ്റ്റര്‍ ബോംബായ 14 ജി.ബി.യു-57 ബോംബുകള്‍ ആണ് ഉപയോഗിച്ചിരുന്നത്. ജി.ബി.യു-57യും അതിന്റെ മുന്‍ഗാമിയായ ജി.ബി.യു-43വും മദര്‍ ഓഫ് ഓള്‍ ബോംബ്‌സ് എന്നാണ് അറിയപ്പെടുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ബോംബര്‍ വിമാനങ്ങളുപയോഗിച്ചാണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിക്കുന്നത്, എന്നാല്‍ മിസൈല്‍ വഴി എത്തിക്കാവുന്ന രീതിയിലാണ് ഇന്ത്യ ഇതിനെ രൂപകല്‍പന ചെയ്യുന്നത്. ഇതിലൂടെ ചെലവുകുറഞ്ഞ ഒരു പ്ലാറ്റ്‌ഫോം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

അഗ്നി-5ന്റെ രണ്ട് പുതിയ വകഭേദങ്ങള്‍ വികസനപാതയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ഒന്ന് വ്യോമമേഖലയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ എയര്‍ബര്‍സ്റ്റ് രീതിയിലുള്ളതാവും. മറ്റൊന്ന്, ഭൂഗര്‍ഭ പ്രതിരോധങ്ങളിലേക്ക് കടന്ന് പ്രവേശിക്കാന്‍ കഴിയുന്ന, തുരന്നുകയറുന്ന മിസൈല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു വകഭേദങ്ങള്‍ക്കും എട്ടു ടണ്ണായിരിക്കും ഭാരം. ബങ്കര്‍ ബസ്റ്റര്‍ സ്വദേശീയമായി വികസിപ്പിക്കുകയും വിന്യസിപ്പിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ പ്രതിരോധ സാങ്കേതികവിദ്യയും സൈനികശേഷിയും മറ്റൊരു തലത്തിലേക്കെത്തുമെന്നാണ് വിദഗ്ധവിലയിരുത്തല്‍.


 



ആണവ പേര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള നിലവിലെ അഗ്‌നി -5 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ദൂരപരിധി 5000 കിലോമീറ്ററോളാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി 7500 കിലോഗ്രാം ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ പോര്‍മുന വഹിക്കാന്‍ കഴിവുള്ള ഒരു പരമ്പരാഗത മിസൈലാണ് ഡിആര്‍ഡിഒ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാക് 8 നും മാക് 20 നും ഇടയില്‍ വേഗത കൈവരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഹൈപ്പര്‍സോണിക് ആയുധങ്ങളുടെ ഗണത്തിലാവും ഇവയെ പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. എട്ട് ടണ്‍ വരെ ഭാരമാകും ഓരോ പോര്‍മുനയ്ക്കും ഉണ്ടാവുക. ഇതോടെ ലോകത്ത് ഏറ്റവും ശക്തിയേറിയ പരമ്പരാഗത പോര്‍മുനകളില്‍ ഒന്നായി ഇത് മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് ഇന്ത്യയുടെ ആയുധശേഖരത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ആയുധമായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.




 


പാകിസ്താന്‍, ചൈന തുടങ്ങിയ ശത്രു രാജ്യങ്ങളിലെ കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ സെന്ററുകള്‍, മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഭൂഗര്‍ഭ കേന്ദ്രങ്ങള്‍, നിര്‍ണായക സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിടാന്‍ ശേഷിയുള്ളതായിരിക്കും ഡിആര്‍ഡിഒ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആയുധങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും ശക്തിയേറിയ പരമ്പരാഗത ബങ്കര്‍-ബസ്റ്റര്‍ ബോംബുകളായ മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റുകളാണ് അമേരിക്ക ഇറാനില്‍ പ്രയോഗിച്ചത്.

Tags:    

Similar News